വണക്കമാസം പത്താം ദിവസം; കോവിഡ് ബാധിച്ച് മരണമടഞ്ഞ എല്ലാ വൈദികരെയും സന്യസ്തരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത

ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. “ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടു കൂടെ” അവള്‍ ഈ വചനം മൂലം അസ്വസ്ഥചിത്തയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചിന്തിച്ചു.

എന്നാല്‍ ദൈവദൂതന്‍ അവളോടു പറഞ്ഞു. “മറിയമേ! നീ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചിരിക്കുന്നു. ഇതാ നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഈശോ എന്നു നീ പേരു വിളിക്കണം. അവന്‍ മഹാനായിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കുന്നതാണ്. യാക്കോബിന്‍റെ ഭവനത്തില്‍ അവന്‍ നിത്യഭരണം നടത്തും. അവന്‍റെ ഭരണത്തിനു അവസാനമുണ്ടാകുകയില്ല”.

മറിയം ദൂതനോടു ചോദിച്ചു. ഞാന്‍ കന്യക ആയിരിക്കുന്നുവല്ലോ. പിന്നെ ഇത് എങ്ങനെ സംഭവിക്കും? ദൂതന്‍ പ്രതിവചിച്ചു. പരിശുദ്ധാത്മാവ് എഴുന്നള്ളി വരും അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. അതിനാല്‍ ശിശു പരിശുദ്ധനായിരിക്കും. ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. കൂടാതെ നിന്‍റെ ചാര്‍ച്ചക്കാരിയായ ഏലീശായും അവളുടെ വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു വിളിക്കുന്ന അവള്‍ക്ക് ഇത് ആറാം മാസമാകുന്നു. ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല.

മറിയം പറഞ്ഞു: ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂതന്‍ അവളുടെ അടുക്കല്‍ നിന്നും പോയി. പ. കന്യക “നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.” ഏന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യ പൂര്‍ണ്ണമായ പ്രവൃത്തി.

അതുവഴി മേരി എല്ലാ മനുഷ്യരെയും ദൈവമക്കളുടെ പരിപൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് അവരോധിച്ചു. കന്യകാ മറിയം മനുഷ്യാവതാര രഹസ്യത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി സമ്മതം നല്‍കി. പരിത്രാണ ക‍ര്‍മ്മത്തില്‍ സഹകരിച്ച് രക്ഷണീയ കര്‍മം മനുഷ്യാവതാരം വഴി ദൈവവുമായി മര്‍ത്യ വംശത്തെ ഐക്യപ്പെടുത്തുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവത്തിന് മനുഷ്യ സ്വഭാവം നല്‍കാന്‍ പരിശുദ്ധ കന്യക സമ്മതം നല്‍കിയപ്പോള്‍ മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മം എളുപ്പകരമായി.

നിത്യത്വത്തില്‍ ഒരു ശാരീരിക മാതാവിനെ കൂടാതെ പിതാവായ ദൈവത്തില്‍ നിന്നും ജനിച്ച സുതനായ ദൈവം കാലത്തിന്‍റെ പൂര്‍ണതയില്‍ പരിശുദ്ധ കന്യകയില്‍ നിന്നും ഒരു ശാരീരിക പിതാവിനെ കൂടാതെ ജനിക്കുന്നു. പരിശുദ്ധ കന്യകയെ ഞങ്ങളുടെ പരിത്രാണത്തിന്‍റെ വില ദൈവം അങ്ങയെ ഭരമേല്‍പ്പിച്ചിരിക്കുന്നു. “നാഥേ, നീ സമ്മതിക്കുമെങ്കില്‍ ഞങ്ങള്‍ രക്ഷ പ്രാപിക്കും.” എന്ന്‍ വി. ബര്‍ണ്ണാദ് പ്രസ്താവിച്ചിരിക്കുന്നു. പരിശുദ്ധ കന്യകയെപ്പോലെ നാമും ദൈവതിരുമനസ്സിനു വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായിത്തീരുന്നു. അപ്പോഴാണ്‌ നമ്മുടെ വ്യക്തിസ്വതന്ത്ര്യം സുരക്ഷിതമാകുന്നത്.

