“നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്ന് കരുതുന്ന സമയം വരുന്നു”. (യോഹന്നാൻ 16: 2)
ലോകഭൂപടത്തിൽ ശ്രീലങ്കയെ കണ്ടാൽ, കണ്ണിൽനിന്ന് ഉരുണ്ടുകൂടി വീഴാറായി നിൽക്കുന്ന ഒരുതുള്ളി കണ്ണീർ പോലെ തോന്നും. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഈ രാജ്യത്തു നടന്ന തുടർച്ചയായ ബോംബ് സ്ഫോടനങ്ങൾ ആ രാജ്യത്തിന് മാത്രമല്ല, ലോകമനഃസാക്ഷിക്കു മുഴുവൻ തീരാത്ത കണ്ണീർ സമ്മാനിച്ചു. പാപത്തിന്റെയും മരണത്തിന്റേയും മൂടുപടം പൊട്ടിച്ചെറിഞ്ഞു മനുഷ്യരാശിക്ക് മുഴുവൻ സന്തോഷവും ജീവനും പ്രദാനം ചെയ്യാൻ, ദൈവപുത്രനായ ഈശോ പ്രകാശമായി ഉയിർത്തെഴുന്നേറ്റ ദിവസം പക്ഷേ, ശ്രീലങ്ക എന്ന രാജ്യത്തിനും ലോകമനഃസാക്ഷിക്കും വേദനയും ഇരുളും കൂടി സമ്മാനിച്ചു. അന്താരാഷ്‌ട്ര ഭീകര സംഘടനയായ ഐ എസ് ഉത്തരവാദിത്വമേറ്റെടുത്തെങ്കിലും അത് വരുത്തിവച്ച മുറിവിന്റെ ആഴം ഉടനൊന്നും ഉണങ്ങില്ല. മുന്നൂറ്റിഅമ്പതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ഞൂറിലേറെ പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത മഹാദുരന്തത്തിൽ കൊച്ചുകുട്ടികളുൾപ്പെടെയുള്ളവരാണ് അപ്രതീക്ഷിതമായി ഈ ലോകത്തോട് വിട പറഞ്ഞത്. പൊതുസംസ്കാരത്തിനായി നിരത്തിവച്ചിരിക്കുന്ന മൃതശരീരങ്ങളും കുഴിമാടങ്ങളിലേക്കുള്ള നീണ്ട വിലാപയാത്രകളും ഈ ആഴ്ചയുടെ കണ്ണീർചിത്രങ്ങളായി. മരണമടഞ്ഞ എല്ലാവരുടെയും മുൻപിൽ പ്രാർത്ഥനാഞ്ജലികൾ.
“റാമായിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു” (മത്താ. 2 : 18). ശുഭ്രവസ്ത്രധാരികളായി ആദ്യമായി ഈശോയെ വി. കുർബാനയിൽ സ്വീകരിക്കാൻ എത്തിയ കുഞ്ഞുങ്ങളുൾപ്പെടെ അൻപതിലധികം കുട്ടികളാണ് ഈശോയുടെ ഉയിർപ്പുദിനത്തിൽതന്നെ അവനുവേണ്ടി മരിച്ചത്.
