സത്യം അടിച്ചമര്‍ത്തപ്പെടുകയും നുണ വ്യാപകമാകുകയും ചെയ്യുന്നഇക്കാലത്താണ് സിസ്റ്റര്‍ ആന്‍സി പോള്‍ എസ് എച്ചിന്റെ സ്വരത്തിന്റെ പ്രസക്തി. ക്രൈസ്തവ സന്യാസത്തെയും കന്യാസ്ത്രീകളെയും കുറിച്ച് പല തെറ്റായ ധാരണകളും വ്യാപകമായി സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വുമണ്‍ ജസ്റ്റീസ് മൂവ് മെന്റ് എന്ന പേരില്‍ സംഘടന തട്ടിക്കൂട്ടി സമര്‍പ്പിതരുടെ സംരക്ഷകരായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട.
പുറം ലോകവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാതെ, ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചുജീവിക്കുന്നവരാണ് കന്യാസ്ത്രീകളെന്നും ഇവരുടെ സുരക്ഷയ്ക്കായി ഗവണ്‍മെന്റ് തലത്തില്‍ നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടാവണം എന്നൊക്കെയാണ് ഇവരുടെ പക്ഷം. സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ജബീന ഇര്‍ഷാദ് എന്ന സ്ത്രീ പങ്കുവച്ച വിഡീയോയില്‍ പറയുന്നത് ഇതാണ്.
ഈ വീഡിയോയക്ക് സിസ്റ്റര്‍ ആന്‍സി നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യം സ്വന്തം സമുദായത്തിനുള്ളിലെ ചപ്പും ചവറും കല്ലും മുള്ളും എടുത്തുനീക്കൂ എന്നാണ് ജബീനയോട് സിസ്റ്റര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയായും മറ്റ് മാധ്യമങ്ങളും പടച്ചുവിടുന്ന കഥകള്‍ പോലെയല്ല യഥാര്‍ത്ഥ ക്രൈസ്തവ സന്യാസം. വീടുകളില്‍ സ്വാതന്ത്ര്യത്തോടെ ജീവിച്ച് സ്വത്വബോധത്തോടെ സന്യാസം തിരഞ്ഞെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കുന്നവരാണ് സന്യാസിനികള്‍. ജീവിതം മുഴുവന്‍ സമ്പൂര്‍ണ്ണമായി ദൈവത്തിന് പ്രതിഷ്ഠിച്ച് മനുഷ്യശുശ്രൂഷയ്ക്കായി ആഗ്രഹത്തോടെ ഇറങ്ങിവരുന്ന സമര്‍പ്പിതരുടെ ഭവനമാണ് സന്യാസസമൂഹങ്ങള്‍. ഇവിടെ ആരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ല. മറ്റേതൊരു ജീവിതാന്തസിലുമുള്ളസ്ത്രീകളെക്കാളും അഭിപ്രായസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും കന്യാസ്ത്രീകള്‍ക്കുണ്ട്.
തിരുസഭയില്‍ സന്യാസം ആജീവനാന്ത ജീവിതശൈലിയാണ്. മറ്റാരുടെയും പ്രേരണയാലോ നിര്‍ബന്ധത്താലോ ആരും ഈ ജീവിതശൈലി തിരഞ്ഞെടുക്കുന്നതല്ല. ഒരു സമര്‍പ്പിതഭവനമെങ്കിലും സന്ദര്‍ശിക്കാത്തവരും കുടുംബത്തില്‍ നിന്ന് ഒരു വൈദികനോ സന്യാസിനിയോ ഇല്ലാത്തവരുമാണ് സമര്‍പ്പിതര്‍ക്ക് നീതി നടത്തികൊടുക്കാന്‍ വേണ്ടി തെരുവിലിറങ്ങുന്നതെന്നും അതുകാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നും സിസ്റ്റര്‍ പറയുന്നു.
എന്തറിഞ്ഞിട്ടാണ് നിങ്ങള്‍ സംസാരിക്കുന്നത്? വിപ്ലവം പ്രസംഗിക്കുന്ന ഫെമിനിസ്റ്റ് വാദികളുടെ ഇടമല്ല കോണ്‍വെന്റ്. ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് നിര്‍ബന്ധപൂര്‍വ്വം അണിയേണ്ടതല്ല സന്യാസവസ്ത്രം. 5600 ല്‍ പരം കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സമര്‍പ്പിതര്‍ പഠിപ്പിക്കുന്നുണ്ട്. 800 ല്‍ അധികം അഗതിമന്ദിരങ്ങള്‍ സമര്‍പ്പിതര്‍ നടത്തുന്നുണ്ട്. എയ്ഡ്‌സ്- മാനസികരോഗികള്‍ക്കുവേണ്ടി രണ്ടായിരത്തില്‍പരം സ്ഥാപനങ്ങളുമുണ്ട്. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി 140 ല്‍ സ്‌പെഷ്യല് സ്കൂളുകളുമുണ്ട് ഇവിടെയൊന്നും പ്രതിഫലംകാംക്ഷിച്ചലല്ല സമര്‍പ്പിതര്‍ ശുശ്രൂഷ ചെയ്യുന്നത്.
സംതൃപ്തിയോടെ ജീവിക്കുന്ന പതിനായിരക്കണക്കിന് സമര്‍പ്പിതരുണ്ട് കേരളത്തില്‍. അവരുടെ ജീവിതം പഠിച്ചിട്ട് മാത്രം സംസാരിക്കൂ. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ കേള്‍ക്കുന്നതെല്ലാം പാതിവഴിയില്‍ സന്യാസം ഉപേക്ഷിച്ചുപോകുന്നവരുടെ പഴിപറച്ചിലാണ്. സ്വന്തം ജീവിതാപചയത്തിന്റെ കാരണം കൂടെയുള്ളവരാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ന്യായീകരണങ്ങള്‍ നിരത്തുന്നവരുടെ വാദങ്ങളാണെന്നും സിസ്റ്റര്‍ പറയുന്നു.
സ്വയം വരുത്തിവയ്ക്കുന്ന അപജയങ്ങളെ ആത്മവിമര്‍ശനത്തിന് വിധേയമാക്കാതെ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. നന്മയുടെ പുറംമോടി അണിഞ്ഞ് സന്യാസസമൂഹത്തെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവരെക്കുറിച്ച് ജാഗ്രത ഉണ്ടായിരിക്കണമെന്നും സിസ്റ്റര്‍ ഓര്‍മ്മപ്പെടുത്തുന്നു.