വിശ്വാസികളുടെ ഇടയിലും അവിശ്വാസികളുടെ ഇടയിലും ഒരുപോലെ ശ്രദ്ധനേടിയ വിശുദ്ധനാണ് അസ്സീസിയിലെ ഫ്രാൻസീസ്. അതിനാൽ അദ്ദേഹത്തെ അറിഞ്ഞുകൂടാത്തവർ ചുരുക്കമായിരിക്കും. 1182ൽ ജനിച്ച് 1226 മരിച്ച ഫ്രാൻസീസ് അധികകാലമൊന്നും ഈ മണ്ണിൽ ആയിരുന്നിട്ടില്ല. എന്നാൽ ആ ചെറുകാലഘട്ടം ഇപ്പോഴും ഒളിമങ്ങാതെ വിളങ്ങിനിൽക്കുന്നു എന്നത് ഏറെ ചിന്തനീയമാണ്.
ഫ്രാൻസീസ്കൻ സന്യാസിമാർവഴിയോ, പുസ്തകങ്ങൾവഴിയോ ഒക്കെയായിരിക്കും പലരും ഫ്രാൻസീസിനെക്കുറിച്ച് കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ടാവുക. ഇപ്പോഴത്തെ മാർപ്പാപ്പ, ഫ്രാൻസീസ് എന്ന പേര് സ്വീകരിക്കുകയും ശേഷം അദ്ദേഹംതന്നെ പറഞ്ഞിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതുമായ മിക്കകാര്യങ്ങൾക്കും ഒരു ഫ്രാൻസീസ്കൻ സ്വഭാവം കടന്നുകൂടിയിട്ടുള്ളതായി നമുക്കറിയാം. ഫ്രാൻസീസ് എന്ന ഈ വലിയ വിശുദ്ധനിലേക്കെത്താൻ ഇതും പലരേയും തുണച്ചിട്ടുണ്ട്.
ഏതൊരാൾക്കും ഏതുകാലത്തും അനുകരിക്കാവുന്ന ജീവിതമാണ് അസ്സീസിയിലെ ഫ്രാൻസീസിന്റേത് എന്നത് ശുഭകരമായ വസ്തുതയാണ്. മാത്രമല്ല ക്രിസ്തുവിന്റെ മറ്റൊരു പതിപ്പായിരുന്നു ഫ്രാൻസീസ് എന്നത് കാലംതെളിയിച്ച സത്യവുമാണ്. ക്രിസ്തുവിനെ ഇഷ്ടപ്പെട്ടവർക്ക് ഫ്രാൻസീസിനോടും ഇഷ്ടമായിരുന്നു, അതുപോലെ ക്രിസ്തുവിനെ മനസിലാകാത്തവർക്കും അവന്റെ ശൈലിയോട് പൊരുത്തപ്പെടാനാവാത്തവർക്കും ഫ്രാൻസീസും വിദൂരസ്തനാണ്.
അസ്സീസിയിലെ വി.ഫ്രാൻസീസിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഈ ദിനങ്ങളിൽപോലും മുടങ്ങാതെ കേൾക്കുന്ന ഒരു പ്രധാനകാര്യം അദ്ദേഹത്തിന്റെ സഭാനവീകരണ രീതിയെക്കുറിച്ചാണ്. ധാരാളംപേർ ഈ ചിന്ത പല വിധത്തിലായി പങ്കുവയ്ക്കുന്നുമുണ്ട്. രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന ഈ മനുഷ്യൻ വളരെ ശാന്തതയും സ്നേഹവും വിനയവും നന്മയുമൊക്കെയുള്ള വിശുദ്ധനായിരുന്നു. ആരേയും എതിർത്തില്ല, വിമർശിച്ചില്ല എന്നുതുടങ്ങുന്ന വിശേഷണങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് പലരും പറയാൻശ്രമിക്കുന്നതും ഓർമ്മിപ്പിക്കുന്നതും ഏതാണ്ട് ഒരേകാര്യമാണ്, സഭയിൽനിന്നു കൊണ്ട് യാതൊരുവിധത്തിലുമുള്ള വിമർശനങ്ങളോ ചോദ്യങ്ങളോ നിന്റെ അധരത്തിൽ നിന്നുയരരുത്, അത് തെറ്റായ കാര്യമാണ്, ഫ്രാൻസീസ് അങ്ങനെയല്ലത്രേ നവീകരണം സാധ്യമാക്കിയത്. എന്നുമാത്രമല്ല, അത് മാർട്ടിൻ ലൂതറെന്ന സഭാവിരുദ്ധന്റെ വഴിയാണെന്നുമാണ് പറഞ്ഞുവയ്ക്കുന്നത്.
