അടിമക്കച്ചവടത്തിനെതിരെ പോരാടിയ പാക്കിസ്ഥാനിലെ ഒരു കത്തോലിക്കാ ബാലന്റെ ജീവിതകഥ

ഇഖ്ബാല്‍ മസീഹ് പാക്കിസ്ഥാനിലെ കത്തോലിക്കാവിശ്വാസികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. ധീരനായകനടുത്ത പരിവേഷത്തോടെയാണ് ആ പന്ത്രണ്ടുകാരനെ ഇന്ന് ലോകം മുഴുവനും കാണുന്നത്. പാക്കിസ്ഥാനിലെ അടിമക്കച്ചവടത്തിന്റെയും ബാലതൊഴിലിന്റെയും ഇരയായിരുന്നു അവന്‍.

ഒരു ദരിദ്ര കുടുംബത്തില്‍ 1983 ലായിരുന്നു ജനനം. നെയ്ത്തുശാല ഉടമയില്‍ നിന്ന് കടംവാങ്ങിയ ആറായിരം രൂപ തിരിച്ചടയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ വന്നപ്പോഴാണ് നാലു വയസുമുതല്‍ അവന് അടിമവേല ചെയ്യേണ്ടിവന്നത്. നിര്‍ബന്ധിത വേലയായിരുന്നു അവിടെ ആ കുരുന്ന് അനുഭവിച്ചത്. ദിവസം ആകെ 30 മിനിറ്റ് മാത്രമായിരുന്നു വിശ്രമവേള.

കളിച്ചുനടക്കുകയും പിന്നീട് പഠിച്ചുനടക്കുകയും ചെയ്യേണ്ട പ്രായത്തില്‍ അവനെ പോലെ അടിമജോലിക്ക് നിര്‍ബന്ധിതരായ മറ്റനേകം കുട്ടികളുമുണ്ടായിരുന്നു അവിടെ. കഴിക്കാന്‍ മതിയായ ഭക്ഷണം പോലുമുണ്ടായിരുന്നില്ല. ദിവസം കി്ട്ടിയിരുന്നതാവട്ടെ ഒരു രൂപയും. ജീവിതകാലം മുഴുവന്‍ പണിയെടുത്താലും കടം തിരിച്ചടയ്ക്കാന്‍ പറ്റാത്ത സാഹചര്യം. ഇതിന് പുറമെ തൊഴിലുടമയുടെ ക്രൂരപീഡനവും.

നാലു വയസില്‍ തുടങ്ങിയ ആ പീഡനപര്‍വ്വം അവസാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ പത്താം വയസില്‍ ഒളിച്ചോടി. പക്ഷേ അവന്‍ പിടികൂടപ്പെട്ടു. ചെയ്ത തെറ്റിന് ശിക്ഷ കി്ട്ടിയെങ്കിലും അതുകൊണ്ട് മനസ്സ് മടുക്കാതെ അവന്‍ വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത്തവണ ശ്രമം വിജയിച്ചു. എങ്ങനെയോ അവന്‍ ചെന്നുപെട്ടത് അടിമവേലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലായിരുന്നു. അത് അവന്റെ തലവര മാറ്റി. അവന്‍ പഠിക്കാനും പ്രവര്‍ത്തിക്കാനും ആരംഭിച്ചു. അവന്റെ പ്രവര്‍ത്തന ഫലമായി അനേകം കുട്ടികള്‍ അടിമക്കച്ചവടത്തില്‍ നിന്ന് മോചിതരായി. പക്ഷേ അവന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. പന്ത്രണ്ടാം വയസില്‍ അവന്‍ കൊല്ലപ്പെട്ടു1995 ല്. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് നെയ്ത്തുശാല ഉടമകള്‍ നല്കിയ സമ്മാനം.

പക്ഷേ ഇന്നും ഇഖ്ബാല്‍ അനേകരുടെ ഓര്‍മ്മകളില്‍ ജീവിക്കുന്നു. ഒട്ടേറെ മനുഷ്യാവകാശ പുരസ്‌കാരങ്ങള്‍ നേടിയ ഇഖ്ബാലിനെ പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് ധീരതയ്ക്കുളള മരണാനന്തര പുരസ്‌ക്കാരം നല്കി ആദരിക്കുകയുമുണ്ടായി. ഇഖ്ബാലിന് വേണ്ടി സഹോദരനാണ് അതേറ്റുവാങ്ങിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.