മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനം കെട്ടുകഥയോ?ചരിത്രവസ്തുതകള്‍ പറയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇതാ..

തോമാശ്ലീഹായുടെ ഭാരതപ്രവേശനം ഒരു കെട്ടുകഥയാണെന്ന് പ്രചരിപ്പിക്കുന്ന അനേകരുണ്ട്. അതൊരു ചരിത്രസംഭവമേ അല്ല എന്നാണ് ചരിത്രസംഭവങ്ങളെ വളച്ചൊടിച്ചുകൊണ്ട് അവര്‍ ഉറക്കെ വിളിച്ചുപറയുന്നത്. ചിലപ്പോഴൊക്കെ ആളുകളെ വഴിതെറ്റിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുമുണ്ട്.എന്നാല്‍ ചരിത്രപരമായി തന്നെ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന് തെളിവുകളുണ്ട്. ചരിത്രവുമായി ബന്ധപ്പെട്ടുള്ള ഏഴു തെളിവുകള്‍ നിരത്തിക്കൊണ്ട് തോമാശ്ലീഹായുടെ ഭാരതപ്രവേശനം യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കാന്‍ കഴിയും.

1 സെന്റ് തോമസ് ക്രിസ്ത്യന്‍സ് എന്ന പേരിലുള്ള ഒരു സമൂഹം ഈ ലോകത്തില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അനേകലക്ഷം ആളുകള്‍ കേരളത്തില്‍ തന്നെയുണ്ട്. ഈ പേരുകിട്ടാന്‍ കാരണം നമ്മുടെ സ്ഥാപകന്‍ തോമാശഌഹായാണ് എന്നതുകൊണ്ടാണ്. രണ്ടുരീതിയിലുള്ള സമൂഹങ്ങളുണ്ട്. സമൂഹത്തില്‍ വളരെ നിലയും വിലയുമുള്ളവരായിരിക്കും അവര്‍. സംഭവങ്ങളെ രേഖപ്പെടുത്തിവയ്ക്കാറുണ്ട്. എന്നാല്‍ വേറൊരു കൂട്ടര്‍ക്ക് അതിനുള്ള സാധ്യതകളുണ്ടായിരിക്കുകയില്ല. അതുകൊണ്ട് ചരിത്രകാരന്മാര്‍ ആശ്രയിക്കുന്നത് ഇക്കൂട്ടരുടെ വാചികപാരമ്പര്യത്തെയാണ്. സെന്റ് തോമസ് ക്രൈസ്തവരുടെ വാചികപാരമ്പര്യം പറയുന്നത് സെന്റ് തോമസ് എന്നൊരു വ്യക്തിയുണ്ടായിരുന്നുവെന്നും ആ വ്യക്തിയില്‍ നിന്നാണ് വിശ്വാസം സ്വീകരിച്ചതെന്നുമാണ്. മാര്‍ത്തോമ്മ ക്രൈസ്തവരുടെ ഇന്നുകളെ പഠിച്ചുകൊണ്ട് അവരുടെ സ്ഥാപകന്‍ മാര്‌ത്തോമ്മാശ്ലീഹായെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും.

2 ആക്ട്‌സ് ഓഫ് സെന്റ് തോമസ് എന്ന പുസ്തകത്തില്‍ തോമാശ്ലീഹാ.യുടെ ഭാരതപ്രവേശനത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇന്തോ പാര്‍ത്തന്‍ രാജാവായിരുന്ന ഹോണ്ടഹോറസിന്റെ സദസിലേക്കാണ് തോമാശ്ലീഹായെത്തിയത്.

3 മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുള്ള റമ്പാന്‍പാട്ടും മാര്‍ഗ്ഗംകളിയുമാണ് മറ്റൊരു തെളിവ്. ചില സമൂഹങ്ങളുടെ ചരിത്രപരത വ്യക്തമാക്കാന്‍ വേണ്ടി ചരിത്രകാരന്മാര്‍ ആശ്രയിക്കുന്നത് ആ സമൂഹത്തില്‍ നിലവിലുള്ള കലാരൂപങ്ങളെയാണ്. മാര്‍ത്തോമ്മാക്രൈസ്തവരുടെ പാരമ്പര്യകലകളായ റമ്പാന്‍പാട്ടിലും മാര്‍ഗ്ഗംകളിയിലും തോമാശ്ലീഹായുടെ പൈതൃകത്തേക്കുറിച്ചാണ് വിവരിക്കുന്നത്. തോമാശ്ലീഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ചതിനെക്കുറിച്ചും പിന്നീട് വളര്‍ന്നുവന്നതിനെക്കുറിച്ചും ഇതില്‍ രണ്ടിലും തെളിവുണ്ട്.

