കൊച്ചി: വിശ്വാസത്തെക്കുറിച്ചുള്ള അറിവില്‍ പരിപോഷിപ്പിക്കപ്പെടാനും കൗദാശികജീവിതത്തില്‍ ആഴപ്പെടാനും വിശ്വാസപരിശീലനത്തിലൂടെ സഭ ലക്ഷ്യമിടുന്നതായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ വിശ്വാസപരിശീലന അധ്യയനവര്‍ഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശോയുടെ വ്യക്തിത്വത്തില്‍ വളരുക, പ്രാര്‍ത്ഥനാജീവിതത്തിലുള്ള പരിശീലനം നേടുക, സമൂഹത്തില്‍ ക്രിസ്തുവിന് സാക്ഷ്യം നല്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക മുതലായ ദര്‍ശനങ്ങളും വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിവിധ രൂപത മതബോധന കേന്ദ്രങ്ങള്‍ തയ്യാറാക്കിയ ക്ലാസുകള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യും. ഏഴുമുതല്‍ വിവിധ സമയങ്ങളിലായി ഗുഡ്‌നെസ്, ശാലോം, ഷെക്കെയ്‌ന ടിവി ചാനലുകളിലൂടെയും വിശ്വാസപരിശീലന ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഇംഗ്ലീഷ് വിശ്വാസ പരിശീലന ക്ലാസുകള്‍ 21 ന് സംപ്രേഷണം ആരംഭിക്കും.