നാവിന് മൂർച്ച കൂടുമ്പോൾ…



നീതിമാൻമാരുടെ നാവ് വിശിഷ്ടമായ വെള്ളിയാണ്” (സുഭാഷിതങ്ങൾ 10: 20)

‘നാക്കിനു എല്ലില്ലന്നുവച്ചു ആരോടും എന്തും പറയാമെന്നു കരുതരുത്’, പ്രകോപനപരമായ സംസാരങ്ങൾക്കു തടയിടാൻ പലരും ഉപയോഗിക്കുന്ന ഒരു വാചകമാണിത്. ശരീരത്തിൽ ‘എല്ലില്ലാത്ത’ അവയവമായ നാവിന്റെ  നിരുത്തരവാദപരമായ ഉപയോഗമാണ് കുടുംബങ്ങളിലും ബന്ധങ്ങളിലും സമൂഹത്തിലുമൊക്കെ അസ്വസ്ഥതയുടെ പ്രധാന കാരണമായി മാറുന്നതെന്ന് ബഹുഭൂരിപക്ഷം പേരും ചിന്തിക്കുന്നു. കരുതലോടെ ഉപയോഗിച്ചാൽ എല്ലാ നന്മകളുടെയും ഉറവിടവും വിവേകശൂന്യമായി ഉപയോഗിച്ചാൽ സർവ്വനാശത്തിന്റെ തുടക്കക്കൊള്ളിയുമാണ് നാവ്. 

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയനേതാക്കളുടെ നാവിൽനിന്നു വീഴുന്ന അബദ്ധങ്ങളും വിവേകമില്ലാത്ത സംസാരങ്ങളും തന്നെയാണ് പൊതുജനത്തിന്റെ പരിഹാസത്തിനും സംസാരത്തിനും വിഷയമാകുന്നത്. ആവശ്യമായ ആലോചനയില്ലാതെ നാവുവളച്ച പലരും ഈ നാളുകളിൽ ചരിത്രത്തിനും വസ്തുതകൾക്കും എതിരായി സംസാരിച്ചു സ്വയം ഇളിഭ്യരായി. ക്ഷിപ്രകോപികളായ പല ഉന്നതരുടെയും അധികാരികളുടെയും നാവിന്റെ മൂർച്ച എത്ര ഹൃദയങ്ങളിലാണ് ചോരയും മുറിവും സമ്മാനിച്ചതെന്നു അവരറിയുന്നില്ല. ഇത്തരത്തിൽ സംസാരിക്കുന്നവർ, തങ്ങളുടെ ഉള്ളിൽ നിന്ന് അവരുടെ വെറുപ്പും അമർഷവും അരിശവും ഈ വാക്കുകളിലൂടെ പുറത്തേക്കു വിടുന്നെങ്കിലും അത് കേൾക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടിവരുന്നവരുടെ മനസ്സിൽ ഈ വാക്കുകളുണ്ടാക്കുന്ന മുറിവുകളെക്കുറിച്ചോ വേദനയെക്കുറിച്ചോ ചിന്തിക്കാറില്ല. ഈ നാളുകളിൽ കേട്ട കൗതുകകരമായ ഒരു നിരീക്ഷണമിതാണ്: വാളിനും വാക്കിനും ഇംഗ്ലീഷിൽ ഒരേ അക്ഷരങ്ങൾ തന്നെയാണത്രേ, ക്രമം മാറ്റി ഉപയോഗിക്കുന്നുവെന്നു മാത്രം (WORDS &  SWORD). ഏറ്റവും പ്രധാനപ്പെട്ട കാര്യം, വാളുകൾ കൊണ്ട് ഉണ്ടാവുന്നതിനെക്കാൾ മാരകമായതും ഉണങ്ങാൻ താമസിക്കുന്നതും വാക്കുകൾ കൊണ്ട് ഉണ്ടാക്കുന്ന മുറിവുകളാണ്. 

വേണ്ടത്ര ആലോചനയില്ലാതെ, മുന്നൊരുക്കമില്ലാതെ നടത്തുന്ന സംസാരങ്ങളാണ് പലപ്പോഴും പാളിപ്പോകുന്നത്. തലച്ചോറും നാവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ നാവു സ്വയം അപകടം വിളിച്ചുവരുത്തും. പലരും മറ്റുള്ളവർ പറയുന്നത് ശ്രവിക്കുന്നത്,  അവർ  പറയുന്നത് എന്താണന്നു മനസ്സിലാക്കാനുള്ള ആഗ്രഹത്തോടെയല്ലാ, ഇത് കഴിയുമ്പോൾ അവരോടു എന്ത് മറുപടി പറയണം എന്നു ചിന്തിച്ചുകൊണ്ടാണ്. പക്വമായി ചിന്തിച്ചാൽ പലതിനും മറുപടി പറയേണ്ട ആവശ്യം പോലുമില്ല. ‘ഇങ്ങോട്ടു പറഞ്ഞതിന് എന്തെങ്കിലും അങ്ങോട്ടു പറഞ്ഞില്ലെങ്കിൽ കുറച്ചിലല്ലേ’എന്ന ചിന്തയിൽ പറയുന്ന മറുപടികൾ പലപ്പോഴും നിലവിട്ടു  പോകുകയും രംഗം വഷളാക്കുകയുമാണ് ചെയ്യാറ്. വാക്കുകളുടെ ഉപയോഗത്തിൽ പുലർത്തേണ്ട വീണ്ടുവിചാരത്തെക്കുറിച്ചു പഴമക്കാർ ഇങ്ങനെ പറയാറുണ്ട്: സംസാരിക്കുമ്പോൾ, ‘നേരം നോക്കണം, നില നോക്കണം, എന്നെ നോക്കണം, നിന്നെ നോക്കണം.’ ഏതെങ്കിലുമൊരു പ്രകോപനപരമായ സാഹചര്യത്തിലകപ്പെട്ടു മുന്നും പിന്നും നോക്കാതെ കത്തിക്കയറുന്നവർ, പരസ്യവാചകം പോലെ ‘വലിയ വില കൊടുക്കേണ്ടി വരും, വലിയ വില.’ 