വി. ഫ്രാൻസീസ് നടത്തിയതുപോലെയുള്ള സഭാനവീകരണമാണ് എല്ലാവരിൽനിന്നും പ്രതീക്ഷിക്കുന്നത് അല്ലാതെയുള്ളതെല്ലാം സഭാവിരുദ്ധമായിത്തീരുമെന്നുള്ള പ്രയോഗങ്ങളും ഉയർന്നുവരുന്നു. ഇവിടെയൊരു വൈരുദ്ധ്യം ഞാൻ കാണുന്നുണ്ട്; ക്രിസ്തുവിനേയും അവന്റെ വചനങ്ങളേയും കാലോചിതമായി വ്യാഖ്യാനിക്കണമെന്നാണ് സഭ മുടങ്ങാതെ ഓർമ്മിപ്പിക്കുന്നത്, എങ്കിൽ രണ്ടാം ക്രിസ്തുവെന്ന് സഭവിളിച്ചവനേയും കാലോചിതമായി വ്യാഖ്യാനിക്കേണ്ടതായ കടമയും ഉത്തരവാദിത്വവും സഭാംഗങ്ങൾക്കില്ലേ?
ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും ജീവിച്ചതുമായ ഓരോ കുഞ്ഞുകാര്യങ്ങൾക്കുപോലും എത്രയധികം വ്യാഖ്യാനങ്ങളാണ് നമ്മുടെ മുൻപിലുള്ളത്. ഈശോയുടെ കാലഘട്ടത്തിലെ സംഭവങ്ങളെ ഇന്നത്തെ നമ്മുടെ ചുറ്റുപാടിലേക്ക് പറിച്ച്നട്ട് മനസിലാക്കാനുള്ള പരിശ്രമത്തിന് പിന്നിൽ വചനമായ ഈശോയോടൊപ്പം വിശ്വാസികൾ ഒന്നാകുന്നതിനു വേണ്ടിയാണെന്നാണ് പൊതുഭാഷ്യം. ഒരുകയ്യിൽ ബൈബിളും മറുകയ്യിൽ ദിനപത്രവും പിടിച്ചുവേണം ക്രിസ്തുവചനം വ്യാഖ്യാനിക്കാൻ എന്ന് പറഞ്ഞിട്ടുള്ള വൈശാസ്ത്രജ്ഞനേയും അത് നമ്മുടെ ഭാഷയിൽ ആവർത്തിക്കുന്ന പലരേയും എനിക്കറിയാം. കർത്താവ് അന്ന് പറഞ്ഞത് ഇന്ന് മനസിലാക്കാനുള്ള ഒരു ഉപാധിയാണിതെന്ന് മാത്രം. കർത്താവിന്റെ ജീവിതത്തെ വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളിലൂടെ മനസിലാക്കാൻ ശ്രമിക്കുന്നതു പോലെതന്നെ വിശുദ്ധ ഫ്രാൻസീസിനേയും മനസിലാക്കണമെന്ന് തന്നെയാണ് എന്റെ നിലപാട്.
നിലനിന്നിരുന്ന പല കാര്യങ്ങളോടും കൃത്യമായി തന്റേതായ വിയോജിപ്പ് പ്രകടിപ്പിക്കുകയും, ശരിയായത് കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു ഈശോയുടേത്. അതിനാൽത്തന്നെ ക്രിസ്തു ഒരു യഥാർത്ഥ വിപ്ളവകാരിയായിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും. ക്രിസ്തു തുടക്കംകുറിച്ച ആത്മീയവിപ്ളവത്തിന്റെ തുടർച്ച അസ്സീസിയിലെ ഫ്രാൻസീസിലും കാണാൻ സാധിക്കും.