ആദ്യകുർബാന സ്വീകരണത്തിന്റെ ഒരുക്കത്തിന്റെ പാരമ്യത്തിൽ, ‘ഈശോയ്ക്കുവേണ്ടി മരിക്കാൻ പോലും തയാറാണെ’ന്നു ഈ കുഞ്ഞുങ്ങൾ പറഞ്ഞിരുന്നത്രെ. ആ വാക്കുകൾ അക്ഷരശ നിറവേറി. അവർ ഈശോയെ സ്വീകരിക്കാൻ ഒരുങ്ങിനിന്ന ആദ്യദിനം തന്നെ സ്വന്തം ജീവൻ ഈശോയ്ക്ക് അവർ സമ്മാനമായി കൊടുത്തു. സംശയലേശമന്യേ പറയാം, മാലാഖാമാരായി അവർ സ്വർഗത്തിൽ ഈശോയോടൊപ്പമാണിപ്പോൾ. ശ്രീലങ്കയിൽ നിന്ന് തന്നെ ഒരു സിസ്റ്റർ ഈ ദിവസങ്ങളിൽ കുറിച്ചതുപോലെ, ബോംബ് സ്ഭോടനം നടത്തിയവർ അറിഞ്ഞില്ല, അവർ കത്തോലിക്കാ സഭയ്ക്ക് മുന്നൂറിലധികം ധീരരക്തസാക്ഷികളെയാണ് സമ്മാനിക്കുന്നതെന്ന്, ഈശോയുടെ പാവനനാമം ഉച്ചരിച്ചുകൊണ്ടു മരിച്ചു സ്വർഗ്ഗത്തിലെത്താനുള്ള അവസരമാണ് ഒരുക്കുന്നതെന്ന്.
ബോംബ് സ്ഫോടനത്തിന്റെ നടുക്കുന്ന വാർത്തകളെതുടർന്ന് മാധ്യമങ്ങളിൽ വന്ന മറ്റു ചില വാർത്തകൾ വെറും വാർത്തകളായി മാത്രം വായിച്ചുവിടേണ്ടവയല്ല. അവയിൽ ഒന്ന്, ആഴ്ചകൾക്കുമുമ്പേ തീവ്രവാദി ആക്രമണത്തെക്കുറിച്ചു ഇന്റലിജിൻസ് മുന്നറിയിപ്പ് ലഭിച്ചിട്ടും ക്രിയാത്‌മകമായി പ്രതികരിക്കാൻ ശ്രീലങ്കൻ അധികൃതർ തയാറായില്ലെന്നതാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിപ്രധാനമായ ഒരു മുന്നറിയിപ്പിനു വേണ്ട പരിഗണന കൊടുക്കാതിരുന്നത് ഒരു ജനതയെ മുഴുവൻ വിവരിക്കാനാകാത്ത നാശത്തിലേക്കും ദുഖത്തിലേക്കുമെതിച്ചു.
നമ്മുടെ ആത്‌മീയ ജീവിതത്തിലും ഭൗതിക ജീവിതത്തിലും പല അവസരങ്ങളിലും ദൈവം ഇതുപോലെ വിവിധ മുന്നറിയിപ്പുകൾ തരാറുണ്ട്. മുതിർന്നവരുടെ ശാസനകളുടെ രൂപത്തിൽ, തിരുത്തലിന്റെ രൂപത്തിൽ, ആത്‌മീയ ഉപദേശങ്ങളുടെ രൂപത്തിൽ, മറ്റുള്ളവരുടെ ജീവിതപാഠങ്ങളുടെ രൂപത്തിൽ, ചിലപ്പോൾ ചെറിയ ശിക്ഷണങ്ങളുടെ രൂപത്തിലും. ഇതെല്ലാം വലിയ അപകടങ്ങളെ തടഞ്ഞു നിർത്തുന്ന ജീവൻ രക്ഷ ചാലകങ്ങളാണ്. ഇടിമിന്നലിനെ തടഞ്ഞു നിർത്തുന്ന ‘മിന്നൽ രക്ഷാ ചാലകങ്ങൾ’ പോലെ. റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുന്ന മുന്നറിയിപ്പുകളും അടയാളങ്ങളും യാത്രികരെ സഹായിക്കുന്നതുപോലെ. ഗൗരവപൂർവം അവയെ സ്വീകരിക്കുന്നവർ തങ്ങൾക്കും മറ്റുള്ളവർക്കുമുള്ള വലിയ അപകടങ്ങളെ ഒഴിവാക്കും. മറ്റുള്ളവരിൽ നിന്ന് കിട്ടുന്ന മുന്നറിയിപ്പുകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ കാണാനും അവരുടെ ജീവിതത്തിൽ അപകടങ്ങൾ കാണുമ്പോൾ വിവേകപൂർണ്ണമായ മുന്നറിയിപ്പ് നൽകാനും നമുക്ക് സാധിക്കണം.
മറ്റൊരു വാർത്ത, ബോംബ് സ്ഫോടനം നടത്തിയ ചിലരുടെ വ്യക്തിപരമായ പശ്ചാത്തലത്തെകുറിച്ചാണ്. സമ്പന്ന കുടുംബത്തിൽ ജനിച്ചവർ, വിദേശ രാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടിയവർ. സാധാരണ നാട്ടിൻപുറത്തുള്ളവരേക്കാൾ ലോകം പരിചയമുള്ളവർ. എന്നിട്ടും ഒരു ചാവേറായി മാറാൻ മാത്രം അവരുടെ മതം അവരെ അന്ധമാക്കിക്കളഞ്ഞു. “മതഭ്രാന്ത് തലയിൽ കയറിയപ്പോൾ മുതൽ ജീവിതത്തിന്റെ സ്വാഭാവിക ഭംഗി ആസ്വദിക്കാൻ കഴിയാതായി, സംഗീതം ആസ്വദിക്കാൻ കഴിയാതായി, മുൻപ് തമാശ ആസ്വദിച്ചിരുന്നവർ ചിരിക്കാൻ പോലും കഴിയാതെ ഗൗരവക്കാരായി, ചെറിയ കാരണങ്ങളുടെ പേരിൽ സ്വന്തക്കാരോട് പോലും മിണ്ടാതെ അകന്നു കഴിയുന്നു, മതാനുഷ്‌ഠാനങ്ങൾ തെറ്റിക്കുമ്പോൾ വീട്ടിലുള്ളവരോടുപോലും അമിതമായി ദേഷ്യവും കോപവും പ്രകടിപ്പിക്കുന്നു. സഹിഷ്ണുതയില്ലാതെ, സ്വന്തം ചിന്ത മാത്രം ശരി എന്ന് പറഞ്ഞു മത സംവാദങ്ങളിൽ ഏർപ്പെടുന്നു, ഒരാളോടുപോലും സൗഹൃദഭാവത്തോടെ പെരുമാറാൻ കഴിയാതെയായി…” ഭീകരാക്രമണത്തിൽ ഒരു ചാവേറായി മാറിയ അബ്ദുൽ ലത്തീഫ് ജമീൽ മുഹമ്മദിന്റെ സഹോദരി സ്വന്തം സഹോദരന്റെ സ്വഭാവത്തിൽ അടുത്ത നാളുകളിലുണ്ടായ മാറ്റങ്ങൾ ഓർത്തെടുത്തതാണ് ഇതെല്ലാം.
അധികമാകുന്നതെന്തായാലും തെറ്റാണ്; അത് സ്നേഹമായാലും മതമായാലും. ‘അധികമായാൽ അമൃതും വിഷം’ എന്ന ചൊല്ലിന്റെ അർത്ഥം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ദൈവത്തിലേക്കെത്താൻ സഹായിക്കേണ്ട മതത്തെ, ദൈവസ്ഥാനത്തു കാണാൻ തുടങ്ങുമ്പോൾ അതിനുവേണ്ടി (ദൈവത്തിനുവേണ്ടിയെന്നപോലെ ) എന്തും ചെയ്യാൻ മനുഷ്യന് മടിയില്ലാതാകും. ‘റിലീജിയൻ’ എന്ന വാക്കിൻറെ ഉദ്ഭവം ‘Religare’ എന്ന ലത്തീൻ വാക്കിൽ നിന്നാണെന്നു പറയപ്പെടുന്നു. ഈ വാക്കിന്റെ അർത്ഥം ‘ബന്ധിപ്പിക്കുക’ എന്നാണ്. ചുരുക്കത്തിൽ, മനുഷ്യന് ദൈവത്തോടും സഹോദരങ്ങളോടും ബന്ധപ്പെടാനും അതുവഴി പരസ്പര സാഹോദര്യത്തിലേയ്ക്ക് വഴി തുറക്കാനുമാണ് മതങ്ങൾ. ഈ അർത്ഥം അറിയാത്തവർ, യഥാർത്ഥ ആത്‌മീയത ഇല്ലാത്ത വെറും മത ജീവികൾ മാത്രമാകും. ലോകത്തിനു മുമ്പിൽ, അവർ സത്യത്തിൽ അവരുടെ മതത്തിന്റെതന്നെ പ്രചാരകരായല്ല, അന്തകരായി മാറുകയാണ്. ഇത്തരം മതജീവികൾ സത്യത്തിൽ വിശ്വാസകളല്ല, അന്ധവിശ്വാസികളും അൽപ വിശ്വാസികളുമാണ്.
