തിരുവനന്തപുരം: അഭയകേസിലെ കോടതിവിധിയില്‍ വേദനയും പ്രയാസവുമുണ്ടെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം.
കുറ്റക്കാരെന്ന് കോടതി പറഞ്ഞവര്‍ തെറ്റു ചെയ്‌തോയെന്ന് ഇന്നും തനിക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. തെറ്റു ചെയ്യുന്നവര്‍ അതിന്റെ ശിക്ഷ അനുഭവിക്കണം. 28 കൊല്ലത്തിന് ശേഷം നീതിന്യായ വ്യവസ്ഥ പരിശോധിച്ച് പറയുന്ന വിധി തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല. സഭാപ്രവര്‍ത്തകരെന്ന നിലയില്‍ സഭാംഗങ്ങള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
കുടുംബത്തില്‍ ഒരു അപമാനമുണ്ടാകുമ്പോള്‍ തീര്ച്ചയായും അത് കുടുംബത്തെ മുഴുവന്‍ ബാധിക്കും. ശിക്ഷാര്‍ഹരായി വിധിക്കപ്പെട്ടയാളുകള്‍ യഥാര്‍ത്ഥത്തില്‍ തെറ്റുകാരല്ലെങ്കില്‍ നീതിവ്യവസ്ഥയെ സമീപിക്കാനുള്ള സാഹചര്യമുണ്ട്. എന്നിരുന്നാലും സഭയെ സംബന്ധിക്കുന്ന കാര്യങ്ങളായതുകൊണ്ട് ഇതിന്റെ അപമാനത്തില്‍ നിന്നും വേദനയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തങ്ങള്‍ക്ക് സാധിക്കുകയില്ല.
ശിക്ഷാര്‍ഹരായവര്‍ തെറ്റുകാരല്ലെന്നുണ്ടെങ്കില്‍ നീതിക്കായി മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.