സിദ്ധാർത്ഥ: ഒരു കാപ്പികുടിയിൽ തീരാതെ പോയ പ്രശ്നങ്ങൾ!


പത്തു മിനിറ്റിൽ തീരാവുന്ന ഒരു കപ്പ് കാപ്പിക്കൊപ്പം ഇന്റർനെറ്റ് ലോകത്തിൻ്റെ സാധ്യതയിലൂടെ ഒരു ദിവസത്തിൻ്റെ സമയവും പുതിയ കാപ്പി-ആസ്വാദനരീതിയും ആവിഷ്കരിച്ച ബിസിനസ് ബുദ്ധിശാലി വി. ജി. സിദ്ധാർത്ഥയുടെ മരണം ബിസിനസ് ലോകത്തെയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുന്നു. “കഫെ കോഫീ ഡേ” (CCD) എന്ന നൂതന ആശയത്തിന് നിരവധി ലോകരാജ്യങ്ങളിലുൾപ്പെടെ വൻ സ്വീകാര്യതയാണ് വളരെപ്പെട്ടന്ന് ലഭിച്ചത്. കോടികളുടെ വിറ്റുവരവും ഇന്ത്യയിൽ വൻ നഗരങ്ങളിലും നിരവധി വിദേശരാജ്യങ്ങളിലുമായി 1500 ൽ അധികം CCD കളും മുപ്പത്തിനായിരത്തിലേറെപ്പേർക്ക് ജോലിയും ഓരോ ദിവസത്തിലും 5 ലക്ഷത്തിലേറെ ഉപഭോക്താക്കളുമായി ഒരു പുതിയ ബിസിനസ് സംസ്കാരം വളർത്തിയെടുത്ത സിദ്ധാർത്ഥയെ പ്രതിഭാശാലിയെന്നും മികച്ച ബിസിനസ് മാൻ എന്നും ലോകം വാഴ്ത്തിയപ്പോൾ, ‘പരാജയപ്പെട്ട സംരംഭകൻ’ എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഈ വ്യവസായപ്രമുഖൻ മരണത്തിൻറെ തണുപ്പിലേക്ക് സ്വയം ഊളിയിട്ടിറങ്ങിയത്. 

വ്യത്യസ്തമായ രീതിയിൽ ഒരു കാപ്പി ആസ്വദിക്കാൻ ലോകത്തെ പഠിപ്പിച്ച സിദ്ധാർത്ഥയുടെ ജീവിതം, ഒരു കപ്പ് കാപ്പി കുടിക്കുന്നതുപോലെ സരളമായി  ആസ്വദിക്കേണ്ടതിനു പകരം, എന്തുകൊണ്ടാണ് കാപ്പി തരുന്ന രുചി ആസ്വദിക്കുന്നതിനുമപ്പുറത്ത്, കാപ്പിയുടെ കറുത്ത നിറത്തിന്റെ ഇരുളിമയിലേക്കും വന്യതയിലേക്കും കയ്പ്പിലേക്കും വഴിമാറിയത്? സ്വതവേ സൗമ്യനും ശാന്തസ്വഭാവക്കാരനും നൂതന ആശയങ്ങളുടെ പ്രയോക്താവുമായി അറിയപ്പെട്ടിരുന്ന സിദ്ധാർത്ഥ അകാലത്തിൽ മരണപ്പെട്ടത് എന്താണ് ലോകത്തോട് പറയുന്നത്? ഒരു വശത്തു ബിസിനസ്, ലാഭങ്ങൾ തന്നിരുന്നപ്പോഴും മറുവശത്ത് കടങ്ങളും പെരുകുന്നുണ്ടായിരുന്നു എന്ന് എപ്പോൾ പറയപ്പെടുന്നു. എവിടെയാണ് ഈ കാപ്പിരാജാവിന് കണക്കുകൂട്ടലുകൾ പിഴച്ചത്? നമുക്കും മുന്നറിയിപ്പാകാനും  പാഠമാകാനും  ഓർമ്മപ്പെടുത്തലാകാനും ചിലത് ഇതിലുണ്ട്…

പ്രൊഫഷണൽ ലൈഫിന്റെ വിജയം ജീവിതത്തിന്റെയും വിജയമാകും എന്ന് സിദ്ധാർത്ഥ തെറ്റിദ്ധരിച്ചിരുന്നെന്നു തോന്നുന്നു. ബിസിനസും ലാഭവും പുതിയ മേച്ചിൽപുറങ്ങളും മാത്രം തേടിപ്പോകുന്നതിനിടയ്ക്ക് ഇവ വരുത്തിവയ്ക്കാനിടയുള്ള കടങ്ങളുടെയും മറ്റു ചതിക്കുഴികളുടെയും മറുവശം, ലാഭം മാത്രം തേടിയുള്ള നെട്ടോട്ടത്തിനിടയിൽ കാണാതെ പോയിരിക്കാം, ജീവിതം തന്നെ തകർക്കുമെന്ന് ഓർത്തില്ലായിരിക്കാം. വലിയ ഇടപാടുകൾക്കായി വൻ സംഖ്യകൾ കടമെടുക്കുമ്പോൾ അത് പിന്നീട് തിരിച്ചടിയായി മാറാമെന്ന ഗൗരവമായ ചിന്ത ഇല്ലാതെ പോയിരിക്കാം. കൃത്യമായ കണക്കു കൂട്ടലുകളും തലയിലെടുത്തുവയ്ക്കുന്ന കടഭാരങ്ങളെ വീട്ടാനുള്ള ശേഷിയുണ്ടന്ന ബോധ്യവുമില്ലാതെ ലാഭത്തിന്റെ ഒരു വശം മാത്രം കണ്ടതാകാം അദ്ദേഹത്തിന് വിനയായത്. അതിനു വില കൊടുക്കേണ്ടി വന്നതോ സ്വന്തം ജീവിതം കൊണ്ടും. ഈശോ ഇത് മുൻകൂട്ടി പറഞ്ഞു: “ഗോപുരം പണിയാൻ ഇച്ഛിക്കുമ്പോൾ അത് പൂർത്തിയാക്കാൻ വേണ്ട വക തനിക്കുണ്ടോ എന്ന് അതിൻ്റെ ചെലവ് ആദ്യമേ തന്നെ കണക്കുകൂട്ടി നോക്കാത്തവൻ നിങ്ങളിൽ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അടിത്തറ കെട്ടിക്കഴിഞ്ഞു പണി മുഴുവനാക്കാൻ കഴിയാതെ വരുമ്പോൾ കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കും: അവർ പറയും: ഈ മനുഷ്യൻ പണി ആരംഭിച്ചു, പക്ഷേ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല” (ലൂക്കാ 14: 28 – 30). വലിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് വലിയ കണക്കുകൂട്ടലുകളും ആവശ്യമാണ്.

