വത്തിക്കാന്‍ സിറ്റി: മരണസംസ്‌കാരത്തിന്റെയും നൈരാശ്യത്തിന്റെയും പിടിയില്‍ അമര്‍ന്നുപോകാതെ യുവതീയുവാക്കന്മാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള യുവജനദിന സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
സഭയുടെ പ്രയാണത്തില്‍ ലോകത്ത് പ്രകാശം പരത്താനും ഉണര്‍ന്നു പ്രകാശിക്കാനും കരുത്തുള്ളവരാണ് യുവജനങ്ങള്‍. സഭാജീവിതത്തില്‍ യുവജനങ്ങളുടെ സാന്നിധ്യം പ്രധാനപ്പെട്ടതാണ്. ആഗോളയുവജന സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന യുവജനങ്ങള്‍ കാണിക്കുന്നത് ഇന്നും ക്രിസ്തുവില്‍ സഭയോടു ചേര്‍ന്നു യുവജനങ്ങള്‍ നടക്കുന്നു എന്നതിന്റെ പ്രതീകമാണ്. ശാരീരികവും ആത്മീയവും വൈകാരികവും സാമൂഹികവുമായ മരണം ഇന്നു സമൂഹത്തില്‍ ചുറ്റും നടക്കുന്നുണ്ട്.
എന്നാല്‍ അവ കാണുവാനുംതിരിച്ചറിയുവാനും അവിടങ്ങളില്‍ ജീവന്‍ പുനരാവിഷ്‌ക്കരിക്കാനും ജീവന്റെ വെളിച്ചം പകരുവാനും യേശുവിനെ പോലെ ക്രൈസ്തവരായ നമുക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന് യുവജനങ്ങള്‍ ചിന്തിക്കണം. വിഷാദം യുവജനങ്ങളില്‍ വര്‍ദ്ധിച്ചുവരികയാണെന്നും പാപ്പ നിരീക്ഷിച്ചു.