വല്ലാതെ ഉത്കണ്ഠപ്പെടുന്നവരാണ് നമ്മില്‍ പലരും. ഈ ഉത്കണ്ഠകള്‍ പലതും അകാരണമായിരിക്കും. ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യങ്ങളോര്ത്തായിരിക്കും നാം ഉത്കണ്ഠപ്പെടുന്നത്. നന്നായി പഠിച്ചാലും പരീക്ഷയില്‍ തോറ്റു പോകുമെന്ന ഉത്കണ്ഠ.. ഇന്റര്‍വ്യൂവിന് നന്നായി അപ്പിയര്‍ ചെയ്താലും ജോലികിട്ടില്ലെന്ന ഭയം.. ആരൊക്കെയോ ആക്രമിക്കാന്‍ വരുമെന്നും ശത്രുക്കള്‍ പരാജയപ്പെടുത്തുമെന്നുമുള്ള ഭയം..ഇങ്ങനെ ഒരുപാട് ഭയങ്ങളുടെയും ഉത്കണ്ഠകളുടെയും മധ്യേ ജീവിക്കുന്നവരാണ് നമ്മള്. എന്നാല്‍ ഈ ഭയപ്പെടലുകള്ക്കും ഉത്കണ്ഠകള്‍ക്കും ഒന്നേയുള്ളൂ കാരണം. ദൈവത്തിലുളള ആശ്രയത്വമില്ലായ്മ..
ദൈവത്തില്‍ ആശ്രയിക്കുന്നതോടെ നമ്മുടെ എല്ലാ ഭയപ്പാടുകളും ആകുലതകളും ഉത്കണ്ഠകളും അവസാനിക്കും, ഇല്ലാതെയാകും. അതിന് ഏറ്റവും ശക്തമായ മാര്‍ഗ്ഗമാണ് വചനം പറഞ്ഞു പ്രാര്‍ത്ഥിക്കുന്നത്. ഇതാ ഈ വചനം നമ്മുടെ എല്ലാ ഭയങ്ങളെയും ഉത്കണ്ഠകളെയും ദൂരെയകറ്റും.
വ്യക്തിപരമായി ഏറ്റെടുത്ത് എല്ലാ ദിവസവും നമുക്ക് ഈ വചനം ഏറ്റുപറഞ്ഞുപ്രാര്ത്ഥിക്കാം:
നീ ഭയപ്പെടുന്നവരുടെ കയ്യില്‍ നിന്നെ ഞാന്‍ ഏല്പിച്ചുകൊടുക്കുകയില്ല. ഞാന്‍ നിന്നെ നിശ്ചയമായും രക്ഷിക്കും. നീ വാളിനിരയാവുകയില്ല.യുദ്ധസമ്മാനമായി നിന്റെ ജീവന് സംരക്ഷിക്കപ്പെടും. എന്തെന്നാല്‍ നീ എന്നില്‍ ആശ്രയിച്ചു. കര്‍ത്താവ് അരുളിച്ചെയ്യുന്നു.( ജെറമിയ 39:17-18)