തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി റവ. ഡോ. തോമസ് നെറ്റോയെ തിരഞ്ഞെടുത്തു. പാളയം പള്ളിയില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യമാണ് പുതിയ ആര്‍ച്ചുബിഷപ്പിനെ പ്രഖ്യാപിച്ചത്. അതേ സമയം തന്നെ റോമിലും പ്രഖ്യാപനം നടന്നു.
1964 ഡിസംബര്‍ 29 ന് തിരുവനന്തപുരം പുതിയതുറയില്‍ ജനിച്ച റവ. ഡോ. തോമസ് ജെ നെറ്റോ 1989 ഡിസംബര്‍ 19 നാണ് തിരുവനന്തപുരം അതിരൂപതയില്‍ വൈദികനായത്. തിരുവനന്തപുരം സെന്റ് വിന്‍സെന്റ് മൈനര്‍ സെമിനാരി, സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി മംഗലപ്പുഴ എന്നിവിടങ്ങളില്‍ നിന്നായി വൈദികപഠനം പൂര്‍ത്തിയാക്കി. റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2021 മുതല്‍ എപ്പിസ്‌ക്കോപ്പല്‍ വികാരിയായും മിനസ്ട്രികളുടെ കോഓഡിനേറ്ററായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ശാരീരിക അവശതകളെ തുടര്‍ന്ന് നേരത്തെ ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു.