മാതാവിന്റെ വിമലഹൃദയത്തോടുള്ള വണക്കം ക്രൈസ്തവ പാരമ്പര്യത്തിന്റെ ഭാഗമാണ്. പതിനേഴാം നൂറ്റാണ്ടുമുതല്ക്കാണ് ഈ ഭക്തി ലോകമെങ്ങും പ്രചരിച്ചുതുടങ്ങിയത്.മറിയത്തിന്റെ വിമലഹൃദയത്തില്‍ ചിത്രീകരിച്ചിരിക്കുന്ന വാള് വിശുദ്ധലൂക്കായുടെ സുവിശേഷഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു.
നിന്റെ ഹൃദയത്തിലൂടെ ഒരു വാള്കടന്നുപോകും എന്നതാണ് ആ ഭാഗം. മാതാവിന്റെ ഹൃദയം ശരീരത്തിന് വെളിയില്‍ എല്ലാവര്ക്കും കാണത്തക്കവിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ മനുഷ്യരോടുമുള്ള മാതാവിന്റെ അവസാനിക്കാത്ത സ്നേഹത്തിന്റെ പ്രകടനമാണ് അത്.
ഉള്ളില്‍ അടക്കിനിര്ത്താനാവാത്തതാണ് മാതാവിന്റെ സ്നേഹം. ചില ചിത്രകാരന്മാര് മാതാവ് ഹൃദയം കൈകളില്‍ താങ്ങിപ്പിടിച്ചിരിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. തന്റെ ഹൃദയം മറ്റുള്ളവര്‍ക്ക് നല്കാന് സന്നദ്ധയായ മാതാവിനെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
മാതാവിന്റെ ഹൃദയത്തിലെ അഗ്നി ദൈവത്തോടും മനുഷ്യവംശത്തോടുമുള്ള മാതാവിന്റെ സ്നേഹം വ്യക്തമാക്കുന്നു. ഹൃദയത്തിന് ചുറ്റുമുളള വെള്ള റോസാപ്പൂക്കള്‍ മാതാവിന്റെ പരിശുദ്ധിയുടെ അടയാളമാണ്. ഹൃദയത്തില്‍ ചിലപ്പോള്‍ ചില എഴുത്തുകളും കണ്ടുവരാറുണ്ട്.
ലൂക്കാ സുവിശേഷത്തിലെ തന്നെ നിന്റെ ഹൃദയത്തിലൂടെ ഒരു വാള് കടന്നുപോകും എന്നഭാഗമാണ് അത്. മാതാവിന്റെ ജീവിതകാലം മുഴുവന്‍ വേദനയുടെയും സഹനങ്ങളുടെയുമായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഹൃദയത്തിന് ചുറ്റുമുള്ള പ്രകാശരശ്മികള്‍ സൂര്യനെ ഉടയാടയാക്കിയ സ്ത്രീ എന്ന വെളിപാടു പുസ്തകത്തിലെ പ്രവചനത്തിന്റെ അടയാളമാണ്.