ചെറിയ കാര്യങ്ങളുടെ വലിയ വിശുദ്ധ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

ഇന്ന് ആഗോള കത്തോലിക്കാസഭ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആചരിക്കുകയാണല്ലോ. ജീവിതത്തിലെ വളരെകൂടുതല്‍ ഭാഗവും ഒരു കന്യാസ്ത്രീമഠത്തിന്റെ നാല്ചുവരുകളില്‍ ഒതുങ്ങിക്കഴിഞ്ഞ കൊച്ചുത്രേസ്യയാണ് മിഷനറിമാരുടെ മാധ്യസഥയെന്നത് വളരെ വിരോധാഭാസമായി നമുക്ക ്‌തോന്നിയേക്കാം.

പക്ഷേ ഇങ്ങനെയൊരു പദവിയിലേക്ക് അവള്‍ എത്തിയത് എങ്ങനെയെന്നറിയണം.എന്തെല്ലാം ചെയ്യുന്നു എന്നതല്ല എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം. ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ് നാം ഓരോരുത്തരും. എല്ലാം ദൈവത്തിന് വേണ്ടിയാണെന്ന മട്ടിലും. പക്ഷേ അതില്‍ എത്രത്തോളം സ്‌നേഹം ചേര്‍ക്കാറുണ്ട്, സ്‌നേഹമുണ്ട് എന്നതാണ് നാം ആത്മശോധന നടത്തേണ്ടത്. കൊച്ചുത്രേസ്യ ചെയ്തത് മുഴുവന്‍ സ്‌നേഹത്തോടെയായിരുന്നു. ഒരുപക്ഷേ അവള്‍ ഇന്നത്തെ ലോകത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ പതിനായിരങ്ങളോട് വചനപ്രസംഗം നടത്തിയില്ല. വിദേശരാജ്യങ്ങളിലേക്ക് സുവിശേഷപ്രഘോഷണത്തിനായി പോയില്ല. ആയിരങ്ങളെയോ പതിനായിരങ്ങളെയോ ജ്ഞാനസ്‌നാനപ്പെടുത്തിയില്ല. സ്വന്തം മഹത്വം നോക്കാതെ ദൈവത്തിന്റെ മഹത്വം മാത്രമായിരുന്നു അവള്‍ നോക്കിയത്.

ആദ്യം പറഞ്ഞതുപോലെ എല്ലാം ദൈവസ്‌നേഹത്തോടെ ചെയ്തു. നിലത്തുവീണുകിടക്കുന്ന ഒരു കടലാസ് തുണ്ട് എടുത്തുകളഞ്ഞതുപോലും. അത്രയ്ക്കും നിസ്സാരമായ പ്രവൃത്തികളേ അവള്‍ ചെയ്തിരുന്നുള്ളൂ. എന്നാല്‍ എല്ലാം സ്‌നേഹത്തോടെയായിരുന്നു. സ്‌നേഹം ചാലിച്ചായിരുന്നു. നാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വീട്ടിലും വെളിയിലും സമൂഹത്തിലും സഭയിലും.

പക്ഷേ അതില്‍ എത്രത്തോളം സ്‌നേഹമുണ്ടായിരുന്നു. സ്‌നേഹത്തിന്റെ പേരിലാണ് അന്ത്യവിധിയില്‍ നാാം തൂക്കിനോക്കപ്പെടുന്നത് എന്നും മറക്കാതിരിക്കട്ടെ. ഒരു യാചകന് ഒരൂ രൂപയാണോ കൊടുക്കുന്നത് അത് സ്‌നേഹത്തോടെ കൊടുക്കുക. പ്രായം ചെന്ന മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത് സ്‌നേഹത്തോടെയാകട്ടെ. ജോലിക്കാര്‍ക്ക് വേതനം കൊടുക്കുന്നത് സ്‌നേഹത്തോടെയാകട്ടെ.. ചെയ്യുന്ന ജോലി സ്‌നേഹത്തോടെയാകട്ടെ. പഠിക്കുന്നത് സനേഹത്തോടെയാകട്ടെ. ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതും അവ അര്‍പ്പിക്കുന്നതും സ്‌നേഹത്തോടെയാകട്ടെ.

എല്ലാം സ്‌നേഹം.. കാരണം സ്‌നേഹമാണ് സര്‍വ്വോല്‍കൃഷ്ടം.

കൂടുതല്‍ സ്‌നേഹിക്കാന്‍ വിശുദ്ധ കൊച്ചുത്രേസ്യായേ ഞങ്ങളെ പഠിപ്പിക്കണമേയെന്ന് ഈ തിരുനാള്‍ ദിനത്തില്‍ നമുക്ക ് പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.