വത്തിക്കാന്‍ സിറ്റി: ബാംബിനോ ജേസു ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. യുക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ കുട്ടികളെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയായിരുന്നു പാപ്പയെത്തിയത്.
കാന്‍സര്‍ രോഗത്തിനും ന്യൂറോളജി സംബന്ധമായ രോഗങ്ങള്‍ക്കും ചികിത്സയില്‍ കഴിയുന്ന യുക്രെയ്‌നില്‍ നിന്നുള്ള കുട്ടികളെ പാപ്പ സന്ദര്‍ശിച്ചു.യുക്രെയ്‌നില്‍ യുദ്ധം ആരംഭിച്ച ദിവസങ്ങളില്‍ ചികിത്സയ്ക്കായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരായിരുന്നു ഈ കുട്ടികള്‍. രോഗികളായ കുട്ടികള്‍ക്ക് പുറമെ യുദ്ധത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികളും ഇവിടെയുണ്ട്. വാര്‍ഡില്‍ കഴിയുന്ന എല്ലാ കുട്ടികളെയും പാപ്പ സന്ദര്‍ശിച്ചു.
യുദ്ധം ആരംഭിച്ചപ്പോള്‍ മുതല്‍ യുക്രെയ്‌നില്‍ നിന്നുള്ള 50 കുട്ടികളാണ് ഇവിടെയുള്ളത്.
കഴിഞ്ഞ ആഴ്ചയിലെ പൊതുദര്‍ശന വേളയില്‍ യുദ്ധത്തിന്റെ ഇരകളായി കഴിയുന്ന കുട്ടികള്‍ക്കുവേണ്ടി പാപ്പ പ്രാര്‍്ത്ഥിച്ചിരുന്നു. കര്‍ത്താവേ ഈ കുട്ടികളെ അങ്ങ് സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേയെന്ന് പ്രാര്‍ത്ഥിച്ച പാപ്പ, പരിശുദ്ധ അമ്മയോടും കുട്ടികള്‍ക്കുവേണ്ടി മാധ്യസ്ഥം യാചിച്ചിരുന്നു.