യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16).
വിശുദ്ധ യൗസേപ്പ് തിരുകുടുംബത്തിന്റെ നാഥന്
നരകുല രക്ഷകനാകാന്‍ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. സാധാ ഒരു കുടുംബത്തില്‍ നസ്രസിലെ വിശുദ്ധ യൗസേപ്പിന്റെയും പ. കന്യകാമറിയയും അരുമസുതനായി അവിടുന്ന് ഭൂജാതനായി. കുടുംബ നാഥനായി ദൈവം തെരഞ്ഞെടുത്തത് വിശുദ്ധ യൗസേപ്പിനെയാണ്. അദ്ദേഹം ഒരു മാതൃകാ കുടുംബനാഥനായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപത്നിയായ പ. കന്യകയെ ആത്മാര്‍ത്ഥമായും വളര്‍ത്തുകുമാരനായ ഈശോമിശിഹായെ പിതൃതുല്യവും ജോസഫ് സ്നേഹിച്ചിരുന്നു. പ. കന്യയുടെയും ഈശോമിശിഹായുടെയും ജീവിതസുഖസൗകര്യങ്ങളില്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചിരിന്നല്ലോ. പരസ്പര സ്നേഹവും സഹകരണവും ആ കുടുംബത്തില്‍ സന്തോഷം നിറച്ചു. പരസ്പര സേവനമര്‍പ്പിക്കുന്നതില്‍ അവര്‍ ഏറെ തത്പരരായിരുന്നല്ലോ. നസ്രസിലെ തിരുകുടുംബം ഭൂമിയിലെ ഒരു സ്വര്‍ഗ്ഗമായിരുന്നു.
ഓരോ കത്തോലിക്കാ കുടുംബവും നസ്രസിലെ തിരുക്കുടുംബത്തിന്റെ പ്രതീകമായിരിക്കണം. ഭാര്യയും ഭര്‍ത്താവും മാതാപിതാക്കന്മാരും മക്കളും സഹോദരങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും സേവനത്തിലും കഴിയണം. ഈശോമിശിഹാ അവിടത്തെ പരിത്രാണ കര്‍മ്മമായ കാല്‍വരിയിലെ മഹായജ്ഞത്തിനു മൂന്ന് മണിക്കൂറും പരസ്യ ജീവിതത്തിനു മൂന്നു വത്സരവും മാത്രം വിനിയോഗിച്ചപ്പോള്‍ അവിടുന്ന് നസ്രസിലെ തിരുക്കുടുംബത്തില്‍ വിശുദ്ധ യൗസേപ്പിനും പ.കന്യകയ്ക്കും കീഴ് വഴങ്ങി മുപ്പത് വത്സരം ജീവിച്ചു. അതിലൂടെ അവിടുന്ന് തന്റെ കുടുംബത്തിന്റെ പരിപാവനതയെ പ്രഖ്യാപിക്കുകയാണ് ചെയ്തത്.
നമ്മുടെ കത്തോലിക്കാ കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിന്റെയും സേവനത്തിന്റെയും കേന്ദ്രമായിരിക്കണം. അവിടെ പ്രാര്‍ത്ഥനാ ജീവിതം ഉണ്ടായിരിക്കേണ്ടതാണ്. ക്രിസ്തീയമായ ഒരു അന്തരീക്ഷം കുടുംബത്തില്‍ നിലനില്‍ക്കണം. അതിന് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. ഒരു മാതൃകാ ഭര്‍ത്താവിനും, ഭാര്യയ്ക്കും വേണ്ട ഗുണങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷം മാത്രമേ അവര്‍ കുടുംബജീവിതം നയിക്കാന്‍ പാടുള്ളൂ. ഭാര്യാഭര്ത്താക്കന്മാര്ക്ക് പരസ്പരം വിശുദ്ധീകരിക്കുവാനും കുട്ടികളെ വിശുദ്ധീകരിക്കുവാനും ചുമതലയുണ്ട്. ഇതിന് പ. കന്യകാമറിയവും വിശുദ്ധ യൗസേപ്പും നമുക്കു മാതൃക കാണിച്ചു തരുന്നു.
മക്കളുടെ സ്വഭാവരൂപീകരണം, കത്തോലിക്കാ വിദ്യാഭ്യാസം, മതപഠനം മുതലായ കാര്യങ്ങളില്‍ മാതാപിതാക്കന്മാര് ശ്രദ്ധ പതിക്കണം. അന്ത്യവിധിയില്‍ സന്താനങ്ങളുടെ ആത്മരക്ഷയെ സംബന്ധിച്ച് മാതാപിതാക്കന്മാര് ക്രിസ്തുവിന്റെ പക്കല്‍ കണക്കു കൊടുക്കേണ്ടതായി വരും. കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കുകയാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തി. കുടുംബത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ സുസ്ഥിതിയില്‍ നാം സദാ ശ്രദ്ധാലുക്കളായിരിക്കണം. പരസ്പര സ്നേഹമുള്ള കുടുംബം സ്വര്‍ഗ്ഗത്തിന്റെ മുന്നോടിയാണ്. സ്നേഹമില്ലാത്ത കുടുംബം നരകത്തിന്റെ പ്രതിബിംബം ആയിരിക്കും.
സംഭവം
ഒരിക്കല്‍ നിരപരാധിയായ ഒരു യുവാവ് ഭയങ്കരമായ അപകീര്‍ത്തിക്ക് പാത്രമായി. താന്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്‍കുട്ടി അയാളെ വഞ്ചിച്ചു. അസന്മാര്‍ഗ്ഗികമായ കാര്യങ്ങള്‍ക്ക് അവള് ആ യുവാവില്‍ കുറ്റം ആരോപിച്ചു. ‘സമുദായ മദ്ധ്യത്തില്‍ അപമാനിതനായ താന്‍ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്ന വിചാരത്തോടെ അയാള്‍ ആത്മഹത്യയ്ക്കായി സ്വന്തം മുറിയില്‍ പ്രവേശിച്ചു. ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നെങ്കിലും പതിവുപോലെ നന്മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന അയാള്‍ മുടക്കിയില്ല. അതിനുശേഷം വിഷ ദ്രാവകം നിറച്ച കുപ്പി ചുണ്ടോടടുപ്പിച്ചു. മരണത്തിന് നിമിഷങ്ങള്‍ പോലും ബാക്കിയില്ല. ടക്, ടക് വാതിലില്‍ ശക്തിയായ മുട്ട് കേള്‍ക്കുന്നു. കുറ്റിയിട്ട മുറിയുടെ വാതില്‍ യുവാവ് തുറന്നു.
വളരെ വര്‍ഷങ്ങള്‍ രോഗിണിയായി കിടപ്പിലായിരുന്ന അയാളുടെ വല്യമ്മ വന്നു നില്ക്കുന്നു. അവള് പറഞ്ഞു: “കുഞ്ഞേ, നീ ആത്മഹത്യ ചെയ്യാന്‍ പോവുകയായിരുന്നില്ലേ.” “അതേ വല്യമ്മേ” അയാള്‍ കരഞ്ഞുകൊണ്ട് പ്രതിവചിച്ചു. നീ ആത്മഹത്യ ചെയ്യുവാന്‍ പോകുന്നതായി ഞാന്‍ ഒരു സ്വപ്നം കണ്ടു. ഈ മഹാപാതകം നീ ചെയ്യരുത്. മാര്‍ യൗസേപ്പിതാവിനെ ഓര്‍ത്ത് എല്ലാം ശാന്തമായി നീ സഹിക്കുക. നിന്നെക്കാള്‍ വലിയ അപകീര്‍ത്തിക്കു പാത്രമായിട്ടും യൗസേപ്പ് പിതാവ് സന്തോഷപൂര്‍വ്വം എല്ലാം സഹിച്ചല്ലോ. ആറു വര്‍ഷമായി കിടക്കയില്‍ നിന്നും എഴുന്നേല്ക്കാന് കഴിയാതെ കിടന്ന എനിക്ക് ശക്തി തന്നത് വിശുദ്ധ യൗസേപ്പല്ലാതെ മറ്റാരുമല്ല. “കുഞ്ഞേ, നീ ഒളിച്ചു വച്ചിട്ടുള്ള വിഷക്കുപ്പി ഇങ്ങു തരൂ എന്നു പറഞ്ഞ് വിഷം നിറച്ചിരുന്ന ആ കുപ്പി വാങ്ങി വൃദ്ധയായ സ്ത്രീ ജനാലയില്‍ക്കൂടി പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. യുവാവ് ചെയ്യാത്ത തെറ്റ് ആരോപിച്ച് അപമാനിച്ച ദുഷ്ട സ്ത്രീ പിറ്റേദിവസം പരസ്യമായി തന്റെ തെറ്റ് അറിയിച്ച് അയാളോട് മാപ്പു പറഞ്ഞു.
ജപം
തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു മാതൃകാകുടുംബനാഥനായിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിച്ചിരുന്നല്ലോ. വത്സല പിതാവേ, കുടുംബനാഥന്മാരും, നാഥമാരും തങ്ങളുടെ ചുമതല വേണ്ടവിധത്തില്‍ ഗ്രഹിച്ച് കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബത്തിന്റെ പ്രതീകങ്ങളായിത്തീരട്ടെ. കുടുംബങ്ങളില്‍ ക്രിസ്തീയമായ അന്തരീക്ഷവും സ്നേഹവും സമാധാനവും പരസ്പര സഹകരണവും നിലനിറുത്തണമെ. കുടുംബജീവിതത്തിന്റെ ഭദ്രതയും പാവനതയും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കാനുള്ള അനുഗ്രഹം വത്സലപിതാവേ, അങ്ങ് ഞങ്ങള്‍ക്കു നല്കേണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
വി. യൗസേപ്പുപിതാവിന്റെ ലുത്തിനിയ
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്ക്കാരാ,
ദൈവകുമാരന്റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
തിരുക്കുടുംബത്തിന്റെ കാവല്ക്കാരാ, ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ.