വിഷ്ണുവിന് പ്രസാദം’ തിരിച്ചുകിട്ടി


“നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ, എന്‍റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു” (ലൂക്കാ 15: 6)

ഗൂഡല്ലൂർ സ്വദേശി വിഷ്ണുപ്രസാദിന്‍റെ മനസ്സിനും കണ്ണീരിനും ഒപ്പമായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി മലയാളികൾ. ഇരുപതുവർഷം കഷ്ടപ്പെട്ട് പഠിച്ചതിൻറെയും അതിനുശേഷം അദ്ധ്വാനിച്ച കുറെ വർഷങ്ങളുടെയും ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ഒരു കള്ളൻ ഒരു നിമിഷം കൊണ്ട് തട്ടിയെടുത്തപ്പോൾ വിഷ്ണുപ്രസാദിന്‍റെയും അവന്‍റെ കുടുംബത്തിന്റേയും ഭാവിയാണ് വഴിമുട്ടിയത്. ഒരു ജർമ്മൻ കപ്പലിൽ മികച്ച ശമ്പളമുള്ള ജോലികിട്ടിയതിന്‍റെയും സന്തോഷത്തിൽ ഒറിജിനൽ പഠനസർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പോകുന്നതിനിടയിലാണ്, തൃശൂരിൽ ഒരു റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ ഒന്ന് മയങ്ങുന്നതിനിടയിൽ ഏതോ ഒരു കള്ളൻ വിഷ്ണുപ്രസാദിൻറെ ജീവിതത്തിൻറെ സമ്പാദ്യമെല്ലാം അടങ്ങിയിരുന്ന ബാഗുമായി കടന്നു കളഞ്ഞത്. 

റെയിൽവേ സ്റ്റേഷൻ ഓഫീസിലും പോലീസിലും കൊടുത്ത പരാതികളും സമൂഹമാധ്യമങ്ങളിലെ സുമനസ്സുകൾ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പുറം ലോകമറിഞ്ഞ ഈ സങ്കടകരമായ അവസ്ഥയ്ക്ക് ഇപ്പോൾ പരിഹാരം കിട്ടിയിരിക്കുന്നു: വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സർട്ടിഫിക്കറ്റുകൾ പോലീസിലും അതുവഴി വിഷ്ണുപ്രസാദിനും എത്തിച്ച തളിക്കുളം അയിനിച്ചുവട് തോപ്പിൽ ഷാഹിദ്, പത്താംകല്ല് കറുപ്പം വീട്ടിൽ ഇമ്രാൻ എന്നിവരുടെ സന്മനസ്സിനു മുൻപിൽ കൈ കൂപ്പുകയാണ് വിഷ്‌ണുപ്രസാദും മലയാളികളും, ഒപ്പം ആ സർട്ടിഫിക്കറ്റുകൾ നശിപ്പിച്ചു കളയാതെ, ആരുടെയെങ്കിലും ശ്രദ്ധയിൽപെടത്തക്ക രീതിയിൽ അവ വഴിവക്കിൽ ഉപേക്ഷിച്ച, ആർക്കും ഇതുവരെ അറിവില്ലാത്ത ആ ‘നല്ല കള്ളനോടും’. 
ഒരു കള്ളൻ, ഒരു നിമിഷം കൊണ്ട് വിഷ്‌ണുപ്രസാദിൽനിന്നു തട്ടിയെടുത്തത്, ഒരു ജീവിതമായിരുന്നു. ആ ബാഗ് തട്ടിയെടുക്കുമ്പോൾ, അവൻ അത്രയൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, മറ്റു പലതും മുൻപ് മോഷ്ടിച്ചതുപോലെ ഇതും ഒന്ന്.  പക്ഷെ, നഷ്ടപ്പെട്ടവന് പോയത് ആ ബാഗിലുണ്ടായിരുന്നത് എല്ലാമായിരുന്നു. കള്ളനെ സംബന്ധിച്ച്, അവൻ തൻ്റെ ചിന്തയിൽ ശരിയെന്നു തോന്നിയത് ചെയ്തു; മോഷ്ടിച്ച് ജീവിക്കുന്നവന് അത് തൻ്റെ തൊഴിലാണെന്ന് വേണമെങ്കിൽ സാധാരണമായി ചിന്തിക്കാം. പക്ഷേ, തൻ്റെ ഒരു ശരി, മറ്റൊരാളുടെ ജീവിതവും പ്രതീക്ഷകളും എത്രമാത്രം തകർത്തെറിഞ്ഞെന്ന് അവനും അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഈ വാർത്ത പുറം ലോകമറിഞ്ഞപ്പോഴായിരിക്കാം. 

