സീറോമലബാര്‍ സഭയുടെ ഔദ്യോഗിക പ്രതിനിധികളായി മാധ്യമങ്ങളില്‍ ഇടപെടാന്‍ പുതിയ മുഖങ്ങള്‍

കാക്കനാട്: സീറോമലബാര്‍ സഭയുടെ വിവിധ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 2019 ജനുവരി 18 ന് സമാപിച്ച സീറോമലബാര്‍ സഭയുടെ സിനഡ് രൂപം നല്കിയ മീഡിയ കമ്മീഷന്‍ പുതിയ ഭാരവാഹികളെയും വക്താക്കളുടെ സമിതിയെയും നിയമിച്ചു. റവ. ഡോ. എബ്രാഹം കാവില്‍പുരയിടത്തില്‍ പി.ആര്‍.ഒ. ആയും റവ. ഫാ. ആന്റണി തലച്ചെല്ലൂര്‍ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായും നിയമിതരായി.

വക്താക്കളുടെ സമിതിയിലേയ്ക്ക് റവ. ഡോ. ആന്റു ആലപ്പാടന്‍, . ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, ഡോ. മേരി റജീന, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. രേഖ ജിജി കൂട്ടുമ്മേല്‍,  ഡോ. ചാക്കോ കാളംപറമ്പില്‍, അഡ്വ. അജി ജോസഫ് കോയിക്കല്‍, അഡ്വ. ബിജു പറയന്നിലം, ആന്റണി പട്ടാശേരി,  സാജു അലക്സ്,  സിജോ അമ്പാട്ട് എന്നിവരെ നിയമിച്ചു.

ഇനി മുതല്‍ സീറോമലബാര്‍ സഭയുടെ ഔദ്യോഗിക പ്രതിനിധികളായി മാധ്യമങ്ങളില്‍ ഇടപെടുന്നത് മേല്‍പറഞ്ഞ വക്താക്കളായിരിക്കും.

വാര്‍ത്താ വിനിമയ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങള്‍ പരിഗണിച്ചാണ് മീഡിയ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്. എല്ലാ രൂപതകളിലും മീഡിയ കമ്മീഷനുകള്‍ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് കമ്മീഷന്റെ ദൗത്യം.

മീഡിയ കമ്മീഷന്‍ ചെയര്‍മാനായി തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയെയും കമ്മീഷന്‍ അംഗങ്ങളായി ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ എന്നിവരെയും സിനഡ് നിയമിച്ചിരുന്നു. മാധ്യമങ്ങളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ചില തല്പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന വസ്തുത സിനഡിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. വിവരസാങ്കേതിക മേഖലയില്‍ വിദഗ്ദ്ധരായ വിശ്വാസികളെ ഉള്‍പ്പെടുത്തി ഇത്തരം ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുക എന്നതും മീഡിയ കമ്മീഷന്റെ ലക്ഷ്യമാണ്.

മീഡിയ രംഗത്ത് സഭയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കാനും ആവശ്യമായ പ്രതികരണങ്ങള്‍ നല്‍കാനും മീഡിയ കമ്മീഷന്‍ നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.