സഭയെപ്പോഴും വിശ്വസ്തയായിരിക്കും, അവള്‍ എപ്പോഴും തന്റെ ജനത്തോടൊത്തായിരിക്കും. യുക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികന്‍ ഫാ. അന്റോണിയോ വാട്‌സെബായുടെ വാക്കുകളാണ് ഇത്. യുദ്ധഭൂമിയില്‍ തന്റെ ആടുകള്‍ക്കൊപ്പം ജീവിക്കാന്‍ ധൈര്യംകാണിക്കുന്ന വൈദികരുടെ പ്രതിനിധിയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ പോലെ നിരവധി വൈദികരാണ് മിസൈലുകള്‍ വന്ന് പതിക്കുമ്പോഴും എല്ലാ ദിവസവും വിശ്വാസികള്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിക്കുന്നത്.
എല്ലാ ദിവസവും രണ്ടുതവണ ദിവ്യബലി അര്‍പ്പിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭയാര്‍ത്ഥികളെ തങ്ങള്‍ സ്വീകരിക്കുന്നു, ദേവാലയത്തില്‍ വരെ അന്തിയുറങ്ങാന്‍ അവസരം കൊടുക്കുന്നു. മറ്റ് ചിലരെ കോണ്‍വെന്റുകളിലും.കന്യാസ്ത്രീകള്‍ ഈ ഭാഗങ്ങളില്‍ ഏറെ പ്രവര്‍ത്തനനിരതരാണ്. കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും പരിചരണമാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഓണ്‍ലൈനിലൂടെ മതബോധനവും പ്രാര്‍ത്ഥനകളും നല്കുന്നത് തങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പക്ഷേ യുക്രെയ്‌നിലെ ചില നഗരങ്ങളിലേക്ക് മനുഷ്യസഹായം എത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു, അവിടെ ഭക്ഷണത്തിന്റെ അഭാവവും ടെലിഫോണ്‍ സൗകര്യങ്ങളുടെ കുറവും നല്ലതുപോലെ അനുഭവിക്കുന്നു. ഖേര്‍സണ്‍ പ്രവിശ്യ റഷ്യന്‍ പട്ടാളം വളഞ്ഞുകഴിഞ്ഞുവെങ്കിലും ഇതുവരെ വൈദികര്‍ സുരക്ഷിതരാണ്. അതുകൊണ്ടാണ് രണ്ടുനേരം ദിവ്യബലി അര്‍പ്പിക്കാന്‍ കഴിയുന്നത്.
സഭയെന്ന് പറയുന്നത് ഒരിക്കലും മെത്രാന്മാരും വൈദികരും മാത്രം ചേര്‍ന്നതല്ല വിശ്വാസികള്‍ കൂടി ചേരുന്നതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അവരുടെ ഒപ്പം നിലകൊള്ളുന്നത്, അല്മായരെ തനിച്ചുവിടാന്‍ പാടില്ല. അത്യന്തം ദുഷ്‌ക്കരമായ ഈ സമയത്ത് അവരെ പ്രാര്‍ത്ഥനകൊണ്ടു പിന്തുണയ്ക്കണം. വൈദികന്റെ സാന്നിധ്യം ഇതുപോലൈാരു സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്.
ഏല്പിച്ചുതന്നിരിക്കുന്ന അജഗണത്തെ ഉപേക്ഷിച്ചുപോകരുതെന്നും അവരുടെ സുരക്ഷ പ്രധാനമാണെന്നും ക്രിസ്തു പറയുന്നുണ്ടല്ലോ, അതുകൊണ്ട് ഞങ്ങള്‍ എന്നും ഇവരുടെ ഒപ്പമുണ്ടായിരിക്കും. അദ്ദേഹം പറയുന്നു.