ലോകത്തിന്റെ പലഭാഗങ്ങളിലും മാതാവും ഈശോയും പ്രത്യക്ഷപ്പെട്ട് വ്യക്തിപരമായ സന്ദേശങ്ങള്‍ നല്കിയിട്ടുണ്ടെങ്കിലും ജര്‍മ്മനിയിലെ ഹീഡെയില്‍ നടന്ന പ്രത്യക്ഷീകരണത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.
1937 ലാണ് നാലു പെണ്‍കുട്ടികള്‍ക്ക് മാതാവില്‍ നിന്നും ഈശോയില്‍ നിന്നും സ്വകാര്യവെളിപാടുകള്‍ ലഭിച്ചത്. മനുഷ്യവംശം ദൈവത്തിലേക്ക് തിരിഞ്ഞില്ലെങ്കില്‍ ലോകം വലിയ തിന്മകള്‍ അനുഭവിക്കേണ്ടിവരും എന്ന താക്കീതായിരുന്നു മാതാവും ഈശോയും നല്കിയത്. സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ ദേവാലയത്തിലേക്ക് പ്രാര്‍ത്ഥിക്കാനായി പോകുകയായിരുന്നു ആ നാലുപെണ്‍കുട്ടികള്‍.
അനാ, സൂസന്ന, മാര്‍ഗരറ്റ്, ഗ്രെറ്റ എന്നിവരായിരുന്നു ആ പെണ്‍കുട്ടികള്‍. പ്രത്യക്ഷീകരണത്തെക്കുറിച്ച് അവര്‍ പറഞ്ഞ വാക്കുകളെ ആദ്യം ജനങ്ങള്‍ വിശ്വസിച്ചില്ല.
പക്ഷേ അത്ഭുതകരമായ രോഗസൗഖ്യങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ അവയുടെ ആധികാരികത തെളിയിക്കപ്പെട്ടു, നാസികള്‍ ജര്‍മ്മനിയില്‍ ഭരണം നടത്തിക്കൊണ്ടിരുന്ന അവസരമായിരുന്നു അത്. ഹിറ്റ്‌ലറുടെ രഹസ്യപ്പോലീസ് പെണ്‍കുട്ടികളെ നിരീക്ഷിക്കുകയും അവരുടേത് കള്ളത്തരമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ആളുകള്‍ അപ്പോഴേയ്ക്കും മരിയ സന്ദേശങ്ങള്‍ കേള്‍ക്കാനായി ഹിഡെയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ഇത് തടയാനായി രഹസ്യപ്പോലീസ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യുകയും ഒരു മാസത്തോളം തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. പ്രത്യക്ഷീകരണം നടന്ന സ്ഥലത്തേക്ക് തിരികെപോകില്ലെന്ന് നിര്‍ബന്ധപൂര്‍വ്വം വാക്ക് നല്കിയതിന് ശേഷമാണ് അവരെ വിട്ടയച്ചത്. എങ്കിലും മാതാവ് രഹസ്യമായി ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
ഫാത്തിമായില്‍ മാതാവ് പറഞ്ഞ വാക്കുകളെ ജനങ്ങള്‍ അവിശ്വസിക്കുന്നതിലുള്ള തന്റെ സങ്കടം ഈശോ അന്ന് പെണ്‍കുട്ടികളോട് പറയുകയുണ്ടായി. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും ഈശോ ആവശ്യപ്പെട്ടു, മനുഷ്യഹൃദയങ്ങളില്‍ വെറുപ്പും അത്യാഗ്രഹവും വര്‍ദ്ധിച്ചുവരുന്നു. ഇത് സാത്താന്റെ പ്രവൃത്തിയാണ്, ഈശോ പറഞ്ഞു,
പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുക, പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുക… മാതാവ് ആവര്‍ത്തിച്ചുപറഞ്ഞ കാര്യവും അതുതന്നെയാണ്.