നിങ്ങള്‍ എത്രത്തോളം ആത്മീയ മനുഷ്യരാണ്?

ആത്മീയതയില്‍ വളരാന്‍ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. അതിനുള്ള ഓരോ ശ്രമങ്ങളില്‍ നാം മുഴുകാറുമുണ്ട്.പക്ഷേ യഥാര്‍ത്ഥ ആത്മീയതയുടെ ഭാഗമായി നാം മാറിയിട്ടുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഒരുപക്ഷേ ആത്മീയതയുടെ ഏതെങ്കിലും ഒരു ഭാഗം മാത്രമായിരിക്കാം നാം ചെയ്യുന്നത്. ആത്മീയതയ്ക്ക് അഞ്ചു തൂണുകള്‍ ഉണ്ടെന്നാണ് ആത്മീയഗുരുക്കന്മാര്‍ പറയുന്നത്.

ഇവ ബാലന്‍സ് ചെയ്തുപോകുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥ ആത്മീയരാകുന്നുള്ളൂ. ഏതൊക്കെയാണ് ഈ തൂണുകളെന്ന് നമുക്ക് നോക്കാം.

അനുദിനമുള്ള വ്യക്തിപരമായ പ്രാര്‍ത്ഥനയാണ് ഒന്നാമത്തെ തൂണ്. തിരക്കുപിടിച്ച ജീവിതത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായിസമയംകണ്ടെത്തണം എന്ന് ഇക്കാര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു,

കൗദാശികമായ ജീവിതമാണ് രണ്ടാമത്തെ തൂണ്. തിരുസഭയോട് ചേര്‍ന്ന് കൗദാശികജീവിതം നയിക്കുക. വിശുദ്ധ കുര്‍ബാന,കുമ്പസാരം എന്നിവയെല്ലാം അതില്‍ പ്രധാനപ്പെട്ടതാണ്.

തിരുഗ്രന്ഥവായനയാണ് മൂന്നാമത്തേത്. എല്ലാദിവസവും വിശുദ്ധ ഗ്രന്ഥം വായിച്ചാല്‍ മാത്രം പോര അത് അനുസരിച്ച് ജീവിതം ക്രമീകരിക്കുകയും വേണം.

ആത്മീയപുസ്തകങ്ങളുടെ പാരായണമാണ് മറ്റൊന്ന്.വിശുദ്ധരുടെ ജീവചരിത്രമുള്‍പ്പടെയുള്ളവ നാം വായിക്കണം. അവരുടെ ജീവിതങ്ങള്‍ നമ്മെ സ്വാധീനിക്കുമ്പോള്‍ നാം കുറെക്കൂടി ആഴപ്പെട്ട ആത്മീയത സ്വന്തമാക്കും.

അവസാനത്തെ തൂണ് കാരുണ്യപ്രവര്‍ത്തനങ്ങളാണ്. മേല്‍പ്പറഞ്ഞവ നാലും ഒരുപക്ഷേ ഭൂരിപക്ഷം പേരും ചെയ്യുന്നുണ്ടാവാം. അഞ്ചാമത്തെ തൂണാണ് എല്ലാറ്റിനെയും താങ്ങിനിര്‍ത്തുന്ന പരമപ്രധാനമായ തൂണ്. പരസ്‌നേഹപ്രവൃത്തികളാണ് അവ. മറ്റുള്ളവരെ സഹായിക്കാതെ പ്രാര്‍ത്ഥനയുമായി മാത്രം കഴിഞ്ഞുകൂടുന്ന, ദൈവത്തിന്റെ സ്വന്തം ആളുകളാണന്ന് ഭാവിച്ച് മേനി നടിക്കുന്ന എത്രയോ പേരുണ്ട് നമുക്ക്ചുറ്റിനും. നാം അന്യരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടവരാണ്. കഴിയുന്നതുപോലെ നാം മറ്റുള്ളവരെ സഹായിക്കണം. പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ പ്രവര്‍ത്തിക്കുകയും വേണം.

എങ്കില്‍ ഇന്നുമുതല്‍ നമുക്ക് നമ്മുടെ ആത്മീയതയുടെ റൂട്ട് ശരിയാണോയെന്ന് നോക്കി അതനുസരിച്ച് മാറ്റംവരുത്തി ജീവിക്കാന്‍ തുടങ്ങിയാലോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.