നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് എന്തുകൊണ്ടാണ്എനിക്ക് വിശുദ്ധനാകാന്‍ കഴിയാത്തത്?
സഭയില്‍ അനേകം വിശുദ്ധരുണ്ട്. വ്യത്യസ്ത തരം ഗുണങ്ങളും സ്വഭാവപ്രത്യേകതകളുമാണ് അവര്‍ക്കോരോരുത്തര്‍ക്കും ഉള്ളത്. അവയെക്കുറിച്ച് വായിക്കുന്‌പോഴോ ആ ജീവിതങ്ങളിലൂടെ കടന്നുപോകുന്‌പോഴോ നാം വിചാരിക്കുന്നു എനിക്കെന്തുകൊണ്ട് ഇങ്ങനെയാകാന്‍ പററുന്നില്ല? ഈ ഗുണം എന്തുകൊണ്ട് എനിക്ക് ലഭിക്കുന്നില്ല?
എല്ലാ വിശുദ്ധരിലും പൊതുവായി കാണുന്ന ഒരു ഗുണമുണ്ട്. അല്ലെങ്കില്‍ ഒരു പ്രത്യേകത എല്ലാ വിശുദ്ധരെയും പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തുന്നു. എന്താണ് ആ ഗുണം?
അവര്‍ സന്തോഷമുള്ളവരായിരുന്നു. അതായിരുന്നു വിശുദ്ധരെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന അല്ലെങ്കില്‍ അവര്‍ക്ക് പൊതുവായിട്ടുള്ള ഒരു പ്രത്യേകത. ഏത് അവസ്ഥയിലും അവര്‍ സന്തോഷിച്ചു. സങ്കടങ്ങളിലും അപമാനങ്ങളിലും വേദനകളിലും നഷ്ടങ്ങളിലും പീഡനങ്ങളിലും അവര്‍ക്കെല്ലാം ഒരേ മനസ്സായിരുന്നു. സന്തോഷത്തിന്റെ മനസ്സ്.പക്ഷേ നമ്മുടെയൊക്കെ സന്തോഷം എപ്രകാരമാണ്?
എല്ലാം അനുകൂലമായി സംഭവിക്കുമ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കുമ്പോഴും മാത്രമേ നാം സന്തോഷിക്കുന്നുള്ളൂ. ഒരു അപമാനത്തെയും ഓര്‍ത്ത് നാം സന്തോഷിച്ചിട്ടില്ല.. ഒരു നഷ്ടങ്ങളെയോര്‍ത്തും നാം സസന്തോഷിച്ചിട്ടില്ല.. ഒരു പീഡനങ്ങളിലും നാം സന്തോഷിച്ചിട്ടില്ല. പിന്നെയെങ്ങനെ നമുക്ക് വിശുദ്ധരാകാന്‍ കഴിയും?സന്തോഷിക്കാന്‍ നമുക്ക് സാധിക്കുന്നത് ദൈവത്തോടുള്ള സ്‌നേഹത്തില്‍ നിന്നാണ്. ദൈവസ്‌നേഹമില്ലാതെ നമുക്ക് സന്തോഷിക്കാനാവില്ല.. ദൈവസ്മരണയില്ലാതെ നമുക്ക് സന്തോഷിക്കാനാവില്ല.
എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍ എന്നാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതുപോലും. പക്ഷേ നമുക്കതിന് സാധിക്കുന്നില്ല. എന്റെ തകര്‍ച്ചകളെ പ്രതി, എനിക്കേല്ക്കുന്ന അപമാനങ്ങളെ പ്രതി, എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ പതി എനിക്ക് എപ്പോള്‍ മുതല്‍ സന്തോഷിക്കാന്‍ കഴിയുമോ അപ്പോള്‍ മുതല്‍ ഞാന്‍ വിശുദ്ധവീഥിയിലേക്ക് പ്രവേശിക്കുകയാണ്.. ഒരു വിശുദ്ധനാകാന്‍ തുടങ്ങുകയാണ്.
ദൈവമേ എന്നാണ് എനിക്ക് അത്തരമൊരു വഴിയിലേക്ക് പ്രവേശിക്കാന്‍കഴിയുക?