എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും പലതരത്തിലുള്ള വിശുദ്ധരൂപങ്ങളുണ്ട്. തിരുക്കുടുംബം, തിരുഹൃദയം, പരിശുദ്ധ അമ്മ. വിശുദ്ധര്‍ എന്നിങ്ങനെ പല വിശുദ്ധ രൂപങ്ങള്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇവ പ്രതിഷ്ഠിക്കുന്നതെന്നോ ഇവ വഴി എന്തൊക്കെ നന്മകളാണ് ഉണ്ടാകുന്നതെന്നോ പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.
കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഇതേക്കുറിച്ച പറയുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്:
വിശുദ്ധകല അതിന്റെ സവിശേഷവിളിക്ക് അനുസൃതമായ രൂപത്തിലുള്ളതായിരിക്കുമ്പോള്‍ സത്യപൂര്‍ണ്ണവും സുന്ദരവുമാണ്. ദൈവത്തിന്റെ സര്‍വാതിശായിയായ രഹസ്യത്തെ അതായത് അവിടുത്തെ മഹത്വത്തിന്റെ തേജസും സത്തയുടെ മുദ്രയുമായവനും ദൈവത്വത്തിന്റെ സമഗ്രപൂര്‍ണ്ണതയുടെ ശാരീരിക വാസസ്ഥാനമായിരിക്കുന്നവനും ആയ ക്രിസ്തുവില്‍ ദൃശ്യമായിത്തീര്‍ന്ന സത്യത്തിന്റെയും സ്‌നേഹത്തിന്റെയും സര്‍വ്വാതിശായിയായ അദൃശ്യസൗന്ദര്യത്തെ വിശ്വാസത്തിലും ആരാധനയിലും ആവിഷ്‌ക്കരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുകയാണ് വിശുദ്ധകലയുടെ സവിശേഷവിളി. ഈ ആധ്യാത്മികസൗന്ദര്യം ഏറ്റവും പരിശുദ്ധയായ കന്യകാമാതാവിലും മാലാഖമാരിലും വിശുദ്ധരിലും പ്രതിബിംബിക്കുന്നു. നിര്‍വ്യാജമായ കല മനുഷ്യനെ ആരാധനയിലേക്കുംപ്രാര്‍ത്ഥനയിലേക്കും സ്രഷ്ടാവും രക്ഷകനും പരിശുദ്ധനും പവിത്രീകരിക്കുന്നവനുമായ ദൈവത്തോടുളള സ്‌നേഹത്തിലേക്കും നയിക്കുന്നു.
കുടുംബത്തെ ഗാര്‍ഹികസഭയെന്നാണ് വിളിക്കുന്നതെന്ന കാര്യവും നാം ഓര്‍മ്മിക്കണം. ദു:ഖവും സങ്കടവും നിരാശയും നിറഞ്ഞ അവസ്ഥകളില്‍ മുറിക്കുള്ളിലെ വിശുദ്ധരൂപങ്ങള്‍ കാണുമ്പോള്‍ നമുക്കെത്രയോ ആശ്വാസമാണ് കിട്ടുന്നത്. മുറിയിലെ ജനാലകള്‍ പോലെയാണ് വീടുകളിലെ വിശുദ്ധരൂപങ്ങള്‍ എന്ന് മറ്റൊരുരീതിയില്‍ പറയാം.
കാറ്റും വെളിച്ചവും നല്കുന്നതുപോലെ വിശുദ്ധരൂപങ്ങള്‍ നമ്മുടെ മനസ്സില്‍ സന്തോഷവും പ്രത്യാശയും നല്കുന്നു.