ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ രണ്ടു ക്രൈ്‌സ്തവരുള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടു. ഒരു കൗമാരക്കാരനാണ് വെടിവച്ചത്. വംശവിദ്വേഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ ഏഴുപേരും കറുത്ത വംശജരാണ്. വെടിവയ്പിന് ശേഷം അക്രമി പോലീസിന് കീഴടങ്ങുകയും ചെയ്തു.സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്‌സ് ബ്രൂമെ കമ്മ്യൂണിറ്റി കോളജിലെ വിദ്യാര്‍ത്ഥിയാണ് പ്രതി. പേളി യോങ്(77) റൂത്ത് വൈറ്റ്ഫീല്‍ഡ്( 86 ) എന്നിവരാണ് കൊല്ലപ്പെട്ട ക്രൈസ്തവര്‍.
ബുഫാലോ രൂപതാധ്യക്ഷന്‍ ബിഷപ് മൈക്കല്‍ ഡബ്യൂ ഫിഷര്‍ സംഭവത്തെ അപലപിച്ചു.
നിഷ്‌ക്കളങ്കരായ പത്തു പേരുടെ ജീവന്‍ പൊലിഞ്ഞ ഈ സംഭവം വളരെ ദാരുണമാണ്. വിവേകരഹിതമായ ഇത്തരം പ്രവൃത്തികളെ സഭഅപലപിക്കുന്നു.ജീവനെയും ജീവിതത്തെയും ആദരിക്കാന്‍ സമൂഹത്തിന് കഴിയട്ടെയെന്ന് നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ഇത്തരം കിരാതപ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു. അവരുടെ പ്രിയപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ബിഷപ് അറിയിച്ചു.