ഒരു നിമിഷത്തിലെ ഒരു മോഷണത്തിലൂടെ കള്ളൻ വിഷ്ണുപ്രസാദിന്റെ ജീവിതം തകർത്തതുപോലെ, ചിലപ്പോൾ മറ്റുള്ളവരെ വേണ്ടത്ര മനസ്സിലാക്കാതെ പറയുന്ന ഒരു നിമിഷത്തിലെ ഒരു വാക്ക്, അനവസരത്തിൽ പറയുന്ന ഒരു നുണ, അരിശം നിയന്ത്രിക്കാനാകാതെ പറയുന്ന ഒരു അസഭ്യം, ജീവിതപങ്കാളിയെ സംശയിച്ചു പറയുന്ന അവസരം… ഇതൊക്കെ ഈ കള്ളൻറെ പ്രവൃത്തിപോലെ, ചിലപ്പോൾ അതിനേക്കാളേറെ ക്രൂരമാണ്. മോഷ്ടിച്ച സാധനങ്ങൾ തിരിച്ചുകൊടുക്കാൻ ഈ കള്ളന് സാധിച്ചു, പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ, തിരിച്ചുകൊടുക്കാനാകാത്ത സൽപ്പേരും വിശ്വാസ്യതയും മനഃസമാധാനവും നഷ്ടപ്പെടുത്തുന്ന ചില നിമിഷങ്ങളിലെ നമ്മുടെ വിഷവാക്കുകൾ മറ്റുള്ളവരുടെ ഹൃദയത്തെയും ജീവിതത്തെയും കീറിമുറിക്കുന്നുവെന്നു നാം അറിയുന്നുണ്ടോ?

ഇരുപതു വർഷത്തെ പഠനത്തിന്റെയും ഏഴു വർഷത്തെ പ്രവർത്തനപരിചയത്തിന്റെയും ഔദ്യോഗിക രേഖകൾ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു പോയത് വിഷ്ണുപ്രസാദിനെന്നല്ല ആർക്കും താങ്ങാനും ചിന്തിക്കാനും ആകാത്തതാണ്. ആ വിഷമത്തിന്റെ ആഴം മനസ്സിലായവർ താങ്ങായി അവനു കൂട്ട് നിന്നു. ഇരുപതിലധികം വർഷങ്ങൾ കയ്യും കാലും വളരുന്നത് നോക്കി വളർത്തിയ മാതാപിതാക്കളെ ധിക്കരിച്ചു അവരുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും വിരുദ്ധമായി, തങ്ങളുടെ ഇഷ്ടങ്ങളെ മാത്രം പ്രധാനമായിക്കണ്ട് ഒരു നിമിഷം കൊണ്ട് വീടിന്റെ പ്രതീക്ഷകളിൽ നിന്ന് ഇറങ്ങിപ്പോകുന്ന മക്കൾ, അവരുടെ മാതാപിതാക്കളുടെ പിന്നീടുള്ള ജീവിതത്തെ എത്രമാത്രമായിരിയ്ക്കും കണ്ണീരിലാഴ്ത്തുന്നത്?

വിഷ്ണുപ്രസാദിന്റെ സങ്കടത്തെ, സ്വന്തം വേദനയായിക്കണ്ട് ഏറ്റെടുക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്ത എല്ലാവരും നന്ദിയും അഭിനന്ദനവും അർഹിക്കുന്നു. ഈ സർട്ടിഫിക്കറ്റുകൾ തിരിച്ചുകിട്ടാൻ, പത്രത്തിൽ വന്ന ഒരു വാർത്ത, ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ വന്ന ഒരു പോസ്റ്റ്, പോലീസിന്റെ അന്വേഷണം… എല്ലാം സഹായമായി. പലർ ഒരുമിച്ചപ്പോൾ അസാധ്യമെന്നു കരുതിയത് സാധ്യമായി. വിവേകമില്ലാത്ത ഉപയോഗത്തിന് പഴി കേട്ട സാമൂഹ്യ മാധ്യമങ്ങൾ ഇത്തവണ, നന്മയ്ക്കും മറ്റുള്ളവരെ എങ്ങനെ സഹായിക്കാൻ ഇവ ഉപയോഗിക്കാൻ പറ്റും എന്ന് കാണിച്ചുകൊടുക്കാനും കാരണമായി. എനിക്ക് തനിയെ ചില കാര്യങ്ങൾ ചെയ്യാൻ പറ്റില്ലായിരിക്കാം, നിനക്കു തന്നെ ചില കാര്യങ്ങൾ ചെയ്യാനും പറ്റില്ലായിരിക്കാം. എന്നാൽ നമ്മൾ ഒരുമിച്ചാൽ പല അസാധ്യങ്ങളും സാധ്യമാക്കാൻ  ‘നമുക്ക്’ സാധിക്കും. 

വിഷ്ണുപ്രസാദിന് ജീവിതസമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടത് ഒരു ചെറിയ അശ്രദ്ധയ്ക്കും മയക്കത്തിനുമിടയിലാണ്. വിലപിടിപ്പുള്ളവ ശ്രദ്ധയോടെ ജീവിതത്തിൽ സൂക്ഷിക്കപ്പെടണം. അത് സർട്ടിഫിക്കറ്റുകളും പണവും മാത്രമല്ല, നല്ല ബന്ധങ്ങൾ, പരസ്പര വിശ്വാസം, സ്നേഹം, ആത്മാർഥത, ദൈവവുമായുള്ള ബന്ധം അങ്ങനെ വിലമതിക്കാനാകാത്തതെല്ലാം ഒരു വിവേകമില്ലായ്മയുടെ മയക്കത്തിലോ അശ്രദ്ധയുടെ സംഭാഷണത്തിലോ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം, നമ്മുടെ സ്വൈര്യജീവിതം തട്ടിയെടുക്കാൻ കള്ളന്മാർ ചുറ്റുമുണ്ട്! ജാഗ്രതൈ ! “മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്” (യോഹന്നാൻ 10: 10). 

ദൈവസംരക്ഷണം സമൃദ്ധമായ ഒരു അനുഗ്രഹആഴ്ച സ്നേഹപൂർവ്വം ആശംസിക്കുന്നു. 

ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.