നാരകീയ ശക്തികളോടുള്ള പോരാട്ടത്തില്‍ നമുക്കേറ്റവും ശക്തമായ ആയുധമാണ് ഈശോ എന്ന നാമം. ഇന്നും എന്നും എപ്പോഴും ഈശോ എന്ന് നാം വിളിക്കുമ്പോള്‍ സകലവിധ കെട്ടുകളില്‍ നിന്നും നാം മുക്തരാകുന്ന അനുഭവം ഉണ്ടായിട്ടുമുണ്ട്.
എന്നാല്‍ ഈശോ എന്ന നാമം ആദ്യമായി ഉച്ചരിക്കപ്പെട്ട നിമിഷം ഏതായിരുന്നുവെന്ന് അറിയാമോ. ഈശോയുടെ പരിഛേദന കര്‍മ്മം നടന്ന അവസരത്തിലായിരുന്നു ആദ്യമായി ഈശോ എന്ന നാമം ഉച്ചരിക്കപ്പെട്ടത്. ഈശോ പിറന്നിട്ട് എട്ടു ദിവസമായപ്പോഴായിരുന്നു പരിച്ഛേദനം നടത്തിയത്. ജോസഫിന് കിട്ടിയ വെളിപ്പെടുത്തല്‍ അനുസരിച്ചായിരുന്നു അത്തരമൊരു തീരുമാനം.
അതുപോലെ ഈശോ എന്ന് കുട്ടിക്ക് പേരു നല്കണം എന്നതും ദൈവിക വെളിപെടുത്തല്‍ ആയിരുന്നു. പരിഛേദന കര്‍മ്മം നടന്ന സമയം മുഴുവന്‍ യൗസേപ്പിതാവും മാതാവും ശ്രദ്ധാപൂര്‍വ്വം ഈശോയുടെ അരികില്‍ തന്നെയുണ്ടായിരുന്നു. അതിന് ശേഷമാണ് കുട്ടിക്ക് പേരു നല്‌കേണ്ടതിനെക്കുറിച്ച് പരികര്‍മ്മി അവരോട് ചോദിച്ചത്. തനിക്ക് ദൈവികവെളിപെടുത്തല്‍ കിട്ടിയിരുന്നുവെങ്കിലും ചാടിക്കയറി ഈശോ എന്ന് പേരു പറയാന്‍ ജോസഫ് തയ്യാറായില്ല. ദൈവഹിതം ആരാഞ്ഞ് ഉറപ്പുവരുത്താന്‍ ജോസഫ് മറിയത്തെയാണ് നിയോഗിച്ചത്.
ഒടുവില്‍ രണ്ടുപേരും കൂടിചേര്‍ന്ന് കുട്ടിയുടെ പേര് ഈശോ എന്നാണ് എന്ന് അറിയിച്ചു. സര്‍വ്വശക്തവും സ്വര്‍ഗ്ഗാത്മകവും ഭീതിജനകവുമായ ആ പരിശുദ്ധ നാമം ഉരുവിട്ട നിമിഷം സ്വര്‍ഗ്ഗാദിസ്വര്‍ഗ്ഗങ്ങളും അതിലുള്ള വിശുദ്ധാത്മാക്കളും അവന്റെ മുമ്പില്‍ ആദരപൂര്‍വം തല കുനിച്ചു.
എന്നാല്‍ നരകശക്തികള്‍ അതുകേട്ട് ഞെട്ടിവിറച്ചു. ദുഷ്ടസര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന ആ തിരുനാമത്തിന്റെ ശക്തിപ്രഭാവത്താല്‍ നാരകീയശക്തികളെല്ലാം ഭയചകിതരായി. അതിന്റെ കാരണമെന്താണെന്ന് ദുഷ്ടശക്തികള്‍ക്കൊന്നും മനസിലായതുമില്ല. ജോസഫിനും മറിയത്തിനും അസാധാരണവും ആശ്ചര്യജനകവുമായ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവപ്പെടുകയും ചെയ്തു.
നമുക്കും ഈശോ എന്ന നാമം ഉരുവിടാം. എല്ലാ നാരകീയശക്തികളെയും നിര്‍വീര്യമാക്കാന്‍ അതുവഴി കഴിയുമെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം.
( അവലംബം: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര)