ജോസഫ്‌:രക്ഷകനെ ആദ്യം കണ്ടവൻ

      വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ചിന്തകളിൽ എന്റെ ഉള്ളിൽ ആദ്യം വരുന്നത്‌ ഈ തലക്കെട്ട്‌ തന്നെയാണ്‌. ഭൂമിയിൽ രക്ഷകനായി പിറന്നവനെ ആദ്യം കണ്ട മനുഷ്യൻ മറ്റാരുമല്ല വി. യൗസേപ്പാണ്‌. ഈ ചിന്തയുമായി ഞാൻ യൗസേപ്പിതാവിനെ നോക്കുമ്പോൾ എന്റെ ഉള്ളിൽ അദ്ദേഹത്തോട്‌ കുറേക്കൂടി സ്നേഹവും ഇഷ്ടവും തോന്നുകയാണ്‌. ഭൂമിയിൽ രക്ഷകനെ കാണാൻ ഭാഗ്യം കിട്ടിയ ആദ്യത്തെയാൾ, എത്ര ആനന്ദകരമാണീ അനുഭവം.

   മറിയത്തിനറിയാം തന്റെ ഉള്ളിൽ ഉരുവായിരിക്കുന്നത്‌ ലോകം കാത്തിരിക്കുന്ന രക്ഷകനാണെന്ന്‌. ഗർഭസ്ഥ ശിശുവായ ഈശോയുടെ മിടിപ്പുകളിലൂടെ അവളിത്‌ തിരിച്ചറിയുന്നുണ്ട്‌. ജോസഫിന്‌ ആകെയുള്ള ഉറപ്പ്‌ സ്വപ്നത്തിലൂടെ ദൈവദൂതൻ വ്യക്തമാക്കിയ കാര്യങ്ങൾ മാത്രമാണ്‌. സ്വപ്നത്തിലാണെങ്കിലും ദൂതനിലൂടെ ജോസഫ്‌ കാര്യങ്ങൾ മനസിലാക്കിക്കഴിയുമ്പോൾ ദൈവമൊരുക്കിയ വഴിയിലൂടെ മുൻപോട്ട്‌ പോയവന്‌ കിട്ടിയ ദൈവീക സമ്മാനമാണ്‌ രക്ഷകനെ ആദ്യം കാണാനുള്ള ഭാഗ്യം എന്ന്‌ ഞാൻ വിശ്വസിക്കുന്നു.

സത്രത്തിൽ അവർക്ക്‌ ഇടം കിട്ടിയിരുന്നെങ്കിൽ ജോസഫിന്‌ ഈ ഭാഗ്യം കൈവരില്ലായിരുന്നു. അവിടെ സ്ത്രീകളാരെങ്കിലും പ്രസവസമയത്ത്‌ മറിയത്തെ സഹായിക്കാൻ ഉറപ്പായും കടന്നുവന്നേനെ. എന്നാൽ മറ്റു മനുഷ്യരുടെ സാന്നിധ്യം ഇല്ലാതിരുന്നിടത്ത്‌ ജോസഫിന്‌ മറിയത്തെ സഹായിച്ചേ പറ്റൂ. അവിടെ ആ രാതിയിൽ അവരുടെ ആ നിസ്സഹായതയിൽ ആരും സഹായിക്കുവാനില്ലാതിരുന്ന വേളയിൽ, യൗസേപ്പെന്ന മനുഷ്യൻ ഏറ്റെടുത്ത ത്യാഗം എത്രമാത്രം വലുതാണെന്ന്‌ ചിന്തിക്കാവുന്നതേയുള്ളൂ. സാധാരണ ഗതിയിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ ആദ്യം കാണുന്നത്‌ അവിടെ സഹായിക്കുന്ന വ്യക്തി ആരാണോ അവരായിരിക്കും. പിന്നീടേ അമ്മപോലും കുഞ്ഞിന്റെ മുഖം കാണുകയുള്ളൂ. ഇവിടെ ആ സഹായി ജോസഫായിരുന്നു. അത്‌ ദൈവം ജോസഫിനായി ഒരുക്കിയ സമ്മാനമായിരുന്നു എന്ന്‌ ഞാൻ തിരിച്ചറിയുന്നു.

