ഇന്ന് മാര്‍ച്ച് 19. വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍. ആഗോള സഭ കഴിഞ്ഞവര്‍ഷം മുഴുവന്‍ വിശുദ്ധ ജോസഫ് വര്‍ഷമായി ആചരിച്ചു. അതിനു തുടർച്ചയായി വരുന്ന ഈ വർഷവും നമുക്ക് പ്രത്യേകമായി യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിച്ച് വിശുദ്ധനോടുള്ള ഭക്തിയിൽ കൂടുതൽ വളരാം.
ആത്മ ശരീരങ്ങളെ യൗസേപ്പിതാവിനു കാഴ്ച വച്ച് ഏല്‍പ്പിക്കുന്ന ജപം
എത്രയും മഹത്വമുള്ള ഞങ്ങളുടെ മദ്ധ്യസ്ഥനായിരിക്കുന്ന മാര്‍ യൗസേപ്പു പിതാവേ! അങ്ങേ പരിശുദ്ധതയേയും പരലോകത്തില്‍ അനുഭവിക്കുന്ന മഹത്വത്തെയും ചിന്തിച്ചു ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു. ആകയാല്‍ ഞങ്ങള്‍ അങ്ങേ വന്ദിച്ച് ഞങ്ങളെ അങ്ങേയ്ക്ക് സ്വന്ത അടിമകളായി കാഴ്ച വച്ചു. ഞങ്ങളുടെ ശരീരത്തിലും ആത്മാവിലും ഉള്ളതൊക്കെയും അങ്ങേ ഏല്‍പ്പിച്ചു കൊള്ളുന്നു. ഞങ്ങളുടെ ശരീരത്തെയും അതിന്‍റെ പഞ്ചേന്ദ്രിയങ്ങളെയും കാത്തു കൊള്ളണമേ. ഞങ്ങളുടെ ആത്മാവിനെയും അതിന്‍റെ ശക്തിയെയും കാത്തു കൊള്ളണമേ. ആന്തരേന്ദ്രിയങ്ങളും ആത്മാവും ദൈവതിരുമനസ്സോട് ഒന്നിച്ചിരുന്നതിന്‍ വണ്ണം ഞങ്ങളുടെ ആന്തരീകവും ബാഹ്യവുമായ ഇന്ദ്രിയങ്ങളും ദൈവതിരുമനസ്സോടു ഒന്നിച്ചിരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ.
അങ്ങേ തിരുനാളാല്‍ ചരിക്കുന്ന ഇന്നു ഞങ്ങളുടെ പ്രധാന മദ്ധ്യസ്ഥനായിട്ടും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്ന ആളായിട്ടും അങ്ങയേ ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഇനിമേല്‍ അങ്ങയെപ്രതി ഒരു സല്‍കൃത്യമെങ്കിലും ചെയ്യാത്ത ദിവസമുണ്ടായിരിക്കയില്ല. എല്ലായ്പ്പോഴും പ്രത്യേകം ഞങ്ങളുടെ മരണ നേരത്തിലും ഞങ്ങളെ കാത്തു രക്ഷിച്ച് അങ്ങയോടു കൂടെ അങ്ങേ തിരുപുത്രനെയും മണവാട്ടിയേയും കണ്ട് സ്തുതിച്ചു വാഴ്ത്തുവാന്‍ മനോഗുണം തരുവിക്കേണമേ. ആമ്മേന്‍.