പുഷ്പങ്ങളാല്‍ അലംകൃതമായ ഒരു ഉദ്യാനത്തില്‍ ഒരാള്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ ദൃഷ്ടിയെ ആദ്യമായി ആകര്‍ഷിക്കുന്നത് അതിലുള്ള ഏറ്റവും വിശേഷപ്പെട്ടതും സൗരഭ്യമുള്ളതുമായ പുഷ്പങ്ങള്‍ ആയിരിക്കുമല്ലോ. വിശുദ്ധിയെന്ന പുണ്യം ശോഭയല്ല പുഷ്പങ്ങള്‍ക്കു സമാനമാണ്. വിശിഷ്ട സുന്ദരമായ ഈ സ്വര്‍ഗ്ഗീയ പുണ്യത്താല്‍ ശോഭിച്ചിരുന്ന ഒരാത്മാവിനെ എല്ലാവരും സൂക്ഷിക്കുകയും ഇതിന്‍റെ സമീപത്തേയ്ക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക സാധാരണമാണ്. ഈശോ ദൈവമായിരിക്കയാല്‍ എല്ലാ പുണ്യങ്ങളും സല്‍ഗുണങ്ങളില്‍ സമ്പൂര്‍ണ്ണമായി ത്തന്നെ അങ്ങില്‍ വിളങ്ങിയിരുന്നു. എന്നില്‍ വിശുദ്ധിയെന്ന പുണ്യം അവിടുന്ന്‍ അത്ഭുതകരമായ വിധം അഭ്യസിക്കുകയും തന്‍റെ സമീപത്തേയ്ക്ക് ശുദ്ധതയുള്ള ആത്മാക്കളെ ആകര്‍ഷിക്കയും ചെയ്യുന്നു. വിശുദ്ധിയുടെ നിറകുടമായ ഒരു കന്യകയെയാണു മനുഷ്യാവതാരസമയത്ത് അവിടുന്ന്‍ മാതാവായി സ്വീകരിച്ചത്.
വളര്‍ത്തുപിതാവായി ത്തീര്‍ന്ന വിശുദ്ധ യൗസേപ്പ് ശുദ്ധതയിലും നീതിയിലും അദ്വിതീയനായിരുന്നു. അദ്ദേഹമാണ് ഈശോയുടെ ചെറുപ്പകാലത്ത് അവിടുത്തെ ഭരിച്ചു നിയന്ത്രിച്ചിരുന്നത്. ഈശോയുടെ പന്ത്രണ്ട് ശിഷ്യരില്‍ വിരക്തിയില്‍ വിശിഷ്ടമായി ശോഭിച്ചിരുന്ന വിശുദ്ധ യോഹന്നാനെ അവിടുന്ന്‍ അതീവ വാത്സല്യത്തോടെ സ്നേഹിക്കയും, സ്വന്തം മാറില്‍ തലചായിക്കുന്നതിന് ഈ ശിഷ്യനെ അനുവദിക്കുകയും ചെയ്തു. ഈശോയുടെ ജീവിതകാലത്ത് അനേകവിധത്തിലുള്ള ദുര്‍ഗുണങ്ങള്‍ ആരോപിച്ച് അവിടുത്തെ അപമാനിച്ചിട്ടുണ്ട്. എന്നാല്‍ ശുദ്ധതയ്ക്ക് വിരോധമായ ഒന്നും അവിടുത്തേക്കെതിരെ സംസാരിക്കുവാന്‍ എതിരാളികള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല.
ശുദ്ധതയെന്ന പുണ്യത്തില്‍ സ്ഥിരമായി നിന്ന്‍ യുദ്ധം ചെയ്യുന്ന ആത്മാക്കള്‍ മാലാഖമാര്‍ക്കു തുല്യമാണെന്നാണ് ദൈവശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്. വിശുദ്ധിയില്‍ വിശിഷ്ടമായി ശോഭിച്ച ആത്മാക്കള്‍ക്ക് മാത്രമേ ദിവ്യ ചെമ്മരിയാട്ടിന്‍ കുട്ടിയായ ഈശോയുടെ പിന്നാലെ പോകുന്നതിനും സ്വര്‍ഗ്ഗ സംഗീതം ആലപിക്കുന്നതിനും സാധിക്കയുള്ളൂ. ആകയാല്‍ ഈശോയുടെ ദിവ്യഹൃദയ ഭക്തരായ നമുക്കും അഴിഞ്ഞു പോകുന്ന സുഖസന്തോഷങ്ങളില്‍ നിന്നെല്ലാം അകന്നുമാറി ശുദ്ധമായ ജീവിതം കഴിക്കാന്‍ യത്നിക്കാം. അശുദ്ധിയെന്ന പാപത്തെ ഭയന്ന്‍ അകന്നു നടക്കുന്നവന്‍ ബുദ്ധിമാനും ഭാഗ്യവാനുമാണ് അഹംഭാവികളും, സ്വശക്തിയാല്‍ എല്ലാം നേടിക്കൊള്ളാം എന്നു വിചാരിക്കുന്നവരും തീര്‍ച്ചയായും ഇതില്‍ തന്നെ വീണു നശിക്കും.
സ്വശക്തിയിലും ജ്ഞാനത്തിലും ആശ്രയിക്കാതെ ഈശോയുടെ ശക്തമായ സഹായത്തില്‍ ശരണപ്പെട്ടുകൊണ്ട് അവിടുത്തെ ദിവ്യഹൃദയത്തില്‍ സ്വയം സമര്‍പ്പിക്കുക. ഈ പുണ്യം നഷ്ടമാകാതിരിക്കുവാന്‍ അതിനു വിരോധമായ എല്ലാ പാപസാഹചര്യത്തില്‍ നിന്നും അകന്നു മാറണം. വിശുദ്ധ കന്യകയോടും വിരക്തരുടെ കാവല്‍ക്കാരനായ വി.യൗസേപ്പിനോടും ദിവസം തോറും പ്രാര്‍ത്ഥിക്കണം. ഈ മുന്‍കരുതലുകള്‍ എടുക്കുന്നവര്‍ പാപത്തില്‍ വീഴുകയില്ലായെന്നു മനസ്സിലാക്കുക.
ജപം
ഏറ്റവും പരിശുദ്ധമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ ശുദ്ധതയുടെ വെണ്മയാല്‍ മാലാഖമാര്‍ പോലും അത്ഭുതപ്പെട്ട് അങ്ങേ ആരാധിക്കുന്നു. ദിവ്യനാഥാ! എന്‍റെ ഹൃദയത്തിലുള്ള അശുദ്ധമായ ആഗ്രഹങ്ങളെയും ക്രമമല്ലാത്ത ആശകളേയും മാറ്റി, മാലാഖയ്ക്കടുത്ത ശുദ്ധതയെ ഇഷ്ടപ്പെടുവാനും പരിശുദ്ധമായ ജീവിതം കഴിപ്പാനും വിശുദ്ധന്‍മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഭാഗ്യത്തിന് യോഗ്യനാകുവാനും എനിക്ക് അനുഗ്രഹം നല്‍കണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദാശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,
നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,
ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,
അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,
ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,
മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,
സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,
പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
പരിശുദ്ധിയുടെ ആലയമായ ഈശോയുടെ ദിവ്യഹൃദയമേ, വിശുദ്ധ ജീവിതം കഴിക്കുവാന്‍ അനുഗ്രഹം നല്കണമേ.