പാന്‍ജിം: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ അലയൊലികള്‍ ഇന്ത്യയിലും. ഗോവയിലെ പുരാതന ക്രൈസ്തവ കെട്ടിടങ്ങള്‍ക്കു സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അധികാരികള്‍. സഭാധികാരികള്‍ ആവശ്യപ്പെട്ടാല്‍ സഭാവക കെട്ടിടങ്ങള്‍ക്ക് സുരക്ഷാസൗകര്യങ്ങള്‍ നല്കാമെന്ന് ഗോവ മുഖ്യമന്ത്രി ഉറപ്പുനല്കി.
ഗോവയ്ക്ക് പ്രത്യേക സുരക്ഷ ആവശ്യമുണ്ടെന്ന് കരുതുന്നതായി പ്രമോദ് സ്വാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. 16,17 നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗീസ് കാലത്ത് പണികഴിപ്പിച്ചവയാണ് ഗോവയിലെ ഭൂരിപക്ഷം ദേവാലയങ്ങളും.
ഇരുനൂറോളം ദേവാലയങ്ങള്‍ ഗോവയിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസിലിക്കയാണ്. 2008 ല്‍ മുംബൈ ഭീകരാക്രമണം നടന്ന അവസരത്തില്‍ ഗോവയിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ദേവാലയത്തിന് ആക്രമണ സാധ്യത ഉള്ളതായി വിലയിരുത്തപ്പെട്ടിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കടല്‍ത്തീര ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. ആറ് മില്യന്‍ ടൂറിസ്റ്റുകളാണ് വര്‍ഷം തോറും ഇവിടെയെത്തുന്നത്. തീരദേശങ്ങളില്‍ ഗോവന്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.