    ഏതൊരു ശിശുവിനേയും കൈകളിലെടുക്കുമ്പോൾ അ മുഖത്തുള്ള നിഷ്കളങ്കതയും ഓമനത്തവും ആർക്കും ദർശിക്കാനാകും. എന്നാലിവിടെ ജോസഫ്‌ ഈശോയെ തന്റെ കൈകളിൽ ആദ്യമായെടുത്തപ്പോൾ അനുഭവിച്ച ആത്മീയ നിർവൃതി വർണനാതീതമായിരുന്നിരിക്കും. കാരണം താൻ സാക്ഷിയായ ഈ പിറവി ഒരു സാധാരണ മനുഷ്യന്റേതല്ലാ, മറിച്ച്‌ ദൈവപുത്രന്റെയാണ്‌. താൻ കൈകളിലെടുത്തിരിക്കുന്നത്‌ ഒരു സാധാരണ ജീവനെയല്ല ദൈവത്തെയാണ്‌. ഓ ജോസഫ്‌ നീയെത്ര ഭാഗ്യവാൻ…

     എന്തുകൊണ്ടാണ്‌ ജോസഫ്‌ സംസാരിച്ച കാര്യങ്ങളൊന്നും സുവിശേഷങ്ങൾ രേഖപ്പെടുത്താത്തത്‌ എന്ന്‌ ഞാനെപ്പോഴും അന്വേഷിച്ചിട്ടുണ്ട്‌. ഒരിടത്തുനിന്നും വ്യക്തമായ ഉത്തരം ആരും എനിക്ക്‌ തന്നിട്ടില്ല. ജോസഫ്‌ ഒരിക്കലും സംസാരിക്കാത്ത ഒരാളായിരുന്നു എന്നാരും പറഞ്ഞിട്ടുമില്ല. അതായത്‌ ഉറപ്പായും അവൻ സംസാരിച്ചിട്ടുണ്ടാകും. പക്ഷേ അവന്റെ മൗനമാണ്‌ എക്കാലത്തും ഏറെ പ്രകീർത്തിക്കപ്പെടുന്നത്‌. കാരണം, രക്ഷകനെ ഈ മണ്ണിൽ ആദ്യം ദർശിക്കാൻ ഭാഗ്യം കിട്ടിയ ജോസഫ്‌ അത്‌ ജീവിക്കുകയായിരുന്നു. അതുപോലെ, പറഞ്ഞ്‌ ഫലിപ്പിക്കാനാകാത്തവിധമുള്ള സന്തോഷം ഉള്ളിൽ നിറഞ്ഞപ്പോൾ അവനറിയാതെ മൗനത്തിൽ പ്രവേശിച്ചു എന്ന ഉത്തരത്തിലേക്കാണ്‌ ഞാൻ സ്വയം എത്തിച്ചേർന്നത്‌. മാത്രമല്ല, പിന്നീട്‌ ഈശോ സംസാരിച്ചത്‌, തന്നെ ആദ്യം ഈ മണ്ണിൽ  കണ്ടവനും തനിക്കായി ജീവിതം ഉഴിഞ്ഞുവച്ചവനും തന്റെ വളർത്തുപിതാവുമായ ജോസഫിന്‌ കൂടിവേണ്ടിയാണ്‌ എന്നും വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

  രക്ഷകനെ കാണാൻ എക്കാലത്തും വിശ്വാസികൾ പ്രാർത്ഥിച്ച്‌ കാത്തിരുന്നിരുന്നു എന്നത്‌ നമുക്കറിയാവുന്ന കാര്യമാണ്‌. വൃദ്ധരായ ശിമയോനും അന്നയും ഇതിനുള്ള ഉദാഹരണവുമാണ്‌. ശിമയോൻ പ്രാർത്ഥിക്കുന്നത്‌ ഇപ്രകാരമാണ്‌, “കർത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച്‌ ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയക്കണമേ. എന്തെന്നാൽ സകല ജനതകൾക്കും വേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു. അത്‌ വിജാതീയർക്ക്‌ വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്‌“ (ലൂക്ക2:29-31) ഈ സത്യത്തെ, മറ്റൊരു രീതിയിൽ പറഞ്ഞാൽ ശിമയോൻ എന്ന മനുഷ്യൻ ഉയർത്തിയ ഈ പ്രാർത്ഥന ആദ്യം കാണാനും കൈകളിലെടുക്കാനും സാധിച്ചവനാണ്‌ യൗസേപ്പിതാവ്‌.

