ശരീരം മരിച്ച അവസ്ഥയെ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും. പക്ഷേ ആത്മാവ് മരിച്ച അവസ്ഥയെക്കുറിച്ച് ആര്‍ക്കും അത്ര വ്യക്തമായ സൂചനകള്‍ ലഭിക്കാറില്ല. ഒരുപക്ഷേ തന്റെ തന്നെ ആത്മാവിന്റെ മരണം ആ വ്യക്തി തിരിച്ചറിയണം എന്നില്ല. ആത്മാവ് മരിച്ച അവസ്ഥയില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് പ്രകടമായ ചില ലക്ഷണങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് ആത്മീയഗുരുക്കന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അവരുടെ വാക്കുകളെ നമുക്ക് ഇങ്ങനെ മനസ്സിലാക്കിയെടുക്കാം.
നിഷ്‌ക്രിയത
പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ മനസ്സില്ലാതെവരിക. പലതിനോടുമുള്ള ആഭിമുഖ്യമില്ലായ്മ. തെറ്റു തിരുത്താനോ ശരി മനസ്സിലാക്കാനോ ഉള്ള മനസ്സില്ലായ്മ. എന്റെ തെറ്റുകള്‍ സ്ഥിരമാണ്, ഇവയൊന്നും മാറാന്‍ പോകുന്നില്ല, വിശുദ്ധിയും പുണ്യവും എനിക്ക് അസാധ്യമാണ് ഇങ്ങനെയൊക്കെയുള്ള ചിന്തകളില്‍ വ്യാപരിക്കുന്നുണ്ടെങ്കില്‍ ആത്മീയമായ നിഷ്‌ക്രിയതയും മരവിപ്പുമാണ് അത് പ്രകടമാക്കുന്നത്.
കാരുണ്യമില്ലായ്മ
സഹിക്കുന്നവരോടും വേദനിക്കുന്നവരോടുമുളള കാരുണ്യമില്ലായ്മ ആത്മീയ മരവിപ്പിന്റെ ഒരു പ്രധാന ലക്ഷണമാണ്. അതുപോലെ ഒരു ആത്മാവ് മരിച്ചുപോയാലും നഷ്ടമായാലും അതേക്കുറിച്ചുള്ള വ്യാകുലതകളില്ല. ഒരാളോട് കാരുണ്യം ഇല്ലാതെവരുന്നത് അയാള്‍ക്ക് ജീവിതത്തോടു തന്നെ പ്രത്യാശയില്ലാതെ വരുന്നു എന്നതിന്റെ സൂചനയാണ്.
വൈമുഖ്യം
വിശുദ്ധിയെക്കുറിച്ച് മനസ്സിലാക്കാനും സ്വന്തം തെറ്റുകളെക്കുറിച്ച് മനസ്സിലാക്കാനും വൈമുഖ്യം കാണിക്കുക. സത്യത്തോടുള്ള മുഖംതിരിക്കല്‍, സത്യം അന്വേഷിക്കാനുള്ള സന്നദ്ധതയില്ലായ്മ ഇവയെല്ലാം ആത്മീയമായി മരിച്ചതിന്റെ സൂചനകളാണ്.
പശ്ചാത്താപമില്ലായ്മ
ചെയ്തുപോയ പ്രവൃത്തികളിലൊന്നിനെക്കുറിച്ചുപോലും പശ്ചാത്താപം ഇല്ലാതിരിക്കുന്നത് ഗുരുതരമായ ആത്മീയ വീഴ്ചയാണ്. കുമ്പസാരിക്കാനുള്ള മടി,വിശുദ്ധ കുര്‍ബാനസ്വീകരണത്തോടുള്ള ഇഷ്ടമില്ലായ്മ ഇവയൊക്കെ ആത്മീയമായി നാം മരിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളാണ്.
ഇത്രയും വായിച്ച സ്ഥിതിക്ക് ഇനിയോരോരുത്തരും ആത്മശോധന നടത്തി നോക്കുക. ഞാന്‍ ആത്മീയമായി മരിച്ച അവസ്ഥയിലാണോ?