യൗസേപ്പിതാവിന്റെ വണക്കമാസം 26 ാം തീയതി

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി ” (മത്തായി 1:18).

മാര്‍ യൗസേപ്പുപിതാവിന് മരണാനന്തരം ലഭിച്ച മഹത്വം

ഒരു വ്യക്തിക്ക് മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മഹത്വം ആ വ്യക്തി ജീവിച്ചിരുന്നപ്പോള്‍ എത്രമാത്രം ലോകത്തിന് ധാര്‍മ്മികമായ സ്വാധീനം ചെലുത്തി, തനിക്കും മറ്റുള്ളവര്‍ക്കും വേണ്ടി എത്രമാത്രം വരപ്രസാദം സമ്പാദിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. വേദപാരംഗതനായ വി. തോമസ്‌ അക്വിനാസിന്‍റെയും മറ്റുള്ളവരുടെയും അഭിപ്രായത്തില്‍ ഈശോമിശിഹായും ദൈവമാതാവും കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ഏറ്റവും ഉന്നതമായ മഹത്വത്തിന് മാര്‍ യൗസേപ്പിതാവ് അര്‍ഹനാണെന്ന് മനസ്സിലാക്കാവുന്നതാണ്.

ഈശോമിശിഹാ കുരിശില്‍ തൂങ്ങി മരിച്ച ഉടനെ സൂര്യന്‍ മറഞ്ഞു. ഭൂമി മുഴുവന്‍ അന്ധകാരാവൃതമായി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. അനേകം മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ് പലര്‍ക്കും കാണപ്പെട്ടു എന്നു സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. ഇപ്രകാരം ഉയിര്‍ത്തെഴുന്നേറ്റവരുടെ ഗണത്തില്‍ മാര്‍ യൗസേപ്പുപിതാവും ഉള്‍പ്പെട്ടിരുന്നു എന്നാണ് പൊതുവായ അഭിപ്രായം. മാര്‍ യൗസേപ്പിന്‍റെ മൃതശരീരം സംസ്ക്കരിച്ച സ്ഥലം ഇന്നും നമ്മുക്ക് അജ്ഞാതമാണ്.

പക്ഷെ, ആ മൃതശരീരം സംസ്ക്കരിക്കപ്പെട്ട സ്ഥലത്ത് മാര്‍ യൗസേപ്പിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആദിമ ക്രിസ്ത്യാനികള്‍ ആ സ്ഥലം എന്നും പരിപാവനമായി സൂക്ഷിക്കുമായിരുന്നു. വി. പത്രോസിന്‍റെയും മറ്റുപല അപ്പസ്തോലന്‍മാരുടെയും ശവകുടീരങ്ങള്‍ പൂജ്യമായി കരുതിയിരുന്ന ക്രിസ്ത്യാനികള്‍ വി. യൗസേപ്പിന്‍റെ ശവകുടീരം യതൊരു ബഹുമാനവും കൂടാതെ അവഗണിച്ചു എന്നു കരുതുക യുക്തിപരമല്ല.

മാര്‍ യൗസേപ്പിതാവിന്‍റെ മൃതശരീരം ഭൂമിയില്‍ എവിടെയെങ്കിലും അന്ത്യവിശ്രമം കൊള്ളുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സ്ഥലം ദൈവം തന്നെ പ്രസിദ്ധമാക്കുമായിരുന്നു. ചില വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുള്ള സ്ഥലത്തെ ദൈവം എത്രമാത്രം മഹത്വപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ മാര്‍ യൗസേപ്പു പിതാവ്, മിശിഹാ മരണമടഞ്ഞ അവസരത്തില്‍ പുനരുദ്ധാനം ചെയ്തവരുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സയുക്തികം അനുമാനിക്കാം. മാര്‍ യൗസേപ്പു പിതാവ്, നമ്മുടെ ദിവ്യരക്ഷകനായ ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ അവിടുത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതനായി എന്നു കരുതേണ്ടിയിരിക്കുന്നു. സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ നമ്മുടെ വത്സലപിതാവ് വര്‍ണ്ണനാതീതമായ മഹത്വത്തിനര്‍ഹനാണ്. ഈശോമിശിഹായും പ. കന്യകാമറിയവും കഴിഞ്ഞാല്‍ സകല സ്വര്‍ഗ്ഗവാസികളുടെയും സ്നേഹാദരങ്ങള്‍ക്കും സ്തുതികള്‍ക്കും അദ്ദേഹം പാത്രീഭൂതനായി.

