യുക്തിപരമായി ചികിത്സ തേടിയ നടന്‍ ടൊവിനോ തോമസിന് യുക്തിസഹമായി നല്കിയ മറുപടി വൈറലാകുന്നു

ചലച്ചിത്ര നടന്‍ ടൊവിനോ തോമസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിശ്വാസത്തെയും രോഗസൗഖ്യത്തെയും സംബന്ധിച്ച് നല്കിയ മറുപടിക്ക് സച്ചിന്‍ എട്ടിയില്‍ നല്കിയ മറുപടി ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ചെറുപ്പകാലത്ത് തനിക്ക് കിഡ്‌നി സ്റ്റോണ്‍ വന്നപ്പോള്‍ ആദ്യം പ്രാര്‍ത്ഥിച്ചുവെന്നും മാറാതെ വന്നപ്പോള്‍ ചികിത്സിച്ച് രോഗം ഭേദമാക്കിയെന്നും അതിനെതുടര്‍ന്ന് എല്ലാ കാര്യങ്ങളും യുക്തിപരമായി ചിന്തിച്ച് തീരുമാനമെടുക്കാന്‍ ആരംഭിച്ചുവെന്നുമുള്ള ടൊവിനോയുടെ വാക്കുകള്‍ക്കാണ് ക്രിസ്തീയ വി്ശ്വാസപരമായി സച്ചിന്‍ മറുപടി നല്കുന്നത്. സച്ചിന്റെ ഈ മറുപടി ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നു.