കുരിശുയുദ്ധത്തിന് പോകാൻ സഭ ഔദ്യോഗികമായി തീരുമാനിച്ചിരുന്ന സമയത്താണ് സമാധാന ദൂതുമായി സുൽത്താന്റെ പക്കലേക്ക് പോയത്. ഈശോ തുടങ്ങിവച്ച സ്നേഹവിപ്ളവത്തിന്റെ പുതിയരൂപമായിരുന്നത്. (ആ യാത്രയുടെ എണ്ണൂറാം വാർഷികത്തിൽ (1218-2018) ഫ്രാൻസീസ് മാർപ്പാപ്പയും വി.ഫ്രാൻസീസ് നടത്തിയതിനു സമാനമായ ഒരു യാത്ര മുസ്ളിം സഹോദരരുടെ പക്കലേക്ക് നടത്തി എന്നതും, യുദ്ധമല്ല പകരം സമാധാനമാണ് വേണ്ടത് എന്ന ആശയത്തിലേക്ക് ലോകം ഒരിക്കൽകൂടി കാതോർത്തതും വിസ്മരിക്കാതിരിക്കാം)
അന്നോളം തുടർന്നുപോന്നിരുന്ന സന്യാസത്തോടും അതിനകത്തെ അധികാര വേർതിരിവുകളോടും ചേർന്നുപോകാൻ ഫ്രാൻസീസ് ഇഷ്ടപ്പെട്ടില്ല. പകരം ക്രിസ്തുവിനെ മനസിലാക്കിയപ്പോൾ അവൻ തന്റെ പന്ത്രണ്ട് ശിഷ്യരേയും ചേർത്തുപിടിച്ച് ജീവിച്ച ലാളിത്യംനിറഞ്ഞ ശൈലിയാണ് ശരിയായ സന്യാസവഴിയെന്ന് കണ്ടെത്തുകയായിരുന്നു. ക്രിസ്തു ഒരിക്കലും സ്വയം വലിയവനായി അവതരിച്ചില്ല, പകരം സ്വയം ചെറുതായിമാറുകയും ഈ ചെറുതാകൽ പകരുന്ന ആനന്ദത്തിലേക്ക് ശിഷ്യരെ വളർത്തുകയുമാണ് ചെയ്തത്.
ഈശോ തന്റെ ശിഷ്യരെ സ്നേഹിതരെന്നാണ് വിളിച്ചത്. ഇതേ ആശയത്തിന് ചുവടുപിടിച്ച് സ്നേഹത്തിലധിഷ്ഠിതമായ സാഹോദര്യത്തിൽ ഫ്രാൻസിസ് തന്റെ സന്യാസ സമൂഹത്തെയും രൂപപ്പെടുത്തിയെടുത്തു. ഫ്രാൻസീസിനും ഇഷ്ടപ്പെട്ട സന്യാസജീവിതശൈലി ഈശോയുടെ ജീവിതത്തിൽ കാണപ്പെട്ട ആശയങ്ങൾ അതുപോലെ കോർത്തിണക്കിയതായിരുന്നു.
ക്രിസ്തുവിന്റെ ജീവിതകാലത്ത് അവനെ മനസിലാക്കിയവർ ചുരുക്കമായിരുന്നു എന്നത് വളരെ സ്പഷ്ടമാണ്. ഏതാണ്ടിതിനു സമാനമായിരുന്നു ഫ്രാൻസീസിന്റേയും ജീവിതം. ഫ്രാൻസീസിനെ സംബന്ധിച്ചിടത്തോളം അന്നുണ്ടായിരുന്ന എല്ലാത്തിനോടും പൊരുത്തപ്പെടുന്ന മനസല്ല ഉണ്ടായിരുന്നത്. അവന്റെ വിയോജിപ്പുകളാണ് സ്വജീവിതത്താൽ പറഞ്ഞതും പ്രവർത്തിച്ചതും. ഇക്കാരണത്താൽത്തന്നെ ചുരുക്കം പേരൊഴികെ, സ്വന്തം മാതാപിതാക്കൾക്കും പ്രിയപ്പെട്ടവർക്കും, നാട്ടുകാർക്കും അവൻ സ്വീകൃതനായിരുന്നില്ല, അവരാൽ സ്വീകൃതനാകാനായി ഒന്നും ഫ്രാൻസീസ് ചെയ്തുമില്ല.