ദൈവത്തിലേക്കെത്താനും മറ്റു മനുഷ്യരെ ഉൾക്കൊള്ളാനും നമ്മുടെ മതവിശ്വാസങ്ങൾ നമ്മെ സഹായിക്കട്ടെ. “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും, സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താൽ, അവൻ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല” (1 യോഹന്നാൻ 4:20). “അടുത്തുനിൽക്കുമൊരനുജനെനോക്കാൻ അക്ഷികളില്ലാത്തോർക്കരൂപനീശ്വര- നദൃശ്യനായതിൽ എന്താശ്ചര്യം?” എന്ന് കവി വചനം. നിയമത്തിലെ ഏറ്റവും പ്രധാനമായ കല്പന ഏതാണ് എന്ന് ചോദിച്ചു തന്റെ അടുത്ത് എത്തിയ യുവാവിനോട് ഈശോ പറഞ്ഞു: “ഒന്നാമത്തേത് ദൈവത്തെ സ്നേഹിക്കുക”. രണ്ടാമത്തേത് ഏതാണെന്നു ചോദിക്കാതെതന്നെ ഈശോ കൂട്ടിച്ചേർത്തു: “രണ്ടാമത്തേത് ഇതിനു തുല്യം തന്നെ, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.” (മത്തായി 22, 37 – 39). ഹൃദയത്തിലുള്ള ദൈവസ്നേഹം പുറത്തു പ്രകടിപ്പിക്കേണ്ടത് സഹോദരങ്ങളെ സ്നേഹിച്ചു കൊണ്ടാണെന്ന് അർത്ഥം.
കത്തോലിക്കാ തിരുസഭയിൽ ദൈവകരുണയുടെ തിരുനാളും തോമാശ്ലീഹാ ഉത്ഥിതനായ ഈശോയെ തിരിച്ചറിഞ്ഞ പുതുഞായർ തിരുനാളും ഇന്ന് ഒരുമിച്ചു ആഘോഷിക്കുന്നു. ദൈവത്തിന്റെ അനന്ത കരുണ ഈ മഹാദുരന്തത്തിന്റെ കാരണക്കാരോട് ക്ഷമിക്കട്ടെ.
ഉത്ഥിതനായ ഈശോയെ തൊട്ടറിഞ്ഞ തോമാശ്ളീഹായുടെ ധൈര്യവും പുതുജീവനും ഈ ദുരിതക്കയത്തിൽനിന്നു കയറിവരാൻ ശ്രീലങ്കൻ ജനതയ്ക്ക് ധൈര്യവും ജീവനും പകരട്ടെ. ശ്രീലങ്കയുടെ കണ്ണീർതുള്ളികൾ തിളങ്ങുന്ന മുത്തായി മാറട്ടെ. ആമ്മേൻ.
പ്രാർത്ഥനയോടെ, ദൈവാനുഗ്രഹം നിറഞ്ഞ ഒരു നല്ല ആഴ്ച ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
പല ആചാരങ്ങളും മറ്റു മതസ്ഥരുടേതു പോലെ തീവ്രവും അന്ധവും അല്ല ക്രിസ്ത്യാനികൾക്ക്. സംഭവിക്കാൻ പോകുന്നത് ഇത്രയും മാത്രം. സാധാരണ ക്രിസ്ത്യൻ ജനങ്ങൾക്കിടയിലും മത തീവ്രത വളരും.