മരിയന്‍ പത്രത്തില്‍ മാതാവിന്‍റെ വണക്കമാസം രണ്ടാം ദിവസം

പരിശുദ്ധ കന്യകയെ ദൈവം തിരഞ്ഞെടുക്കുന്നു

ആദിമാതാപിതാക്കന്മാര്‍ ചെയ്ത പാപം മൂലം മാനവരാശിക്ക് ലഭിച്ചിരുന്ന ദൈവികജീവന്‍ നഷ്ടപ്പെട്ടു. എങ്കിലും മാനവവംശത്തെ രക്ഷിക്കുവാന്‍ പിതാവായ ദൈവം സ്വപുത്രനെ ലോകത്തിലേക്ക് അയച്ചു. ദൈവത്തിന്റെ കാരുണ്യം മനുഷ്യരില്‍ പ്രകാശിപ്പിക്കുവാന്‍ അവിടുന്ന് മനുഷ്യരൂപം സ്വീകരിക്കുകയാണ് ചെയ്തത്.

അങ്ങനെ പരിപൂര്‍ണ്ണ മനുഷ്യത്വം സ്വീകരിക്കാന്‍ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠും പുണ്യങ്ങളാല്‍ അലംകൃതയുമായ പരിശുദ്ധ കന്യകയെ തിരഞ്ഞെടുത്തുവെന്നത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ദൈവമാതൃത്വം സ്വീകരിച്ചുകൊണ്ട് ദൈവത്തിന് ഈ മഹനീയ കര്‍മ്മത്തില്‍ പങ്കാളിയാകാന്‍ സാധിച്ചു. അന്ന് ജീവിച്ചിരുന്ന സകല യഹൂദ സ്ത്രീകളിലും വച്ച് ശ്രേഷ്ഠയായ ഒരു സ്ത്രീയെ ദൈവമാതൃ സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയല്ല ദൈവം ചെയ്തത്. നിത്യകാലം മുതല്‍ മറിയത്തെ ദൈവം സ്വമാതാവായി തിരഞ്ഞെടുക്കുവാന്‍ നി്ശ്ചയിച്ചിരിക്കുകയായിരുന്നു പ്രപഞ്ചോല്‍പത്തിയുടെ ആരംഭത്തില്‍ തന്റെ വഴികളുടെ ആരംഭത്തില്‍ യാതൊന്നും സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ആദിയില്‍ മറിയത്തെ സ്വായത്തമാക്കിയിരുന്നു.

വചനം പറയുന്നു. സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായ അരുവികള്‍ക്കും മുന്‍പുതന്നെ എനിക്ക് ജന്മം കിട്ടി. പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കും രൂപം കിട്ടുന്നതിന് മുമ്പ് ഞാനുണ്ടായി. ഭൂമിയോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മ്മിക്കുന്നതിനും മുമ്പ് എനിക്ക് ജന്മം നല്കപ്പെട്ടു.( സുഭാ 8: 23;28)പരിശുദ്ധ കന്യകയെപോലെ നമ്മെ ഓരോരുത്തരെയും ദൈവം തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്നത്തെ ലോകത്തില്‍ ഒരു ദൗത്യം നമുക്ക് നിര്‍വഹിക്കാനുണ്ട്. കുടുംബത്തിലും സ
മൂദായത്തിലും രാഷ്ട്രത്തിലും നമ്മുടെ ദൗത്യനിര്‍വഹണം ആവശ്യമാണ്.

സംഭവം

ഫ്രാന്‍സില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര നടത്തുകയായിരുന്നു. അവരോടൊപ്പം തീവണ്ടിയില്‍ കയറിയ വൃദ്ധനായ ഒരു യാത്രക്കാരനെ അവര്‍ ശ്രദ്ധിച്ചു. വൃദ്ധന്‍ കുറെ സമയം കഴിഞ്ഞപ്പോള്‍ ജപമാലയെടുത്തു പ്രാര്‍ത്ഥിക്കാനാരംഭിച്ചു. അയാളുടെ മതവിശ്വാസത്തില്‍ പുച്ഛം തോന്നിയ നിരീശ്വരവാദികളായ വിദ്യാര്‍ത്ഥികള്‍ ആ വൃദ്ധനെ അപഹസിച്ചുകൊണ്ട് സംഭാഷണമാരംഭിച്ചു. ഇതുകേട്ടിട്ടും അദ്ദേഹം പ്രാര്‍ത്ഥന തുടര്‍ന്നു അയാളുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പല കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് ചോദിച്ചു.

