പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഭവനങ്ങളും ജൂൺ 19 വെള്ളിയാഴ്ച അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ പ്രത്യേക ശുശ്രൂഷയിലൂടെ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കപ്പെടുകയാണ്. എല്ലാ ഭവനങ്ങളും ഇതിനായി പ്രത്യേകം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം 7 . 30 ന് രൂപതയുടെ യൂട്യൂബ് ചാനലിലൂടെ അഭിവന്ദ്യ പിതാവ് എല്ലാ ഭാവനങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ഭവനങ്ങളിൽ തിരുഹൃദയ പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു.
എല്ലാ കുടുംബാംഗങ്ങളും ഈ ശുശ്രൂഷയിൽ പങ്കുചേർന്നുകൊണ്ട് ഈശോയുടെ തിരുഹൃദയത്തിനു പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെടുന്നതിനുവേണ്ടി ഒരുങ്ങണമെന്ന് അഭിവന്ദ്യ പിതാവും പ്രോട്ടോ സിഞ്ചെല്ലൂസ് പ്രിയ ബഹുമാനപ്പെട്ട ആന്റണി ചുണ്ടെലിക്കാട്ട് അച്ചനും രൂപതയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശുദ്ധ മാർഗരീത്ത മറിയത്തിലൂടെ ഈശോ അരുളിച്ചെയ്ത പന്ത്രണ്ടു വലിയ നന്മകൾ സാധാരണ ജീവിതത്തിലും കുടുംബത്തിലെ പ്രത്യേക സാഹചര്യങ്ങളിലും ലഭ്യമാക്കുവാൻ ഈ ശുശ്രൂഷ സഹായിക്കും. കൂടുതൽ ആത്മീയ പ്രകാശമുള്ളവരായി ഈ കോവിഡ് കാലത്തെ ആത്മീയമായി അതിജീവിക്കുവാൻ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും രൂപത വിശ്വാസസമൂഹത്തോട് അഭ്യർത്ഥിച്ചു.
തിരുഹൃദയപ്രതിഷ്ഠാ ശുശ്രൂഷക്കുവേണ്ടി വലിയ ഒരുക്കങ്ങളാണ് എല്ലാ ഭവനങ്ങളിലും നടക്കുന്നത്.തിരുഹൃദയരൂപം പ്രതിഷ്ഠിച്ചും തിരുഹൃദയപ്രതിഷ്ഠക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ച ഒരുങ്ങിയും കുടുംബത്തിലെ നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ടും ഈ ശുശ്രൂഷയിൽ പങ്കുചേരാൻ ദൈവജനം ഒരുങ്ങിക്കഴിഞ്ഞു.
ഫാ. ടോമി എടാട്ട്
പിആർഒ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത