മേല്‍ക്കൂരയില്ലാത്ത ദേവാലയത്തില്‍ ആനന്ദത്തോടെ ദിവ്യബലിയര്‍പ്പിക്കുന്ന വിശ്വാസികള്‍, ആഫ്രിക്കയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു

ദേവാലയം എന്ന് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രം മനോഹരമായ ഒരു കെട്ടിടം തന്നെയാണ്. ആഡംബരത്തിന്റെ പര്യായമെന്ന് ചില ദേവാലയങ്ങളെക്കുറിച്ച് വിമര്‍ശനങ്ങളുമുണ്ട്. എന്നാല്‍ കേരളത്തിലെയോ യൂറോപ്യന്‍ രാജ്യങ്ങളിലെയോ ദേവാലയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റിവച്ചുകൊണ്ടുവേണം ആഫ്രിക്കയിലെ ദേവാലയങ്ങളെ കാണേണ്ടത്.

ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ നമുക്ക് കാണിച്ചുതരുന്നത് ആഫ്രിക്കയിലെ ഒരു ദേവാലയത്തിന്റെ അവസ്ഥയും അവിടെ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ ആത്മാര്‍ത്ഥതയുമാണ്. ആഫ്രിക്കയിലെ ലിലോങ്വേ അതിരൂപതയിലെ ഒരു ദേവാലയത്തിന്റെ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ദേവാലയം എന്ന് വിശേഷിപ്പിക്കാന്‍ പോലും സാധിക്കാത്ത ഒരു കെട്ടിടം. കാരണം മേല്‍ക്കൂര പോലും അതിനില്ല.

മാലാവിയിലെ ഒരു ദേവാലയത്തിന്റെ കാര്യമാണ് ഇത്. പക്ഷേ ഇവിടെയാണ് വൈദികന്‍ ബലിയര്‍പ്പിക്കുന്നത്. വിശ്വാസികളാകട്ടെ അതില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കുകയും ചെയ്യുന്നു. ഫാ. എഡ്മണ്ട് നോയ്ക്ക ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും ദേവാലയത്തിലേക്ക് പോലും കയറാതെയും മോണ്ടലത്തില്‍ അലക്ഷ്യമായി പലവിധ കാഴ്ചകള്‍ കണ്ടും അശ്രദ്ധമായും നിന്ന് ബലിയര്‍പ്പിക്കുകയും ചെയ്യുന്ന നമ്മുടെ കൂട്ടത്തിലെ ചുരുക്കം ചിലര്‍ക്കെങ്കിലും സ്വയം ഒരു തിരിഞ്ഞുനോട്ടത്തിനും തിരുത്തലിനും ഈ ചിത്രം സഹായകരമായേക്കും എന്ന് പ്രതീക്ഷിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.