മാര്‍ യൗസേപ്പിതാവിനെ അനുകരിച്ച് അദ്ദേഹത്തെപ്പോലെ വിശ്വസ്തതയോടുകൂടി ദൈവസേവനവും മാനവകുല സ്നേഹവും നിര്‍വഹിക്കുന്നവര്‍ക്ക് അതിനനുയോജ്യമായ മഹത്വം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്നതാണ്. ജീവിതാന്തസ്സിന്‍റെ ചുമതലകള്‍ യഥാവിധി നാം നിര്‍വഹിക്കണം. നമ്മില്‍ ഓരോരുത്തര്‍ക്കും ദൈവം നിശ്ചയിച്ചിരിക്കുന്ന ഒരു ദൗത്യം നിര്‍വഹിക്കാനുണ്ട്. അത് നാം എത്ര വൈഭവത്തോടു കൂടി തന്മയത്വപൂര്‍വ്വം നിര്‍വഹിച്ചുവോ അതാണ്‌ ഒരു വ്യക്തിയുടെ മഹത്വത്തിന് നിദാനം. പിതാവായ ദൈവം മാര്‍ യൗസേപ്പിനെ ഭാരമേല്‍പ്പിച്ച ചുമതലയും ദൗത്യവും ഏറ്റവും പൂര്‍ണ്ണതയില്‍ നിര്‍വഹിച്ചു.

സംഭവം

സ്പെയിനില്‍ വലിയ സമ്പന്നനായ ഒരു പ്രഭു, തിരുസഭയുടെ പ്രബോധനങ്ങളെയും ദൈവപ്രമാണങ്ങളെയും അവഗണിച്ചു കൊണ്ട് സുഖലോലുപ ജീവിതം നയിച്ചിരുന്നു. അയാളുടെ നടപടികളെ ഇഷ്ടപ്പെട്ടില്ല എന്നതിന്‍റെ പേരില്‍ സ്വപുത്രനെ വീട്ടില്‍ നിന്നും അടിച്ചിറക്കിവിട്ടു. ഭാര്യയും ഇടവക വികാരിയും നല്‍കിയ ഉപദേശങ്ങള്‍ തൃണവത്ക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം ഒരു സ്ത്രീ, മാര്‍ യൗസേപ്പുപിതാവിന്‍റെ ഒരു മനോഹര ചിത്രം വില്‍പ്പനയ്ക്കായി കൊണ്ടുവന്നു. അത് അവ‍ളുടെ ഭര്‍ത്താവ് വരച്ചതാണ്. ഭര്‍ത്താവ് നിരാലംബനും രോഗബാധിതനും ആയിക്കഴിയുകയാണെന്നും ഉപജീവനത്തിന് മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ എന്തെങ്കിലും സഹായം ചെയ്യണമെന്നും ആ സ്ത്രീ അപേക്ഷിച്ചു.

രൂപം വളരെ മനോഹരമായതിനാല്‍ അതു വാങ്ങിച്ചിട്ട് ആ പ്രഭു ആവശ്യപ്പെട്ട വില കൊടുത്തു. തിരുസ്വരൂപം യൗസേപ്പിന്‍റെ മരണരംഗതിന്‍റേതായിരിന്നു. അയാള്‍ക്ക് ചിത്രം കണ്ടപ്പോള്‍ മരണത്തെക്കുറിച്ചുള്ള ചിന്തയുണ്ടായി. കഴിഞ്ഞ കാലത്തെയും സ്വന്തം തെറ്റുകളെയും പറ്റി ചിന്തിച്ചു. ചിത്രം വരച്ചത് അദ്ദേഹം സ്വന്തം വീട്ടില്‍ നിന്നും ആട്ടിപ്പായിച്ച സ്വപുത്രനാണെന്ന് പിന്നീട് അറിഞ്ഞപ്പോള്‍ പ്രഭു പശ്ചാത്താപഭരിതനായി പുത്രനെ വിളിക്കുവാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം അയാള്‍ പാപസങ്കീര്‍ത്തനം നടത്തി ഉത്തമ ക്രിസ്ത്യാനിയായി ജീവിതം നയിച്ചു.

ജപം

സ്വര്‍ഗ്ഗരാജ്യത്തില്‍ അതുല്യമായ മഹത്വത്തിനും അവര്‍ണ്ണനീയമായ സൗഭാഗ്യത്തിനും അര്‍ഹനായിത്തീര്‍ന്ന ഞങ്ങളുടെ പിതാവായ മാര്‍ യൗസേപ്പേ, അങ്ങേ വത്സല മക്കളായ ഞങ്ങള്‍ക്കും ഈശോമിശിഹായോടും പരി. കന്യകാമറിയത്തോടും അങ്ങയോടും യോജിച്ചു കൊണ്ട് സ്വര്‍ഗ്ഗീയ മഹത്വത്തില്‍ ഭാഗഭാക്കുകളാകുവാനുള്ള അനുഗ്രഹം പ്രാപിച്ചു നല്‍കേണമേ. ദൈവം ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യവും ചുമതലകളും വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ബലഹീനതകളും പ്രലോഭനങ്ങളും നിമിത്തം ഭൂതകാലത്തില്‍ ഞങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിച്ചു ഭാവിയില്‍ തീക്ഷ്ണതയോടെ ജീവിക്കുന്നതാണ്.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

സ്വര്‍ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിനര്‍ഹമാക്കേണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.