കര്‍ത്താവിനെ കൂടാതെ വിജയമില്ല: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: കര്‍ത്താവിനെ കൂടാതെ വിജയമില്ലെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തങ്ങളെക്കാള്‍ സൈന്യബലം കുറഞ്ഞവരായിരുന്നിട്ടും എതിരാളികളെ തോല്പിക്കാന്‍ ഇസ്രായേല്‍ക്കാര്‍ക്ക് ആദ്യം കഴിയാതെ പോയത് അവര്‍ കര്‍ത്താവിനെ കൂടാതെ വിജയം നേടാന്‍ ശ്രമിച്ച തുകൊണ്ടായിരുന്നു.

എല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് സങ്കീര്‍ത്തകന്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് സങ്കീര്‍ത്തനകാരന്‍ മൗനം അവലംബിക്കുന്നത്. ഈ ലോകത്തിലെ ജനതകളും പിതാവായ ദൈവത്തിന്റെ മക്കളും തമ്മില്‍ വ്യത്യാസമുണ്ട്. ഈ ലോകത്തിലെ ജനത ലൗകികമായ കാര്യങ്ങള്‍ അന്വേഷിക്കുന്നു.പക്ഷേ നമുക്കെന്തെല്ലാം ആവ്ശ്യമുണ്ടെന്ന് പിതാവായ ദൈവം മനസ്സിലാക്കുന്നു.

നൂറു ശതമാനം ദൈവത്തെ ആശ്രയിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. നാം ആദ്യം അവിടുത്തെ രാജ്യവും നീതിയുമാണ് അന്വേഷിക്കേണ്ടത്.ബാക്കിയുള്ളതെല്ലാം നമുക്ക് കൂട്ടിചേര്‍ത്തുകിട്ടും. നമ്മുടെ ഹൃദയം മനുഷ്യനിലേക്ക് തിരിയുമ്പോഴും എന്റെ കഴിവുകളിലേക്കു തിരിയുമ്പോഴും ഞാന്‍ ശപിക്കപ്പെട്ടവനാണ്. കര്‍ത്താവില്‍ ആശ്രയി്ക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് വിശുദ്ധ ഗ്രന്ഥത്തിലെ പല ഭാഗങ്ങളിലും നാം വായിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തില്‍ രണ്ടുതരം ആളുകളേയുള്ളൂ. നീതിമാന്മാരും ദുഷ്ടരും. നീതിമാന്മാര്‍ ദൈവത്തില്‍ ആശ്രയിക്കുന്നു. ദുഷ്ടര്‍ തങ്ങളെതന്നെയും.

യേശുക്രിസ്തു നമ്മെ ആഹ്വാനം ചെയ്യുന്നത് ദൈവത്തിലേക്ക് തിരിയുവാനാണ്. ദൈവത്തിലേക്ക് തിരിഞ്ഞ് പൂര്‍ണ്ണമായും ആശ്രയിക്കപ്പെട്ടുകഴിയുമ്പോള്‍ നാം അനുഗ്രഹീതരാകും. മനുഷ്യരില്‍ അല്ല ദൈവത്തിലാണ് നാം ആശ്രയിക്കേണ്ടത്.
ജീവജലത്തിന്റെ ഉറവയായ ദൈവത്തെ വിസ്മരിക്കുകയാണ് നാം മനുഷ്യരില്‍ ആശ്രയിക്കുമ്പോള്‍ സംഭവിക്കുന്നത്.

കര്‍ത്താവ് മാത്രമായിരിക്കണം നമ്മുടെ ആശ്രയം. കര്‍ത്താവ് മാത്രമായിരിക്കണം നമ്മുടെ ഇടയന്‍. ഇസ്രായേല്‍ ആകുന്ന ആട്ടിന്‍കൂട്ടത്തെ നയിക്കാന്‍ കൂടാരമടിക്കാന്‍ മുന്നേ പോകുന്ന ഇടയനെ നാം പഴയനിയമപുസ്തകത്തില്‍ വായിക്കുന്നുണ്ട്.

ഒന്നിനെക്കുറിച്ചും ആകുലപ്പെടരുത് എന്നാണ് വിശുദ്ധഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്തു തിന്നും എന്തുകുടിക്കും എന്ന് ആകുലപ്പെടരുത്. സ്രഷ്ടാവായ ദൈവത്തെ അംഗീകരിക്കുവാന്‍, പരിപാലകനായി ഏറ്റുപറയാന്‍ കഴിഞ്ഞാല്‍ ദൈവരാജ്യത്തില്‍ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

ഹൃദയം മറ്റുള്ളവരിലേക്കും മറ്റ് വസ്തുക്കളിലേക്കും തിരിഞ്ഞിരിക്കുന്നത് ഇനിയെങ്കിലും ദൈവത്തിലേക്ക് തിരിക്കുക. മറ്റുള്ളവരെ ആശ്രയിച്ച്, സ്വന്തം കഴിവില്‍ ആശ്രയിച്ചു, ജീവിക്കുന്നത് ശപിക്കപ്പെട്ട അവസ്ഥയാണ്. അതുകൊണ്ടാണ് കര്‍ത്താവിന്റെ പരിപാലന നമുക്ക് ആസ്വദി്ക്കാന്‍ കഴിയാത്തത്.

മാനസാന്തരപ്പെടുവിന്‍, സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്നീ ആഹ്വാനങ്ങളൊന്നും നാം അനുസരിക്കാതെ നാം മറ്റെല്ലാം ചെയ്യുന്നുണ്ട്.

എന്നാല്‍ കര്‍ത്താവ് അനുവദിക്കാതെ നമുക്ക് മനസ്സ് തുറക്കാനുമാവില്ല. എല്ലാം കര്‍ത്താവിന്റെ കരുണയാണ്. കര്‍ത്താവ് ആ്ന്തരികത തുറക്കാതെ നമ്മുക്ക് ഹൃദയം തുറക്കാനുമാവില്ല. അതുകൊണ്ട് തിരുവചനങ്ങള്‍ കൊണ്ട് നമ്മുടെ ഹൃദയംതുറക്കാന്‍ നാം ദൈവത്തോട് പ്രാര്‍ത്ഥിക്കണം,ലൂക്ക 24:45 ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.

കര്‍ത്താവിന് എല്ലാം സാധ്യമാണ്. കര്‍ത്താവില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കും എല്ലാം സാധ്യമാണ്. വിശ്വസിക്കാതെ നമ്മുടെ പ്രവൃത്തികള്‍ വഴി ദൈവത്തെ പ്രസാദിപ്പിക്കാം എന്ന് കരുതരുത്.

മറിയം വഴി ഈശോയെപ്രാപിക്കാന്‍, നിത്യാനന്ദം പ്രാപിക്കാന്‍ നമുക്ക് കഴിയട്ടെ.ഞായറാഴ്ചയിലെ ദിവ്യബലിയില്‍ വചനസന്ദേശം നല്കുകയായിരുന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.