മുംബൈ: വാടകഗര്‍ഭധാരണത്തിന്റെ ഒരു രൂപവും അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്കാ മൈക്രോബയോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. പാസ്‌ക്കല്‍ കാര്‍വാല്‍ഹോ. ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്നതിനെ നിയമപരമായി തടഞ്ഞുകൊണ്ട് ഭാരതസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹം തന്റെ പ്രതികരണം ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. വത്തിക്കാന്‍ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് അംഗവും മുംബൈ അതിരൂപതയിലെ ഹ്യൂമന്‍ ലൈഫ് കമ്മറ്റിയിലെ അംഗവുമാണ് ഡോ. പാസ്‌ക്കല്‍.
അസ്വഭാവികമായ രീതിയിലുള്ള ഗര്‍ഭധാരണത്തെ കത്തോലിക്കാസഭ ഒരിക്കലും അംഗീകരിക്കുന്നില്ല ധാര്‍മ്മികമായും ഇതിനെ അംഗീകരിക്കാനാവില്ല. ഐവിഎഫ്. വാടകഗര്‍ഭപാത്രം എന്നിവയെല്ലാം ഇക്കാരണത്താല്‍ അധാര്‍മ്മികമാണ്. സ്ത്രീയുടെ മാന്യത നഷ്ടപ്പെടുത്തുന്നവയുമാണ് ഇവയെല്ലാം. അദ്ദേഹം പറഞ്ഞു.
വാടകഗര്‍ഭധാരണം തടഞ്ഞുകൊണ്ടുള്ള ബില്‍ ലോകസഭ ഓഗസ്റ്റ് ഏഴിനാണ് പാസാക്കിയത്. രാജ്യസഭയുടെ മുമ്പാകെ ഈ ബില്‍ ഉടനെ പരിഗണനയ്‌ക്കെത്തും. രാജ്യവ്യാപകമായി ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്ന മൂവായിരത്തില്‍പ്പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ സംവിധാനത്തിന്റെ സകല ധാര്‍മ്മികതയും ലംഘിച്ചുകൊണ്ടാണ് ഇവ കച്ചവട മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള കച്ചവടം ഇല്ലാതാക്കാനാണ് ഭാരതസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.