ഫ്രാൻസീസിന്റെ ആദർശങ്ങളും ആശയങ്ങളും അന്നുയർത്തിയത് വലിയ ചോദ്യങ്ങളായിരുന്നു, വലിയ വെല്ലുവിളികളായിരുന്നു, വലിയ അസ്വസ്ഥതകളായിരുന്നു. ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷമാണ് ജനം അവനിൽ വിശ്വസിച്ചതും അവനിലേക്ക് എത്തിച്ചേർന്നതും. അതുപോലെത്തന്നെ ഫ്രാൻസീസിന്റെ മരണത്തിനുശേഷമാണ് അവന്റെ ജീവിതവും വിശുദ്ധിയും അത്രമാത്രം ക്രിസ്തുസമാനമായിരുന്നെന്ന സത്യം ലോകം അറിഞ്ഞതും അവന്റെ വഴികളിലൂടെ അനേകർ ക്രിസ്തുവിലേക്ക് ആകർഷിക്കപ്പെട്ടതും.
യേശുക്രിസ്തുവിൽ നാം കാണുന്ന മിക്കനിലപാടുകളും വി.ഫ്രാൻസീസിലും കാണാം. സാധാരണഗതിയിൽ ധനം, അധികാരം, ബന്ധങ്ങൾ എന്നിവയാണ് ഒരാളെ വിലയിരുത്താനായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ. ഇവ ഓരോന്നിനോടും ചേർത്ത് രൂപപ്പെടുത്തിയെടുക്കുന്ന തീരുമാനങ്ങളും ശൈലികളും ഒരാളുടെ ജീവിതം എന്താണെന്ന് കൃത്യമായി വെളിവാക്കിത്തരും. ഇക്കാര്യങ്ങളിൽ ക്രിസ്തുവും ഫ്രാൻസീസും ഏറെ തുല്യരാണ് എന്ന് നമുക്ക് കണ്ടെത്താനാകും. ക്രിസ്തുവും ഫ്രാൻസീസും ചെയ്ത കാര്യങ്ങളും, അവരുടെ ബന്ധങ്ങളും, വ്യക്തിപരമായ നേട്ടത്തിനോ സന്തോഷത്തിനോ വേണ്ടിയുള്ളതല്ലായിരുന്നു. അതവരുടെ ആത്മീയതയുടെ പരിച്ഛേദമായിരുന്നു. ക്രിസ്തുവിന്റെ പിന്മുറക്കാർ ക്രിസ്തുവിനെ കാലികമായി മനസിലാക്കി ജീവിക്കാൻ ശ്രമിക്കുന്നതുപോലെ, ഫ്രാൻസീസിന്റെ ആശയങ്ങൾ സായത്തമാക്കുന്നവരും അവനെ കാലികമായിത്തന്നെ വായിക്കണം, വായിച്ചാൽ മാത്രം പോരാ ധ്യാനിക്കണം, ധ്യാനം കഴിയുമ്പോൾ വ്യഖ്യാനിക്കുകയും ചെയ്യണം. അല്ലെങ്കിൽ ഈ വലിയ വിശുദ്ധനോടുള്ള അനാദരവുതന്നെയായിരിക്കുമിത്.
ഫ്രാൻസീസിന്റെ ജീവിതത്തെ അടുത്തറിയുന്നവർക്ക്, ജാതി മത വർണ്ണ വർഗ വ്യത്യാസങ്ങളുടെ വേർതിരിവുകളില്ലാതെ ഈശോയുടേതുപോലെ എല്ലാവരേയും ഉൾക്കൊള്ളാനാകുന്ന ആത്മീയശൈലി സാധ്യവുമാണ്. വ്യവസ്ഥാപിതമായതിലെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടാനും, സ്വയമൊരു തിരുത്തൽ ശക്തിയായി മാറാനും, സമൂഹത്തിൽ ശക്തമായ ആത്മീയമായ വെല്ലുവിളികളുയർത്താനും, കാലഹരണപ്പെടാത്ത ആത്മീയത കെട്ടിപ്പടുക്കാനും അസ്സീസിയിലെ ഈ കൊച്ചുമനുഷ്യൻ എക്കാലവും പ്രചോദനമാകട്ടെ.
പോൾ കൊട്ടാരം കപ്പൂച്ചിൻ