അവയ്‌ക്കെല്ലാം അദ്ദേഹം ശാന്തനായി മറുപടി പറഞ്ഞു.അവരുടെ സംഭാഷണം സാഹിത്യപരമായ കാര്യങ്ങളിലേക്ക് കടന്നപ്പോള്‍ അന്നത്തെ പ്രശസ്ത നോവലിസ്റ്റും ഫ്രഞ്ചുസാഹിത്യത്തിലെ അനിഷേധ്യനേതാവുമായ വിക്ടര്‍ ഹ്യൂഗോവിനെപറ്റി പരാമര്‍ശിച്ചു. ഹ്യൂഗോവിനെക്കുറിച്ച്കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട് എന്ന കാര്യം അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. അവര്‍ ഹ്യൂഗോയുടെ ഗുണഗണങ്ങള്‍ സവിസ്തരം പ്രതിപാദിച്ചു യാത്ര അവസാനിച്ച് വിട ചോദിക്കവെ ആ വൃദ്ധന്‍ അവരോട് പറഞ്ഞു.

വിക്ടര്‍ ഹ്യൂഗോയെക്കുറിച്ച് ഒരു കാര്യം മാത്രം നിങ്ങള്‍ പറഞ്ഞില്ല. എന്താണത്? അവര്‍ ചോദിച്ചു. അദ്ദേഹം ഒരു മരിയഭക്തന്‍കൂടിയാണ്. എന്താണതിന് തെളിവ് നിങ്ങള്‍ക്കത് എങ്ങനെ അറിയാം. വൃദ്ധന്‍ ഇങ്ങനെ മറുപടി പറഞ്ഞു, നിങ്ങള്‍ പ്രകീര്‍ത്തിച്ച വിക്ടര്‍ ഹ്യൂഗോ ഞാന്‍ തന്നെയാണ്. നിങ്ങളുടെ മുമ്പില്‍ വച്ച് ഞാന്‍ കൊന്ത ചൊല്ലി. ഇനി അതിലും വേറെ വലിയ തെളിവ് വേണോ? വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് മാപ്പ് ചോദിച്ചിട്ടാണ് അവിടെ നിന്ന് യാത്രയായത്.

പ്രാര്‍ത്ഥന

ലോകപരിത്രാതാവിന്റെ മാതാവാകുവാന്‍ ദൈവത്താല്‍ പ്രത്യേകവിധം തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ മറിയമേ, ഞങ്ങളും സ്വര്‍ഗ്ഗഭാഗ്യത്തിന് അര്‍ഹരായിത്തീരുവാനുള്ള അനുഗ്രഹം ദൈവത്തോട് അപേക്ഷിച്ച് വാങ്ങിത്തരണമേ. ഞങ്ങളുടെ ലോകജീവിതത്തില്‍ അനേകം പ്രതിബന്ധങ്ങും പ്രലോഭനങ്ങളും തരണം ചെയ്യേണ്ടിയിരിക്കുന്നു. അവയില്‍ നിന്നെല്ലാം മുക്തിപ്രാപിച്ച് ഞങ്ങള്‍ അങ്ങയോടുകൂടി സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിന് അര്‍ഹനായിത്തീരുവാനുള്ള അനുഗ്രഹം നല്കണമേ. ഞങ്ങള്‍ ബലഹീനരാണ്. അവിടുത്തെ മാധ്യസ്ഥം ഞങ്ങള്‍ക്ക് പ്രത്യാശ നല്കുന്നുണ്ട്. നന്മ നിറഞ്ഞ അമ്മേ നിന്റെ ശക്തിയാല്‍ സ്വര്‍ഗ്ഗഭാഗ്യത്തിലെത്തിച്ചേരുന്നതുവരെയും ഞങ്ങളെ നിരന്തരം സഹായിക്കണമേ.

എത്രയും ദയയുള്ള മാതാവേ….
1 സ്വര്‍ഗ്ഗ 1 നന്മ 1 ത്രീത്വ( മൂന്നുപ്രാവശ്യം)

ലുത്തീനിയ
പരിശുദ്ധ രാജ്ഞീ…

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ 1 നന്മ
പാപികളുടെ സങ്കേതമേ വിജാതികള്‍ മുതലായവര്‍ മനസ്സ് തിരിയാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ 1 നന്മ
പാപികളുടെ സങ്കേതമേ രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാര്‍്തഥിക്കണമേ 1 നന്്മ
പാപികളുടെ സങ്കേതമേ മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ 1 നന്മ
പാപികളുടെ സങ്കേതമേ അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ 1 നന്മ

സുകൃതജപം
ദൈവമാതാവായ കന്യകാമറിയമേ ഞങ്ങള്‍ക്കും നീ മാതാവാകണമേ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.