        രക്ഷകനെ ഈ മണ്ണിൽ ആദ്യം ദർശിക്കാൻ ഭാഗ്യം കിട്ടിയ ജോസഫ്‌ ഒരു സാധാരണ മനുഷ്യനല്ല, ഒരു സാധാരണ വിശുദ്ധനുമല്ല. പൂർവപിതാക്കളും പ്രവാചകന്മാരും ജനങ്ങളും കാത്തിരുന്നതും, പ്രാർത്ഥിച്ചതും പ്രവചിച്ചതും എല്ലാം ഈ രക്ഷകനുവേണ്ടിയായിരുന്നു. എന്നാൽ അതിനുള്ള കൃപ ലഭിച്ചത്‌ ജോസഫിനായിരുന്നു. അതായത്‌ പഴയ നിയമത്തിൽ നാം കണ്ടുമുട്ടുന്ന എല്ലാ പ്രമുഖരെക്കാളും ഏറെ ഔന്നത്യത്തിലാണ്‌ ജോസഫിന്റെ സ്ഥാനം. എങ്കിലും, നമ്മൾ വിശുദ്ധ യൗസേപ്പിനെ ഇപ്രകാരം മനസിലാക്കുന്നുണ്ടോ എന്നന്വേഷിച്ചാൽ ഇല്ലാ എന്നതാകും ലഭിക്കുന്ന ഉത്തരം. നമ്മുടെ വിശുദ്ധ കുർബാനയിൽ യൗസേപ്പിതാവിന്റെ നാമം ചേർത്തിട്ട്‌ അധികകാലമൊന്നുമായിട്ടില്ല എന്നത്‌ ഇക്കാര്യത്തിന്‌ അടിവരയിടുന്നു.

    വലിയൊരു നിയോഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ജോസഫിനായി ദൈവം കാത്തുവച്ചത്‌ അമൂല്യമായ ഒരു നിധിയായിരുന്നു. ആദിയിലെ വചനമായ, ദൈവത്തോടൊപ്പമായ, ദൈവം തന്നെയായ, എമ്മാനുവേലായ ഈശോയെ ആദ്യം കാണാനുള്ള അനുഗ്രഹം. ഇതല്ലാതെ മറ്റെന്തുകൊണ്ടാണ്‌ ദൈവം ജോസഫിനെ അനുഗ്രഹിക്കുക? ദൈവീക പദ്ധതികൾക്കായി ജീവിതം പൂർണമായി വിട്ടുകൊടുക്കുന്നവർക്ക്‌ എന്തു കിട്ടും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്‌ ജോസഫിന്റെ ജീവിതം. കിട്ടിയ ഈ വലിയ നിധി ഹൃദയത്തോട്‌ ചെർത്ത്‌ പിടിച്ചവൻ ആരോടും ഒന്നും വിളിച്ചുകൂവുന്നില്ല. അവൻ എത്രയോ ശാന്തമായാണ്‌ എല്ലാ പ്രതിസന്ധികളേയും അതിജീവിക്കുന്നത്‌, അവൻ എത്രമാത്രം വിശുദ്ധിയോടെയാണ്‌ മറിയത്തേയും ഈശോയേയും സംരക്ഷിക്കുന്നത്‌.

ഈശോയെ, നിന്നെ ഈ ഭൂമിയിൽ ആദ്യം കണ്ട നിന്റെ വളർത്തുപിതാവായ ജോസഫിനെപ്പോലെ ദൈവ പദ്ധതികളോട്‌ മുഴുഹൃദയത്തോടെ സഹകരിക്കാൻ ഞങ്ങളേയും പഠിപ്പിക്കണമേ. അതിൽ സന്തോഷം കണ്ടെത്താൻ ഞങ്ങൾക്കും സാധിക്കട്ടെ.

വിശുദ്ധ യൗസേപ്പിനെ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരും അദ്ദേഹത്തിന്റെ മാധ്യസ്ഥം തേടുന്നവരുമായ എല്ലാവർക്കും, ഈശോയെ ഈ ഭൂമിയിൽ ആദ്യം കണ്ട വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവം നേരുന്നു.

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.