അയ്സവാല്: യുക്രെയ്നില്‍ നിന്നുള്ള യുദ്ധവാര്‍ത്തകള്‍ നമ്മെ ഭയചകിതരും ദു:ഖിതരുമാക്കുമ്പോള് ഇതാ യുദ്ധത്തിന്റെ കലാപങ്ങള്‍ക്കിടയിലും സേവനനിരതായി കഴിയുന്ന രണ്ട് കന്യാസ്ത്രീകള്‍ കൂടി. മിസോറാമില്‍ നിന്നുള്ള സിസ്റ്റര്‍ റോസെലായും സിസ്റ്റര്‍ ആന്‍ ഫ്രിഡായുമാണ് ഇവര്‍. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളാണ് ഇവര്‍.
ജീവന് പോലും പണയപ്പെടുത്തിയാണ് ഇവര്‍ യുദ്ധമുഖത്ത് കഴിഞ്ഞുകൂടുന്നത്. ബന്ധുക്കളും അധികാരികളും തങ്ങളുടെ സുരക്ഷയോര്‍ത്ത് ആകുലരാണെങ്കിലും തങ്ങള്‍ക്ക് അത്തരത്തിലുള്ള യാതൊരുവിധ ഭീതിയുമില്ലെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. യുദ്ധത്തിന്റെ ദുരിതങ്ങള്‍ക്ക് ഇരകളായി കഴിയുന്നവരെ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഇന്ത്യക്കാരായ എല്ലാവരോടും യുക്രെയ്ന് വിട്ടുപോരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അവിടെ തന്നെ തുടരുന്ന കന്യാസ്ത്രീകളെയോര്ത്ത് താന്‍ അഭിമാനിക്കുന്നതായി ആര്‍ച്ച് ബിഷപ് ജോണ്‍ മൂലച്ചിറ പറഞ്ഞു. മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവന്‍ ബലിഅര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്ന ക്രിസ്തുവിന്റെ മാതൃക തന്നെയാണ് ഈ കന്യാസ്ത്രീകള്‍ അനുവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.