നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ പാദുവായിലെ വിശുദ്ധ അന്തോനീസിനോട് പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ടാണ് എന്നറിയാമോ?

സാധനങ്ങള്‍ കാണാതെ പോകുമ്പോഴെല്ലാം കത്തോലിക്കാവിശ്വാസികള്‍ ആദ്യം മാധ്യസ്ഥം ചോദിച്ച് പ്രാര്‍ത്ഥിക്കുന്നത് പാദുവായിലെ വിശുദ്ധ അന്തോനീസിനോടാണ്. കാണാതെ പോയവയെല്ലാം അന്തോനീസിന്റെ മാധ്യസ്ഥതയില്‍ കണ്ടുകിട്ടിയ കഥകള്‍ പലര്‍ക്കും പറയാനുമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈ ഒരുപ്രത്യേക നിയോഗത്തിന്റെ മാധ്യസ്ഥനായി തിരുസഭ അന്തോനീസിനെ വണങ്ങുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? അതിന് പിന്നില്‍ ഒരു കഥയുണ്ട്. അത് ഇങ്ങനെയാണ്.

മോണ്ട് പെല്ലിയറിലെ ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമത്തില്‍ താമസിക്കുകയായിരുന്നു അക്കാലത്ത് അന്തോനീസ്. ഫ്രാന്‍സിസ്്ക്കന്‍ വൈദികരെ പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുമുണ്ടായിരുന്നു അന്തോനീസിന്റെ കയ്യില്‍ സങ്കീര്‍ത്തനങ്ങളുടെ ഒരു പുസ്തകം ഉണ്ടായിരുന്നു. തിയോളജിയുടെ പല നോട്ട്‌സുകളും അതിനുള്ളിലായിരുന്നു അന്തോനീസ് സൂക്ഷിച്ചിരുന്നത്.

ഫ്രാന്‍സിസ്‌ക്കന്‍ കമ്മ്യൂണിറ്റി വിട്ടുപോകാന്‍ ഉദ്ദേശിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി അന്നേ ദിവസം അവിടം വിട്ടുപോയത് അന്തോനീസിന്റെ അപൂര്‍വ്വമായ ഈ പുസ്തകവുമായിട്ടാണ്. പതിമൂന്നാം നൂറ്റാണ്ടാണ് എന്നോര്‍ക്കണം. ഇന്നത്തേതുപോലെ ഒരു പുസ്തകം പോയാലുടനെ മറ്റൊന്ന് വാങ്ങാന്‍ കിട്ടില്ല. പുസ്തകം കാണാതെപോയതോടെ അന്തോനീസിന് ഭയങ്കര സങ്കടമായി. പുസ്തകം കയ്യില്‍കിട്ടാതെ ഒന്നും പഠിപ്പിക്കാന്‍ കഴിയില്ല. ആ സെമിനാരിക്കാരനാണ് കൊണ്ടുപോയതെന്ന് അന്തോനീസിന് അറിയാമായിരുന്നു. പക്ഷേ അവനെ പിന്തുടര്‍ന്ന് പിടികൂടാനുള്ള വഴികളൊന്നും വിശുദ്ധന് അറിയില്ലായിരുന്നു.

എന്തായാലും വിശുദ്ധന്‍ ദൈവത്തില്‍ ശരണം വച്ചു. ആ സെമിനാരിക്കാരന് മനം മാറ്റമുണ്ടാകാനും ബുക്ക് തിരികെ തരാനും പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആശ്രമത്തിന്റെ മുറ്റത്തു നില്ക്കുന്നു ആ സെമിനാരിക്കാരന്‍. കയ്യില്‍ അന്തോനീസിന്റെ പുസ്തകവും. സെമിനാരിക്കാരന്‍ ബുക്ക് തിരികെ കൊടുത്ത് അന്തോനീസിനോട് മാപ്പും ചോദിച്ചു. ഇനി മേലില്‍ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്‌നേഹപൂര്‍വ്വം ശാസിച്ച് അവനെ അന്തോനീസ് തിരിച്ചയച്ചു.

ഇന്നും ഇറ്റലിയിലെ ബോളോഗ്നായിലെ ഫ്രാന്‍സിസ്‌ക്കന്‍ മൊണാസ്ട്രിയില്‍ ആ ബുക്ക് സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്തായാലും അന്തോനീസിന്റെ മരണശേഷം ഈ സംഭവം പുറത്താകുകയും പരക്കെ അറിയപ്പെടുകയും ചെയ്തു. അതോടെ അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥനായ വിശുദ്ധ അന്തോനീസിനോട് കാണാതെ പോയ വസ്തുക്കള്‍ തിരികെ കിട്ടുവാനും ആളുകള്‍ മാധ്യസ്ഥം യാചിച്ചുതുടങ്ങി.

വിശുദ്ധ അന്തോനീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.