തന്റെ ചെറിയ പ്രായത്തിൽ കിഡ്നി സ്റ്റോൺ വന്നപ്പോൾ പ്രാർത്ഥനയിലൂടെ അത് മാറ്റിയെടുക്കാൻ സാധിക്കുമെന്ന് വിശ്വസിച്ചുവെന്നും, എന്നാൽ ഒരുപാട് പ്രാർത്ഥിച്ചിട്ടും രോഗം മാറാതെ വന്നപ്പോൾ ആശുപത്രിയിൽ ‘യുക്തിപരമായി’ ചികിത്സതേടി പിന്നാലെ അസുഖം ഭേദമായി എന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലയാള ചലച്ചിത്ര നടൻ ടോവിനോ തോമസ് പറയുന്നത് കേൾക്കുകയുണ്ടായി. ഇതിനുശേഷമാണ് എല്ലാ കാര്യങ്ങളിലും യുക്തിപരമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കാൻ ആരംഭിച്ചതെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. 
രോഗം വരുമ്പോൾ ആശുപത്രിയിൽ ചികിത്സ തേടാതെ പ്രാർത്ഥിച്ചാൽ മതി എന്ന് ബൈബിളിൽ പറയുന്നില്ല കത്തോലിക്കാസഭയും അങ്ങനെ പഠിപ്പിച്ചിട്ടില്ല. ലൂക്കാ എന്ന വൈദ്യനാണ് പുതിയനിയമത്തിൽ ഒരു സുവിശേഷം തന്നെ എഴുതിയത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതിനാൽ ആശുപത്രിയിൽ പോകാതെ പ്രാർത്ഥനയിലൂടെ മാത്രം രോഗം മാറ്റാം എന്ന് കരുതിയത് തന്നെ തെറ്റായിട്ടുള്ള കാര്യമാണ്. ചികിത്സതേടിയതിനുശേഷം വൈദ്യശാസ്ത്രത്തിന് രോഗം ഭേദമാക്കാൻ സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ അത് പ്രാർത്ഥനയിലൂടെ ഭേദമാക്കാൻ സാധിച്ചേക്കാം. അദ്ദേഹത്തിന്റെ ചെറിയ പ്രായത്തിൽ സംഭവിച്ച കാര്യം ആയതുകൊണ്ട് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 
എന്നാൽ അദ്ദേഹം യുക്തിയെ പറ്റി പറയുമ്പോൾ അത് കേട്ട് ചിരിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. ഇദ്ദേഹം യുക്തിപരമായി ചിന്തിക്കാൻ തുടങ്ങി എന്ന് അവകാശപ്പെടുന്നതിന് ഏറെ കാലം മുമ്പ്, അതായത് 2000 വർഷങ്ങൾക്ക് മുമ്പ് തന്നെ കത്തോലിക്കാസഭ യുക്തിപരമായി ചിന്തിക്കാൻ ആരംഭിച്ചിരുന്നു. റോമൻ സാമ്രാജ്യത്തിൽ പോലും ഇല്ലായിരുന്ന നമ്മൾ ഇന്ന് കാണുന്ന ആശുപത്രി സംവിധാനം ആരംഭിച്ചത് കത്തോലിക്കാ സഭയിലെ സന്യസ്തരാണ്. എഡി 369ൽ വിശുദ്ധ ബേസിൽ സ്ഥാപിച്ച ചികിത്സാകേന്ദ്രമാണ് ആദ്യത്തെ പൊതു ആശുപത്രിയായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നാളുകളിൽ തന്നെ എല്ലാ നഗരങ്ങളിലും ആശുപത്രികൾ സ്ഥാപിക്കാനുള്ള ശ്രമം കത്തോലിക്കാ നേതൃത്വം ആരംഭിച്ചിരുന്നു. സഭയുടെ പല ആശുപത്രികളിലും ദരിദ്രരായവർക്ക് ചികിത്സ സൗജന്യമായി നൽകിയിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. കൂടാതെ ആരുടെയും മതം നോക്കിയല്ല സഭ ചികിത്സ നൽകിയിരുന്നത്. അക്രൈസ്തവ ചിത്രകാരനായിരുന്ന ലൂസിയൻ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു “The earnestness with which the people of this religion help one another in their needs is incredible” 
ഇന്നും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര പ്രസ്ഥാനം കത്തോലിക്കാസഭ തന്നെയാണ്. ഇതു കൂടാതെ വൈദ്യശാസ്ത്രരംഗത്ത് വലിയ സംഭാവനകളാണ് കത്തോലിക്കാ വൈദികർ ഉൾപ്പെടെ കാലാകാലങ്ങളായി നൽകുന്നത്. ആധുനിക ജനറ്റിക്സിന്റെ പിതാവ് ഗ്രിഗർ മെൻഡൽ ഒരു അഗസ്റ്റീനിയൻ സന്യാസിയായിരുന്നു.  നിരീശ്വരവാദം ആണ് അദ്ദേഹം യുക്തിയായി പറയുന്നതെങ്കിൽ, നിരീശ്വരവാദികൾ തുടങ്ങിയ ആശുപത്രികൾ കണ്ടെത്താൻ കുറച്ച് പാടുപെടേണ്ടി വരും. കൂടാതെ അവർ വൈദ്യശാസ്ത്രരംഗത്ത് ഇരുപതാം നൂറ്റാണ്ടിനു മുമ്പ് വരെ നൽകിയ സംഭാവനകൾ കണ്ടെത്താൻ ഗൂഗിളിനു പോലും ബുദ്ധിമുട്ടായിരിക്കും. 
എന്തായാലും ആശുപത്രിയിൽ പോയപ്പോൾ കിഡ്നി സ്റ്റോൺ ഭേദമായി എന്നാണ് ടോവിനോ തോമസ് അഭിമുഖത്തിൽ പറയുന്നത്. തൃശ്ശൂരിൽ ‘യുക്തിയില്ലാത്ത’ കത്തോലിക്കാസഭ നടത്തുന്ന ഏതെങ്കിലും ആശുപത്രിയിൽ ആയിരിക്കും അദ്ദേഹം ചികിത്സ നടത്താൻ വേണ്ടി പോയത്. കാരണം ‘യുക്തിയുള്ള’ നിരീശ്വരവാദികൾ നടത്തുന്ന ആശുപത്രികൾ ഒന്നുംതന്നെ തൃശ്ശൂരിൽ ഉള്ളതായി കേട്ടിട്ടില്ല 

സച്ചിൻ എട്ടിയിൽ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. അതുൽ ജോസഫ് says

    ഈ കാലഘട്ടത്തിൽ, അന്ന് ചെയ്തിരുന്നത് പോലെ സൗജന്യ ചികിത്സ നൽകാൻ സാധിക്കുമോ,സൗജന്യ പഠനം നൽകാനും സഭയ്ക് ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ടല്ലോ.സഭ വാണിജ്യ അടിസ്ഥനാത്തിൽ ചിന്തിക്കാൻ തുടങ്ങിയതയോ ? മനുഷ്യരെല്ലാം സാമ്പത്തികമായി ഉയർന്നു എന്ന തോന്നലുകൾ ഉള്ളത് കൊണ്ടാണോ??

Leave A Reply

Your email address will not be published.