വചനം പറയുമ്പോള്‍ ദൈവം ആവശ്യമുള്ളത് തന്നുകൊള്ളും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവത്തിന്റെ സ്വരം കേള്‍ക്കുന്നിടത്ത് അനുഗ്രഹമുണ്ട്. അതുകൊണ്ട് വചനം കേള്‍ക്കുക ,വിശ്വസിക്കുക, ഏറ്റെടുക്കുക,ഉള്ളില്‍ സ്വീകരിക്കുക, അപ്പോള്‍ തന്നെ വിടുതല്‍ ലഭിക്കും.

ചിലപ്പോള്‍ നമുക്ക് തോന്നിയേക്കാം നാം ഇപ്പോള്‍ കേള്‍ക്കുന്ന വചനം നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണല്ലോ എന്ന്. പിന്നെയെങ്ങനെ അതെന്റെ ജീവിതത്തില്‍ അനുഗ്രഹപ്രദമായിത്തീരും? എന്റെ കടബാധ്യതയുമായി, എന്റെ രോഗപീഡയുമായി, പിശാചുമായിട്ടുള്ള എന്റെ അടിമത്തവുമായി ഇവയ്ക്ക യാതൊരു ബന്ധവും കാണുന്നില്ലല്ലോ എന്ന്.

പക്ഷേ അത് അങ്ങനെയല്ല.. കര്‍ത്താവ് വെളിപെടുത്തിതരുന്ന കാര്യങ്ങള്‍ സ്വീകരിക്കുക.

എല്‍സാല്‍വദോറിലെ ജയിലില്‍ കഴിഞ്ഞ ഒരു മനുഷ്യനെ സ്പര്‍ശിച്ചത് 2 കോറി 12:52 വചനമാണ്. അവസാനകാഹളം മുഴങ്ങുമ്പോള്‍ കണ്ണടയ്ക്ക്ുന്ന നേരം നാം രൂപാന്തരപ്പെടും. ആ വചനം അയാള്‍ കടന്നുപോകുന്ന പ്രശ്‌നവുമായി യാതൊരുവിധത്തിലുള്ള ബന്ധവും ഉള്ളതായിരുന്നില്ല.

കാരണം മകനെ കാണാന്‍ പറ്റാതെ വിഷമിച്ചിരിക്കുന്ന മനുഷ്യനായിരുന്നു അയാള്‍. ആ വചനം കേട്ട മാനുവല്‍ റിവേറോ എന്ന മനുഷ്യനാണ് എല്‍സാല്‍വദോര്‍ ജയിലില്‍ ആദ്യമായി യേശുക്രിസ്തുവിനെ കൊണ്ടുവന്നത്. വചനം കേള്‍ക്കുക, അവിടെ അത്ഭുതം സംഭവിക്കും.

എന്റെ ജീവിതത്തിലെ ഒരു അനുഭവം പങ്കുവയ്ക്കാം. ജയ്പ്പൂരില്‍ ഒരു ധ്യാനത്തിന് പോയ അവസരം വൈദികനായി ധ്യാനശുശ്രൂഷ ആരംഭിച്ച കാലം. എന്റെ സുഹൃത്തായ ഒരു ധ്യാനഗുരുവിന് പകരക്കാരനായിട്ടാണ് ഞാന്‍ അന്ന് അവിടെ പോയത്. അന്നെനിക്ക് ധ്യാനം നടത്തേണ്ടവിധം അറിയില്ല. അന്ന് വരെ ഞാന്‍ ആരെയും ധ്യാനിപ്പിച്ചിട്ടുമില്ല. ആകെ അറിയാവുന്നത് കുറെ ബൈബിള്‍ വചനങ്ങള്‍ മാത്രം. അത് വച്ചുകൊണ്ടാണ് അന്ന് ധ്യാനം നടത്തിയത്. അഞ്ചു ദിവസത്തെ ധ്യാനം കഴിഞ്ഞ് തിരികെ പോന്നു.

ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം എനിക്ക് അവിടെ നിന്ന് ഒരാള്‍ ഒരു കത്ത് അയച്ചു. വളരെ വിശദമായ കത്ത്. ആ കത്തില്‍ എഴുതിയതിന്റെ ആശയം ഇപ്രകാരമായിരുന്നു. അച്ചന്റെ ധ്യാനം കൂടിയതിന് ശേഷം ഞാന്‍ ആദ്യം ചെയ്തത് എന്റെ കമ്പ്യൂട്ടറിലുണ്ടായിരുന്ന അശ്ലീലചിത്രങ്ങള്‍ മുഴുവന്‍ ഡിലേറ്റ് ചെയ്യുകയാണ് ചെയ്തത്. ഇനിയെന്റെ കണ്ണിനെ തിന്മയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു. ഈ കത്ത് വായിച്ച ഞാന്‍ അത്ഭുതപ്പെട്ടുപോയി. കാരണം ഞാന്‍ അശ്ലീലത്തിനെതിരായ ഒരു കാര്യവും അന്ന്പറഞ്ഞിരുന്നില്ല. കുമ്പസാരത്തിന് പോലും ഞാന്‍ അവരെ ഒരുക്കിയിട്ടില്ലായിരുന്നു.

പക്ഷേ അന്നെനിക്ക് ഒരു കാര്യം മനസ്സിലായി, വചനം പ്രസംഗിച്ചാല്‍ മതി ദൈവം എല്ലാ കാര്യവും നോക്കിനടത്തിക്കോളും. ദൈവമാണ് സൗഖ്യപ്പെടുത്തുന്നത്. ധ്യാനത്തിനിടയ്ക്ക് ചപ്പും ചവറും പറയണ്ട വചനം മാത്രം പറഞ്ഞാല്‍ മതിയെന്ന് എനിക്ക് അന്നാണ് ആദ്യമായി മനസ്സിലായത്. എന്റെ ധ്യാനശുശ്രൂഷയ്ക്ക് കിട്ടിയ ആദ്യത്തെ സാക്ഷ്യമായിരുന്നു അത്.

അതുകൊണ്ട് വസ്തുവില്പനയുടെയോ കടബാധ്യതയുടെയോ വിവാഹതടസ്സത്തിന്റെയോ ക്ഷുദ്രപ്രയോഗങ്ങളുടെയോ ഒന്നും കാര്യം പറയണ്ട വചനം പറഞ്ഞാല്‍ മതി വചനം കേട്ടാല്‍ മതി ദൈവം നിങ്ങളുടെ കാര്യത്തില്‍ ഇടപെട്ടുകൊള്ളും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.