ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭാഗ്യപ്പെട്ട അവസ്ഥയാണ് മാതൃത്വം. ഏറ്റവും കൂടുതല്‍ ദൈവകൃപ ആവശ്യമുളള ഒരു അവസ്ഥകൂടിയാണ് ഇത്.
ഈശോയ്ക്ക് പോലും ഒരു അമ്മയെ ആവശ്യമുണ്ടായിരുന്നു എന്നറിയുമ്പോഴാണ് അമ്മമാരുടെ മഹത്വം നാം തിരിച്ചറിയുന്നത്. മക്കളെ നന്മയിലേക്ക് വളര്‍ത്തുന്നതും അവരില്‍ മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്നതുമെല്ലാം അമ്മമാരാണ്. തങ്ങള്‍ക്കില്ലാത്ത നന്മ ഒരമ്മയ്ക്കും മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയില്ല. ദൈവികസ്‌നേഹത്തിന്റെ വെളിച്ചമുണ്ടെങ്കിലേ ഒരമ്മയ്ക്ക് നല്ല അമ്മയാകാന്‍ കഴിയൂ.
ഈ ലോകത്തിലേക്കും വച്ചേറ്റവും നല്ല അമ്മമാരുടെ ഉത്തമമാതൃകയാണ് പരിശുദ്ധ അമ്മ.പരിശുദ്ധ അമ്മയെ അതിശയിപ്പിക്കുന്ന ഒരമ്മയും ഈ ലോകത്തിലുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. കാരണം ദൈവപുത്രനെ വളര്‍ത്താന്‍ നിയോഗിക്കപ്പെട്ടവളാണ് പരിശുദ്ധ അമ്മ.
മക്കളെ എങ്ങനെ വളര്‍ത്തണമെന്ന് പറഞ്ഞുതരാന്‍ അമ്മയെക്കാള്‍ മറ്റൊരാള്‍ക്കും കഴിയുകയുമില്ല. അതുകൊണ്ട് ഓരോ അമ്മമാരും പരിശുദ്ധ അമ്മയോട് തന്നെ നല്ലൊരു അമ്മയാക്കി മാറ്റാന്‍ വേണ്ടി പ്രാര്‍്ത്ഥിക്കണം.
ഓരോ മക്കള്‍ക്കും വേണ്ടവിധത്തില്‍ നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ തങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേയെന്ന് യാചിക്കണം. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണമേയെന്ന് മാധ്യസ്ഥം യാചിക്കണം.
മക്കളെ നല്ലരീതിയില്‍ വളര്‍ത്താന്‍ പല അമ്മമാര്‍ക്കും കഴിയാതെ പോകുന്നത് അവരെ ലൗകികമായ ആഗ്രഹങ്ങള്‍ പിടികൂടിയിരിക്കുന്നതുകൊണ്ടാണ്.
അത്തരം മോഹങ്ങളില്‍ നിന്നും താല്പര്യങ്ങളില്‍ നിന്നും മുക്തരായി നല്ല അമ്മമാരാകാന്‍ ആഗ്രഹിക്കുന്ന, ഭൂമിയിലെ ഓരോ അമ്മമാരും മാതാവിനോട് പ്രാര്‍ത്ഥിക്കട്ടെ.. അമ്മ നിങ്ങളെ ഓരോരുത്തരെയും സഹായിക്കും.