4 ഏഡി ഒന്നാം നൂറ്റാണ്ടില്‍ കേരളം കൊടുംകാടായിരുന്നുവെന്നും അതുകൊണ്ട് തോമാശഌഹായക്ക് ഇവിടേയ്ക്ക് വരാന്‍ കഴിയില്ല എന്നുമാണ് ചിലരുടെ വാദഗതികള്‍. ഇത് തെറ്റാണെന്ന് വ്യകതമാക്കാന്‍ കേരളവും ഈജിപ്തുമായി ഒന്നാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടായിരുന്ന കച്ചവടബന്ധങ്ങള്‍ മാത്രം മതിതെളിവായിനിരത്താന്‍. മുസിരസ് പട്ടണവുമായി ഒരുപാട് വ്യാപാരബന്ധങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു. വ്യാപാരആവശ്യങ്ങള്‍ക്കായി വന്ന അത്തരമൊരു കപ്പലില്‍ തോമാശഌഹാ വന്നിരിക്കാന്‍സാധ്യതയേറെയാണ്. 120 കപ്പലുകള്‍ ഒരു വര്‍ഷം തന്നെ വന്നിട്ടുണ്ടെന്നാണ് ചില കണക്കുകള്‍.

5 ഏഴരപ്പള്ളികളാണ് മറ്റൊരു തെളിവ്. പള്ളി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ക്രൈസ്തവസമൂഹം അവിടെ നിലവിലുണ്ടായിരുന്നു എന്നാണ്. ക്രൈസ്തവവിശ്വാസം പിന്നീട് തഴച്ചുവളര്‍ന്നത് ഇവിടങ്ങളില്‍ നിന്നായിരുന്നു. അരപ്പള്ളി എന്ന്് പറയുന്നത് തിരുവാങ്കോടാണ്.കന്യാകുമാരിക്ക് അടുത്ത്. പള്ളിപ്പണി പൂര്‍ത്തിയാക്കാന്‍ തോമാശ്ലീഹായ്ക്ക് കഴിയാത്തതുകൊണ്ടാണോ അരപ്പളളിയെന്ന് ചിലര്‍ ചോദിക്കാറുണ്ട്. തിരുവാങ്കോടെ രാജാവാണ് അവിടെ സ്ഥലം കൊടുത്തത്. അങ്ങനെ രാജാവിന്റെ, അരചന്റെ സ്ഥലം എന്നതില്‍ നിന്നാണ് അരപ്പള്ളി എന്ന പേരുരൂപപ്പെട്ടത്.

6 തോമാശ്ലീഹായുടെ മൈലാപ്പൂരിലുള്ള കബറിടമാണ് മറ്റൊരു തെളിവ്. തോമാശ്ലീഹായുടെ പേരില്‍ ലോകത്ത് മറ്റൊരിടത്തും കബറിടമില്ല. തോമാശഌഹായുടെ പേരിലുള്ള ഈ കബറിടം അദ്ദേഹത്തിന്റെ ഭാരതപ്രവേശനത്തിന്റെ പ്രധാന തെളിവാണ്.

7 ആറാം നൂറ്റാണ്ടുവരെയുള്ള സഭാപിതാക്കന്മാരായ ചരിത്രകാരന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വിശുദ്ധ എഫ്രേം, അബ്രോംസിയോസ്, ജെറോം എന്നിവരൊക്കെ ചില ഉദാഹരണ്ങ്ങള്‍. തോമാശ്ലീഹായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തങ്ങളുടെ കൃതികളില്‍ അവര്‍ പരാമര്‍ശിച്ചിട്ടുണ്ട്. തോമാശ്ലീഹാ മാനസാന്തരപ്പെടുത്തിയത് നമ്പൂതിരിമാരെയല്ല ബ്രാഹ്്മണന്മാരെയാണ്. പാലയൂരും മറ്റുമുള്ള വാചികപാരമ്പര്യത്തില്‍ ഇക്കാര്യമാണ് പറയുന്നത്. ഇതിനെ ശരിവയ്ക്കുന്നവയാണ് പതിറ്റുപത്ത് പോലെയുള്ള തമിഴ് കൃതികള്‍. പതിനെട്ടാം നൂറ്റാണ്ടുവരെ കേരള ക്രൈസ്തവര്‍ പൂണൂല്‍ ധരിച്ചിരുന്നു. ഈ ആചാരം വ്യക്തമാക്കുന്നത് കേരള ക്രൈസ്തവര്‍ക്ക് ബ്രാഹ്മണബന്ധം ഉണ്ടായിരുന്നു എന്നാണ്.

തോമാശ്ലീഹാ ജീവിച്ചുമരിച്ചതുപോലെ ജീവിതത്തിലും മരണത്തിലും ക്രിസ്തുവിന് സാക്ഷികളായിത്തീരാന്‍ നമുക്ക് ശ്രമിക്കാം.

ഫാ. ഏലിയാസ് എഴുകുന്നേല്‍

വീഡിയോ കാണാന്‍ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.