മാതാവിനോടുള്ള വണക്കമാസ പ്രാര്‍ത്ഥനകള്‍ ഇന്നുമുതല്‍ മരിയന്‍ പത്രത്തില്‍

കത്തോലിക്കാ വിശ്വാസികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ദിവസങ്ങളാണ് മാതാവിനോടുള്ള വണക്കമാസപ്രാര്‍ത്ഥനകളുടെ ദിനങ്ങള്‍. മെയ് ഒന്നു മുതല്‍ ആരംഭിക്കുന്ന മെയ്മാസ വണക്കം കേരള കത്തോലിക്കാ കുടുംബങ്ങളുടെ മുഖമുദ്രയായിരുന്നു. മാതാവിന്‍റെ രൂപത്തിന് മുന്പില്‍ ചെന്പരത്തിപ്പൂക്കളും പച്ചിലകളും പറിച്ചുവച്ച് നല്ല മാതാവേ പാട്ടുപാടിയിരുന്ന കുട്ടിക്കാലം ഇന്നത്തെ പലമുതിര്‍ന്നവരുടെയും ഓര്‍മ്മയിലുണ്ടാവും. ഇതാ ഇന്നു മുതല്‍ മരിയന്‍ പത്രത്തോടൊപ്പം നമുക്ക് ആ പഴയകാലത്തിലേക്ക് തിരികെ നടക്കാം. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും വണക്കമാസം മരിയന്‍പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിദേശങ്ങളിലുള്ള കത്തോലിക്കാവിശ്വാസികള്‍ക്ക് ഇതേറെ പ്രയോജനപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കാരണം പല വിദേശ മലയാളി കത്തോലിക്കാ കുടുംബങ്ങളിലും അച്ചടിച്ച വണക്കമാസപ്രാര്‍ത്ഥനകള്‍ ലഭ്യമല്ല. സഭ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പ്രത്യേക നിയോഗാര്‍ത്ഥം മാതാവിന്‍റെ മാധ്യസ്ഥതയില്‍ സമര്‍പ്പിക്കുന്നതിനൊപ്പം നമ്മുടെ കുടുംബത്തിന്‍റെ വിവിധ ആവശ്യങ്ങളും മാതാവിന്‍റെ മാധ്യസ്ഥതയില്‍ ചേര്‍ത്തുവയ്ക്കാം. മരിയഭക്തിയില്‍ കൂടുതല്‍ വളരാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയുമാറാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ….

ഒന്നാം തീയതി
പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യം

പരിശുദ്ധ കന്യാമറിയത്തിന് നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ അതുല്യമായ സ്ഥാനമുണ്ട്.
ദൈവമാതാവെന്ന സ്ഥാനം മൂലം സകലമാനുശ്യരുടെയും മാതാവാണ്. സഹാരക്ഷകയെന്ന നിലയില്‍ രക്ഷകരവൃത്തിയില്‍ മറ്റാരെക്കാളുമധികം പങ്കുചേര്‍ന്നു സഹായിക്കുന്നു. നമ്മുടെ ആധ്യാത്മിക ജനനിയെന്ന പദവിമൂലം സകല പ്രസാദവരങ്ങളുടെയും പ്രദായികയായി മറിയം നിലകൊള്ളുന്നു. നിത്യ രക്ഷയുടെ മാറ്റമില്ലാത്ത അടയാളമാണ് ദൈവമാതാവിനോടുള്ള ഭക്തിയെന്ന് എല്ലാ ദൈവശാസ്ത്രജ്ഞന്‍മാരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി നമ്മുടെ പുന്യജീവിതതിനും സ്വര്‍ഗ്ഗ പ്രപ്തിക്കും തികച്ചും അനുപേക്ഷണീയമാണ്. പരിശുദ്ധിയുടെ വിളനിലമായ നമ്മുടെ അമ്മ പുണ്യസാമ്പാദനത്തിനുള്ള പരിശ്രമങ്ങളില്‍ എപ്പോഴും മാതൃകയായിരിക്കേണ്ടത് സകല പുണ്യങ്ങളും കൊണ്ട് അലംകൃതയായ പരിശുദ്ധ കന്യാമറിയമാണ്. ജന്മംകൊണ്ടും കര്‍മ്മങ്ങള്‍കൊണ്ടും താന്‍ സമ്പാദിച്ച പുണ്യഫലങ്ങള്‍ സ്വസുതരായ നമുക്കെവര്‍ക്കുവേണ്ടി വിനിയൂഗിക്കുവാന്‍ മറിയം ആഗ്രഹിക്കുന്നു. നമ്മുടെ വിശുദ്ധിയുടെ അളവുകോല്‍ ഈശോയുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ ആഴം അനുസരിച്ചാണ്. സകല മനുഷ്യരിലും,  വിശുദ്ധരിലും വച്ച് പരിശുദ്ധ കന്യാമറിയത്തെ പോലെ ഈശോയുമായി ബന്ധപ്പെട്ട വ്യക്തി വേറെ ആരാണുള്ളത്?. സ്വന്തം പുത്രനെന്ന നിലയില്‍ ഈശോ മറിയവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.

