ജോലി ചെയ്യും മുമ്പ് ഇങ്ങനെ പ്രാര്‍ത്ഥിക്കൂ എല്ലാം ശരിയാകും

ജോലി ചെയ്യാതെ ആര്‍ക്കും ജീവിക്കാനാവില്ല സമൂഹത്തിന്റെയും കുടുംബത്തിന്റെയും എല്ലാം അവശ്യഘടകം തന്നെയാണ് ജോലി. എത്രയോ വ്യത്യസ്തമായ ജോലികളിലാണ് ഓരോരുത്തരും ഇടപെട്ടിരിക്കുന്നത്. ഓഫീസ് ജോലി മുതല്‍ നിരത്തുവക്കിലെ കച്ചവടം വരെ. ശീതീകരിച്ച മുറിയിലെ ജോലി മുതല്‍ പൊരിവെയിലിലെ ജോലി വരെ.

ജോലി എന്തുമായിക്കൊള്ളട്ടെ ഓരോ ജോലിക്കും അതിന്റേതായ സംഘര്‍ഷങ്ങളുണ്ട്. ജോലിയില്‍ സന്തോഷമില്ലാതെ സംഘര്‍ഷം മാത്രമായി മുന്നോട്ടുപോകുക സാധ്യമല്ല. പലപ്പോഴും ജോലി ചെയ്യും മുമ്പ് പ്രാര്‍ത്ഥിക്കാത്തതും എല്ലാം ദൈവത്തിന്റെ കയ്യിലേക്ക് വച്ചുകൊടുക്കാത്തതുമാണ് ജോലിയിലെ മടുപ്പിന് കാരണമാകുന്നത്. ശാരീരികമായ രോഗാവസ്ഥയോ ചില പ്രത്യേക നേരങ്ങളിലെ മാനസികബുദ്ധിമുട്ടോ ഒഴിച്ചുനിര്‍ത്തിയാണ് ഇത് പറയുന്നത്. അതുകൊണ്ട് ജോലി ചെയ്യും മുമ്പ് പ്രാര്‍ത്ഥിക്കുക. ജോലിക്കിടയിലും പ്രാര്‍ത്ഥിക്കുക.

നോക്കൂ, ഇത് വായിക്കുമ്പോള്‍ പോലും നിങ്ങളുടെ ഉള്ളില്‍ ഒരു പ്രാര്‍ത്ഥനയുണ്ടെങ്കില്‍ അത് വളരെ നല്ലതാണ്. കാരണം ഇതെഴുതുമ്പോള്‍ ഞാനും ഉള്ളില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അത് ചിലപ്പോള്‍ ഒരു നന്മ നിറഞ്ഞ മറിയമേ ആകാം. എത്രയും ദയയുള്ള മാതാവേ ആകാം. വിശ്വാസപ്രമാണം ആകാം. എന്റെ ഈശോയേ എന്ന നെടുവീര്‍പ്പാകാം. എന്തും പ്രാര്‍ത്ഥനയാണ്. അത്തരം പ്രാര്‍ത്ഥനകള്‍ ജോലിക്കിടയില്‍ മുഴങ്ങിക്കൊണ്ടിരിക്കട്ടെ.

അതോടൊപ്പം ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്ഓരോ ദിവസവും നമുക്ക് ഇങ്ങനെയും പ്രാര്‍ത്ഥിക്കാം:

നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷിക്കുവാന്‍ ഞങ്ങളോട് ആവശ്യപ്പെട്ട പ്രിയപ്പെട്ട ഈശോയേ ഇന്ന് ഞാന്‍ ചെയ്യുന്ന ജോലി സന്തോഷത്തോടും ആത്മാര്‍ത്ഥതയോടും കൂടി നിര്‍വഹിക്കുവാന്‍ എന്നെ അനുഗ്രഹിക്കണേ. ഈശോയേയും മാതാവിനെയും മരപ്പണി ചെയ്തു സംരക്ഷിച്ച വിശുദ്ധ യൗസേപ്പിതാവേ എന്റെ ജോലി ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുവാന്‍ എന്നെ സഹായിക്കണേ.

എന്റെ ജോലി എന്റെ കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗവും ജീവിതമാര്‍ഗ്ഗവുമാണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. അതുകൊണ്ട് ഈ ജോലി സ്ഥിരമായി മുന്നോട്ടുകൊണ്ടുപോകാനും തുടക്കം മുതല്‍ക്കുള്ള എന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ഒട്ടും കുറയാതിരിക്കാനും എന്റെ രക്ഷയ്ക്കുണ്ടായിരിക്കണമേ. കിട്ടുന്ന ശമ്പളത്തോടും ചെയ്യുന്ന സ്ഥാപനത്തോടും ആത്മാര്‍ത്ഥത പുലര്‍ത്താന്‍ എന്നെ സഹായിക്കണമേ. എനിക്ക് ജോലിതന്നവരെ അനുഗ്രഹിക്കണമേ. ഈ സ്ഥാപനത്തിന് എല്ലാവിധ ഉയര്‍ച്ചയും ഉണ്ടാകണമേ.

സമയം കൃത്യനിഷ്ഠയോടെ ചെലവഴിക്കാന്‍ എനിക്ക് കഴിയട്ടെ. എന്റെ ജോലിയില്‍ സഹായകനായി പരിശുത്മാവിനെ അയച്ചുതരുവാന്‍ പരിശുദ്ധഅമ്മേ അമ്മയോട് ഞാന്‍ യാചിക്കുന്നു. ഔദ്യോഗിക ജോലിയും കുടുംബവും വ്യക്തിജീവിതവും എല്ലാം ബാലന്‍സ് ചെയ്തുകൊണ്ടുപോകാന്‍ എനിക്ക് കഴിയട്ടെ. ജോലിയിലുണ്ടാകുന്ന മടുപ്പും വിരസതയും എടുത്തുനീക്കണേ.

എന്റെ കാവല്‍ മാലാഖമാരേ സകലവിശുദ്ധരേ എന്റെ പേരിന് കാരണഭൂതരായ വിശുദ്ധരേ എന്റെ ജോലിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ഞാന്‍ ചെയ്യുന്ന ജോലി ദൈവമഹത്വത്തിനും മറ്റുള്ളവരുടെ ആത്മീയനവീകരണത്തിനും ജീവിതാഭിവൃദ്ധിക്കും നന്മയ്ക്കും സന്തോഷത്തിനും പ്രയോജനപ്പെടട്ടെ.

ഇത്രയും നല്ല ജോലി എനിക്ക് നല്കിയതിന് യേശുവേ നന്ദി യേശുവേ സ്‌ത്രോതം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.