ക്രാക്കോവ്: യുക്രെയ്ന് അഭയാര്‍ത്ഥികളെ റെയില്‍വേ സ്റ്റേഷനില്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ് ആദാം സാല് ഹൃദയപൂര്‍വ്വം സ്വീകരിച്ചു. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് യുക്രെയ്നില്‍ നിന്ന് പോളണ്ടിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും പുതിയ സംഘത്തെയാണ് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചത്.
അഭയാര്‍ത്ഥികളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹം അവരുടെ മാതൃരാജ്യത്തിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അറിയിച്ചു. പോളണ്ടിലെ ജനത യുക്രെയ്ന് അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ഹൃദയം തുറക്കണമെന്നും അവരെ സ്വീകരിക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലും ഓര്‍മ്മിപ്പിച്ചിരുന്നു.
സെന്‍ട്രല്‍ യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ 38 മില്യന്‍ ആളുകളാണ് ഉള്ളത്. പോളണ്ടിലെ കത്തോലിക്കാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സഹായസഹകരണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പോളണ്ടിലെ ദേവാലയങ്ങളില്‍ ഫെബ്രുവരി 27 ന് യുക്രെയ്ന് വേണ്ടി പിരിവ് എടുത്തിരുന്നു. വിഭൂതി ബുധനാഴ്ചയായ നാളെയും യുക്രെയ്ന് വേണ്ടി ധനശേഖരണം നടത്തും. കാരിത്താസ് പോളണ്ടിന്റെ നേതൃത്വത്തിലാണ് കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും നടക്കുന്നത്.