മാനുഷീകവും ദൈവീകവുമായ സകല പരിശുദ്ധിയുടേയും കേന്ദ്രമായി മറിയം പരിലസിക്കുന്നു. സ്വര്‍ഗ്ഗീയ നന്മകള്‍ നമുക്ക് പ്രാപിക്കുവാനും ഈശോയുടെ ഹൃദയത്തിനനുരൂപമായ ഒരു ജീവിതം നയിക്കുവാനും മറിയത്തോടുള്ള ഭക്തി തീര്‍ച്ചയായും നമുക്ക്‌ സഹായകമാണ്. നമ്മെ അലട്ടുന്ന ഭഷ്യപ്രശനം, ജനസംഖ്യാ പ്രശ്നം, തൊഴിലില്ലായ്മ, അസമാധാനം മുതലായ പ്രശ്നങ്ങള്‍ക്കു പരിഹാരം നേടുവാന്‍ ദൈവമാതവിനോടുള്ള ഭക്തി സഹായകമാണ്.

സംഭവം
റോമാ ചക്രവര്‍ത്തിയും മതത്യാഗിയുമായ ജൂലിയന്‍ തന്‍റെ സാമ്രാജ്യത്തില്‍ പേഗന്‍ മതം പുന:സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. അതിനായി ക്രിസ്ത്യാനികളുടെ നേരെ കിരാത മര്‍ദ്ദനം അഴിച്ചുവിട്ടു. പേര്‍ഷ്യക്കാരോട് യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ് മിത്രാ ദേവിയുടെ അമ്പലത്തില്‍ പ്രവേശിച്ചു വഴിപാട് കഴിച്ചു. യുദ്ധത്തില്‍ ജയിക്കുന്നപക്ഷം തന്‍റെ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികളെ മുഴുവന്‍ ദേവിക്ക് ബലിയര്‍പ്പിക്കുന്നതാണെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഈ നേര്‍ച്ചയെപ്പറ്റി അറിഞ്ഞ കേസറിയായിലെ മെത്രാനായ വിശുദ്ധ ബേസില്‍ തന്‍റെ കീഴിലുള്ള എല്ലാ ക്രിസ്ത്യാനികളെയും വിളിച്ചുകൂട്ടി ഈ വിപല്‍സന്ധിയില്‍ പരിശുദ്ധ കന്യമറിയത്തോടുള്ള ഭക്തി മാത്രമേ കരണീയമായിടുള്ളു എന്നു പറഞ്ഞു. വിശുദ്ധ ബേസിലിന്‍റെ പരിശുദ്ധ കന്യമറിയത്തോടുള്ള ഭക്തിയും വിശ്വാസവും ജനങ്ങള്‍ക്കെല്ലാം മാതൃകയായി. എല്ലാവരും പരിശുദ്ധ കന്യകയില്‍ അഭയം ഗമിച്ചു പ്രാര്‍ത്ഥിച്ചു.

ജൂലിയാന്‍ പേര്‍ഷ്യാക്കരുടെതിനെക്കാള്‍ ശക്തമായ ഒരു സൈന്യത്തോടെയാണ് യുദ്ധത്തിനു പുറപ്പെട്ടതെങ്കിലും പരാജിതനായി. ശത്രുകരങ്ങളില്‍പെട്ട് മരിക്കുന്നതിനേക്കാള്‍ അഭിമാനകരം ആത്മഹത്യയാണെന്നു കരുതി സ്വന്തം വാളെടുത്ത് ചങ്കില്‍ കുത്തിയിറക്കി. അവിടെനിന്നും പ്രവഹിച്ച രക്തത്തില്‍ കൈമുക്കി മുഷ്ടി ആകാശത്തിലേക്കുയര്‍ത്തി ഇപ്രകാരം ജൂലിയാന്‍ വിളിച്ചു പറഞ്ഞു. “അല്ലയോ ഗലീലിയാ നീ തന്നെ ജയിച്ചിരിക്കുന്നു”.

ഇന്ന് തിരുസഭ വലിയ വിപല്‍സന്ധി തരണം ചെയ്യുകയാണ്. മരിയഭക്തര്‍ ഉണര്‍ന്നു ദൈവമാതാവിന്‍റെ സഹായത്താല്‍ തിരുസഭയുടെ ശത്രുക്കളെ നേരിടാന്‍ തയ്യാറാകണം.

————-

പ്രാര്‍ത്ഥന

ദൈവജനനിയായ പരിശുദ്ധകന്യകയേ അങ്ങയെ എന്റെ മാതാവും മധ്യസ്ഥതയുമായി ഞാന്‍ ഏറ്റുപറയുന്നു. പുത്രസഹജമായ സ്നേഹം എന്നില്‍ നിറയ്ക്കണമേ. ഏതവസരത്തിലും അങ്ങേ സഹായം അഭ്യര്‍ഥിക്കുവാനും നന്മകൈവരിക്കുവാനും ഇടയാക്കണമേ..

(വിശുദ്ധ ബര്‍ണാഡിന്‍റെ പ്രാര്‍ത്ഥന)

എത്രയും ദയയുള്ള മാതാവേ / നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന് ‌‌/ നിന്‍റെ സഹായം തേടി/നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ‍/ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല / എന്ന് നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ / ദയയുള്ള മാതാവെ / ഈവിശ്വാസത്തില്‍ ധൈര്യപ്പെട്ടു/നിന്‍റെ തൃപ്പാദത്തിങ്കല്‍ ‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി / പാപിയായ ഞാന്‍ ‍/ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌ / നിന്‍റെ സന്നിധിയില്‍ നില്‍ക്കുന്നു / അവതരിച്ച വചനത്തിന്‍ മാതാവേ / എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ദയാപൂര്‍വ്വം കേട്ടരുളേണമെ,
ആമ്മേന്‍!

———————————–

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധമറിയമേ!
പാപികളുടെ സാങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു.
ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി
നിന്റെ തിരുക്കുമാരനോട് പ്രാര്‍ത്ഥിച്ചു കൊള്ളേണമേ

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രീത്വ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.