വത്തിക്കാന്‍ സിറ്റി: ലിയോണിലെ വിശുദ്ധ ഇരണേവൂസിനെ വേദപാരംഗതരുടെ നിരയിലേക്ക് ചേര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം തലവനുമായി ഇതു സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ചര്‍ച്ച നടത്തി.
ഡോക്ടര്‍ ഓഫ് യൂണിറ്റി എന്ന വിശേഷണത്തോടെ വിശുദ്ധനെ പ്രസ്തുത പദവിയിലേക്ക് ഉയര്‍ത്താനുള്ള ആലോചന നേരത്തെ തന്നെ മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കത്തോലിക്കാ- ഓര്‍ത്തഡോക്സ് ദൈവശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയില്‍ പാപ്പ, വിശുദ്ധനെ വിശേഷിപ്പിച്ചത് പാശ്ചാത്യ-പൗരസ്ത്യ ക്രൈസ്തവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം എന്നായിരുന്നു.
കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭയും ഇരണേവൂസിനെ ഒന്നുപോലെ വണങ്ങുന്നുണ്ട്. ആദ്യകാല രക്തസാക്ഷികളിലൊരാളാണ് ഇരണേവൂസ്. 202 ലാണ് രക്തസാക്ഷിത്വം എന്ന് കരുതപ്പെടുന്നു.
ഇതിന് മുമ്പ് വേദപാരംഗതരുടെ നിരയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയ വ്യക്തി നാരെക്കിലെ വിശുദ്ധ ഗ്രിഗോറിയായിരുന്നു. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അര്‍മേനിയന്‍ സന്യാസിയായിരുന്നു ഗ്രിഗോറി. 2015 ലാണ് പാപ്പ ഇദ്ദേഹത്തെ വേദപാരംഗതരുടെ നിരയിലേക്ക് ഉയര്‍ത്തിയത്.