വിവാഹം; സഭയുടെ വിശ്വാസപ്രമാണങ്ങളെ തള്ളിക്കളയുന്ന കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിക്കുന്നു

വാഷിംങ്ടണ്‍: വിവാഹം കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരിപാവനമായ ഒരു കൂദാശയാണ്. എന്നാല്‍ ആ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്ന വിധത്തിലാണ് പുതിയ കാലത്തിലെ ആളുകള്‍ ഒരു സര്‍വ്വേയില്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ കാലത്തിന്റെ മാറിയ വീക്ഷണങ്ങളെയും വിശ്വാസങ്ങളെയും രേഖപ്പെടുത്തിയിരിക്കുന്നത്.

അമേരിക്ക ആസ്പദമാക്കിയാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. അതുപ്രകാരം അമേരിക്കക്കാര്‍ പൊതുവെ വിവാഹം കഴിക്കാതെ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചുതാമസിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് പറയുന്നത്. വിവാഹം കഴിക്കുന്ന സ്ത്രീപുരുഷന്മാരുടെ ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകളുടെയും തീരുമാനം സഹവാസമാണത്രെ.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വെറും പതിനാല് ശതമാനം മാത്രമാണ് വിവാഹം കഴിക്കാതെ സ്ത്രീപുരുഷന്മാര്‍ സ്‌നേഹബന്ധത്തില്‍ ജീവിക്കുന്നതിനെ അംഗീകരിക്കാത്തതായുള്ളത്. പതിനാറ് ശതമാനം വിശ്വസിക്കുന്നത് വിവാഹം കഴിക്കുമെന്ന തീരുമാനത്തോടെ ഒരുമിച്ചുജീവിക്കുന്നതില്‍ തെറ്റില്ല എന്നാണ്. 69% വും ഇഷ്ടപ്പെടുന്നത്‌ യാതൊരു ഉടമ്പടികളുമില്ലാതെ ഒരുമിച്ചുജീവിക്കാനാണ്.

2002 ല്‍ നടത്തിയ നാഷനല്‍ സര്‍വ്വേ ഓഫ് ഫാമിലി ഗ്രോത്ത് കണ്ടെത്തിയിരുന്നത് 18 നും 44 നും ഇടയില്‍ പ്രായമുള്ള 54% സ്ത്രീപുരുഷന്മാര്‍ സഹവാസം ഇഷ്ടപ്പെടുന്നവരാണ് എന്നായിരുന്നു. 60% വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരുമായിരുന്നു. 2017 ആയപ്പോഴേയ്ക്കും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശതമാനം 50 ആയി താഴ്ന്നിരുന്നു. എന്നാല്‍ സഹവാസം ഇഷ്ടപ്പെടുന്നവര്‍ അതേ പടി തുടരുകയും ചെയ്തിരുന്നു.

ആളുകളുടെ വിവാഹത്തെക്കുറിച്ചുള്ള താല്പര്യം കുറഞ്ഞുവരുന്നതും ദേവാലയങ്ങളിലുള്ള ഭാഗഭാഗിത്വം കുറയുന്നതും അമേരിക്കയിലെ സഭയുടെ വെല്ലുവിളികളാണെന്ന് ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ് വ്യക്തമാക്കിയിരുന്നു. കത്തോലിക്കായുവജനങ്ങള്‍ക്ക് മതബോധനം നല്കുന്നത് മറ്റൊരു വെല്ലുവിളിയാണ്.

ആഴപ്പെട്ട കത്തോലിക്കാവിശ്വാസത്തിലേക്ക് വരും തലമുറയെ നയിച്ചുവെങ്കില്‍ മാത്രമേ മൂല്യാധിഷ്ഠിതമായ ഒരു കുടുംബസങ്കല്പം രൂപപ്പെടുകയുള്ളൂവെന്ന കാര്യത്തില്‍ സംശയമില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.