രണ്ടു കാര്യങ്ങൾക്കായാണ് ദൈവം നമുക്ക് നാവും സംസാരശേഷിയും തന്നിരിക്കുന്നതെന്നു പറയാറുണ്ട്: ദൈവത്തെ സ്തുതിക്കാനും മറ്റുള്ളവരെപ്പറ്റി നല്ലതു പറയാനും. ഒരു വശത്തു തേൻകണത്തിന്റെ മാധുര്യം പൊഴിക്കാനും മറുവശത്തു സർപ്പത്തിന്റെ വിഷം ചീറ്റാനും നാവിനാവും. മുറിപ്പെടുത്തുന്നതും സൗഖ്യപ്പെടുത്തുന്നതും നാവുതന്നെ. ഏതിന്  ഉപയോഗിക്കണമെന്ന് ഓരോരുത്തരും തീരുമാനിക്കണം. “സംസാരത്തിൽ തെറ്റ് വരുത്താത്ത ഏവനും പൂർണ്ണനാണ്” (യാക്കോബ് 3: 2) എന്ന് ബൈബിൾ സാക്ഷിക്കുന്നു. 

മറ്റുള്ളവരെക്കുറിച്ചു മോശമായതൊന്നും പറയാതിരിക്കുക മാത്രമല്ല, അവരിലെ നന്മ കണ്ടെത്തി അത് പറയുക എന്നതും നാവിന്റെ നല്ല ഉപയോഗത്തിൽ വരേണ്ട കാര്യമാണ്. മറ്റുള്ളവരെക്കുറിച്ചു, അവരിൽ കാണുന്ന നല്ല കാര്യങ്ങളെക്കുറിച്ചു പ്രശംസിച്ചുപറയാൻ മടിയുള്ളവരാണ് പൊതുവെ മലയാളികൾ എന്ന് പറയാറുണ്ട്. ഒരാളുടെ നിരവധി കുറവുകൾക്കിടയിലും അയാളിലെ ചെറുനന്മകളെങ്കിലും കണ്ടെത്താൻ പറ്റുന്നതും അതിനെ പ്രശംസിച്ചു പറയാൻ സാധിക്കുന്നതും ദൈവികമായ ഒരു നന്മയാണ്. ഭാവിയിൽ തന്നെ ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും എന്തോ ചില പ്രത്യേകതകളും നന്മകളും യൂദാസിൽ കാണാൻ ഈശോയ്ക്ക് സാധിച്ചതാണ് അവനും പന്ത്രണ്ടു പേരുടെ കൂടെ ഉൾപ്പെടാൻ കാരണമായത്. എന്തെങ്കിലും നന്മ എല്ലാവർക്കുമുണ്ട്. അത് കാണാനും പ്രകീർത്തിക്കാനും നമുക്ക് നന്മയുള്ള ഹൃദയവും അംഗീകരിക്കാനുള്ള മനസ്സും വേണം. 

ദൈവത്തെ സ്വീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന നമ്മുടെ നാവ് ആരുടേയും ഹൃദയവേദനയ്ക്കും അപമാനത്തിനും കാരണമാകാതിരിക്കട്ടെ. വിദ്വേഷത്തിന്റെയും സ്പർദ്ധയുടെയും വിത്തുകൾക്കും ഭാവനാശൂന്യമായ സംസാരങ്ങൾ വരുത്തുന്ന അവമതിക്കും നമ്മുടെ നാവുകൾ കാരണമാകാതിരിക്കട്ടെ. നമ്മുടെ കുടുംബങ്ങളും ബന്ധങ്ങളും ചുറ്റുവട്ടങ്ങളും നല്ല നാവുകളാൽ നന്മയുടെ പരിസരം സൃഷ്ടിക്കട്ടെ. നല്ല വാക്കുകൾ ഉത്ഭവിക്കാൻ നമ്മുടെ ഹൃദയങ്ങൾ നന്മനിറഞ്ഞതായിരിക്കട്ടെ. കാരണം, “ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്” (മത്തായി 12: 34).

നന്മ നിറഞ്ഞ ഹൃദയവും അനുഗ്രഹത്തിന്റെ ആഴ്ചയും ആശംസിക്കുന്നു. 

സ്നേഹപൂർവ്വം, 
ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.