സാഹചര്യങ്ങള്‍ അനുദിനം പ്രതികൂലമായി കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് ലോകം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ലോകത്തില്‍ നടക്കുന്ന ഓരോ ക്രമക്കേടുകളും അസ്വസ്ഥതകളും എല്ലാ മനുഷ്യരെയും ബാധിക്കുന്നുണ്ട്.
ഒരു വശത്ത് കോവിഡ്, ലോക്ക് ഡൗണ്‍, സാമ്പത്തികപ്രതിസന്ധി, തൊഴില്‍ നഷ്ടം,മറുഭാഗത്ത് യുദ്ധങ്ങള്‍, പ്രളയം . ഇങ്ങനെ പ്രതികൂലമായ നിരവധി സാഹചര്യങ്ങള്‍. പലരുടെയും മനസ്സ് മരവിപ്പും മടുപ്പിലുമാണ്. ഇത്തരമൊരു അവസ്ഥയില്‍ നമുക്ക് ദൈവത്തെ ആശ്രയിക്കുക മാത്രമാണ് ഏകവഴി.
പക്ഷേ നമ്മുടെ സ്വഭാവം മനുഷ്യരെ ആശ്രയിക്കുക എന്നതാണ്. അവന്‍ സഹായിക്കും, അവനോട് ചോദിക്കാം എന്ന മട്ടിലാണ് നാം വിചാരിക്കുന്നത്.
എന്നാല്‍ ദൈവത്തെ ആശ്രയിക്കുക. നമുക്ക് ദൈവം മാത്രമേയുള്ളൂ. കര്‍ത്താവില്‍ ആശ്രയം കണ്ടെത്തേണ്ടതിനെക്കുറിച്ച് 27 ാം സങ്കീര്‍ത്തനത്തില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്.
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിന് കോട്ടയാണ്. ഞാന്‍ ആരെ പേടിക്കണം?
അതെ കര്‍ത്താവിനെ നമുക്ക് പ്രകാശവും രക്ഷയുമായി സ്വീകരിക്കാം. അവിടുത്തെ മുറുകെ പിടിക്കാം. എന്റെ കര്‍ത്താവേ എനിക്കെതിരെ ശത്രുക്കള്‍ മുഴുവന്‍ അണിനിരന്നാലും നിന്നിലുളള ആശ്രയത്വം എനിക്ക്നഷ്ടമാകാതിരിക്കട്ടെ. എല്ലാ നഷ്ടങ്ങളും പരിഹരിച്ചുതരുന്ന നിന്നില്‍ ഞാന്‍ ആശ്രയിക്കട്ടെ. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നീ അറിഞ്ഞുകൊണ്ടാണെന്ന ഉത്തമബോധ്യം എനിക്ക് നല്കിയാലും.
ഓ എന്റെ ഈശോയേ ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.