കൊളംബോ:ഞായറാഴ്ചകളിലെ പോലും പരസ്യമായ ദിവ്യബലി അര്‍പ്പണങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ഇന്നലെ സഭാധ്യക്ഷന് തന്റെ സ്വകാര്യചാപ്പലില്‍ ദിവ്യബലി അര്‍പ്പിക്കുകയും അത് രാജ്യവ്യാപകമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തു. കൊളംബോയില്‍ ഇന്നലെ സംഭവിച്ചതാണ് ഇക്കാര്യം.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് പരസ്യമായ വിശുദ്ധ കുര്‍ബാനകള്‍ക്ക് വിശ്വാസികളുടെ സുരക്ഷയെപ്രതി കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വിലക്കേര്‍പ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്വകാര്യചാപ്പലില്‍ ദിവ്യബലി അര്‍പ്പിക്കുകയും വിശ്വാസികള്‍ക്കായി വിശുദ്ധ കുര്ബാനസംപ്രേഷണം ചെയ്യുകയും ചെയ്തത്.
കര്‍ദിനാള്‍ അര്‍പ്പിച്ച സ്വകാര്യ ദിവ്യബലിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ലങ്കന്‍ കത്തോലിക്കാസഭയില്‍ ഞായറാഴ്ചകളില്‍ ദിവ്യബലി അര്‍പ്പണം ഉണ്ടാകുകയില്ല എന്നാണ് കര്‍ദിനാള്‍ അറിയിച്ചിരിക്കുന്നത്.
ശ്രീലങ്കയിലെ കത്തോലിക്കാവിശ്വാസികള്‍ മുഴുവന്‍ തങ്ങളുടെ വീടുകളിലിരുന്ന് ഭയഭക്തിബഹുമാനത്തോടെ ദിവ്യബലിയില്‍ പങ്കെടുത്തത് ലോകം ആദരവോടെയാണ് കണ്ടത്. ഭീകരാക്രമണത്തെതുടര്‍ന്ന് ശ്രീലങ്കന്‍ ക്രൈസ്തവര്‍ കൈവരിച്ച ആതമസംയമനവും സഹിഷ്ണുതയ്ക്കും അവര്‍ക്ക് ആത്മീയ നേതൃത്വം നല്കിയ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിനും ലോകം മുഴുവന്‍ കയ്യടി നല്‍കിയിരുന്നു.