സംഭവം

കാനഡായുടെ തലസ്ഥാനമായ ഒട്ടോവായില്‍ പരിശുദ്ധ കന്യകയുടെ രൂപവും സംവഹിച്ചുകൊണ്ട് വളരെ വിപുലമായ ഒരു പ്രദക്ഷിണം നടത്തി. അനേകം അകത്തോലിക്കരും ആഘോഷ യാത്രയില്‍ സംബന്ധിച്ചിരുന്നു. ഒരു അകത്തോലിക്കനു മാത്രം ഈ പ്രദിക്ഷണം ഒട്ടും രസിച്ചില്ല. അയാള്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ ഒളിച്ചിരുന്ന് മാതാവിന്‍റെ രൂപത്തിനു നേര്‍ക്കു നിറയൊഴിച്ചു. വെടിയുണ്ട തിരുസ്വരൂപത്തെ അതിലംഘിച്ചു. ഒരു സ്ത്രീയുടെ ദേഹത്തു കൊണ്ട് അവള്‍ തല്‍ക്ഷണം മൃതിയടഞ്ഞു.

ജനങ്ങള്‍ വികാരഭരിതരായി. ഘാതകന്‍ വേഗം ഒരു കാറില്‍ കയറി രക്ഷപെടുവാന്‍ പരിശ്രമിച്ചു. രണ്ടു മൂന്നു പോലീസുകാര്‍ അയാളെ പിന്തുടര്‍ന്നു. ഘാതകന്‍ ഒരു സ്ഥലത്ത് കാര്‍ നിറുത്തി. അപ്പോള്‍ പോലീസുകാര്‍ അയാളെ സമീപിച്ച് ഒരു സ്ത്രീ പട്ടണത്തില്‍ മരിച്ചു കിടക്കുന്നു. താങ്കള്‍ വന്ന്‍ അവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ അവരോടൊത്ത് യാത്രയായി. സംഭവ സ്ഥലത്ത് ചെന്നു നോക്കി. അപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. മരിച്ച സ്ത്രീ അയാളുടെ ഭാര്യയായിരുന്നു. അയാള്‍ പശ്ചാത്താ വിവശനായി കേണു. അപരാധം ഏറ്റു പറഞ്ഞ് അയാള്‍ മാനസാന്തരപ്പെട്ടു.

പ്രാര്‍ത്ഥന

ദൈവമാതാവായ പരിശുദ്ധ കന്യകയേ,, അവിടുന്ന്‍ ദൈവദൂതന്‍റെ സന്ദേശത്തിന് നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളിലൂടെ മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്‍കി മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. സ്വാതന്ത്ര്യ ദുര്‍വിനിയോഗത്താല്‍ നാശഗര്‍ത്തത്തില്‍ നിപതിച്ച മാനവരാശിയെ അവിടുന്നു സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചു കൊണ്ടു രക്ഷിച്ചു. ഞങ്ങള്‍ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലാക്കി അതനുസരിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാനുള്ള അനുഗ്രഹം നല്‍കേണമേ.

ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവിടുത്തെ തിരുക്കുമാരനെ ദ്രോഹിക്കാതിരിക്കട്ടെ. എപ്പോഴും ദൈവമഹത്വത്തിനും ഞങ്ങളുടെ ആത്മരക്ഷയ്ക്കും ഉപയുക്തമായ വിധം ഞങ്ങള്‍ അത് വിനിയോഗിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാഥേ, അങ്ങ് ഞങ്ങളുടെ മാതൃകയായിരിക്കേണമേ. ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ. അനുസരണം ഏറ്റവും വലിയ സ്വാതന്ത്ര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ.

എത്രയും ദയയുള്ള മാതാവേ!

ലുത്തീനിയ

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

ദൈവപുത്രന്‍റെ മാതാവേ, ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍, ഞങ്ങളെ പഠിപ്പിക്കേണമേ. 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Sabitha says

    Mother Mary pray for my family amen

Leave A Reply

Your email address will not be published.