തന്റെ പുതിയ സംരംഭത്തിന് ലോകം നൽകിയ അംഗീകാരവും അതിലൂടെ ലഭിച്ച പണവും തന്റെ ജീവിതത്തിനു സംതൃപ്തിയും പൂർണ്ണതയും നല്കുമെന്നദ്ദേഹം കരുതിയിരിക്കാം. പക്ഷേ, ദൈവമെന്ന ഏകകാര്യത്തിനേ യഥാർത്ഥ സന്തോഷം ഒരാൾക്ക് നല്കാനാകു എന്നും,  ഈ ലോകത്തിൻറെ ദേവന്മാരായ പണത്തിനോ പ്രശസ്തിക്കോ അതിനാവില്ലന്നും ഒരിക്കൽക്കൂടി തെളിയിച്ചാണ് സിദ്ധാർത്ഥയുടെ മടക്കം. ദൈവത്തെ ഉൾപ്പെടുത്താതെ കെട്ടിപ്പൊക്കുന്നതിനൊക്കെ ബാബേൽ ഗോപുരത്തിന്റെ (ഉൽപ്പത്തി 11: 1 – 9) അവസ്ഥയായിരിക്കും. ദൈവത്തിനു പങ്കാളിത്തമില്ലാത്ത തീരുമാനങ്ങളും, ആലോചനകളും പദ്ധതികളും  അതെത്രവലുതാണെങ്കിലും ഒരുനാൾ തകർന്നടിയും. ഈ ലോകത്തിന്റെ ഒരു സമ്പത്തിനും ആർക്കും നിത്യമായ സുഖം തരാനാകില്ല. അതിനാൽ ഈശോ പറഞ്ഞു: “മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത് (ലൂക്കാ 12: 15). മനുഷ്യജീവിതം സമ്പത്തുകൊണ്ടു ധന്യമാകില്ല എന്ന് പറഞ്ഞിരിക്കുന്നതിനെ, ദൈവത്തെക്കൊണ്ടു ധന്യമാക്കാനാകും എന്നുകൂടി വായിക്കാനാകുന്നതാണ് സുവിശേഷം. വി. അഗസ്റിന്റെ പ്രാർത്ഥന പ്രസിദ്ധമാണ്: “ദൈവമേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, നിന്നിലെത്തിച്ചേരുന്നതുവരെ ഞങ്ങളുടെ ആത്‌മാക്കൾക്കു ശാന്തിയുണ്ടാവില്ല.”

തനിക്കു അഭിമുഖീകരിക്കാനും ജയിക്കാനും കഴിയാതെപോയ പല തരത്തിലുള്ള സമ്മർദ്ദങ്ങളുടെയും നീണ്ട ലിസ്റ്റ് എഴുതിവച്ചിട്ടാണ്, പരാജയം സമ്മതിച്ച്, ക്ഷമ യാചിച്ചുകൊണ്ട് സിദ്ധാർത്ഥ ഈ ലോകത്തിൽ നിന്ന് പോയത്. മറ്റു പലതിലും മികച്ചു നിൽക്കുമ്പോഴും ജീവിത സമ്മർദ്ദങ്ങളിലാണ് ഇന്ന് പലരും തളർന്നു വീഴുന്നത്. വീട്ടിലും ജോലി സ്ഥലത്തും ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും സമ്മർദ്ദങ്ങളെ അകറ്റുകയാണ് ജീവിത വിജയത്തിന് അടിത്തറ പാകുന്ന കാര്യങ്ങളിലൊന്ന്. ചെറിയ കാര്യങ്ങളെപ്പോലും പർവ്വതീകരിച്ചു വലിയപ്രശ്നങ്ങളായി കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്ന അനാരോഗ്യകരമായ ഒരു ശൈലി ഇന്ന് നമ്മുടെ വീടുകളിലും സമൂഹത്തിലും വളർന്നുവരുന്നുണ്ട്. വലിയ പ്രശ്നങ്ങളിൽ പോലും സമ്മർദ്ദങ്ങൾക്കടിപ്പെടാതെ ശാന്തമായ മനസ്സോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പറ്റുന്നവർക്കാണ് ജീവിതവിജയം സാധ്യമാകുന്നത്. 

സ്വന്തം കഴിവിലും ശക്തിയിലും ആശ്രയിക്കുന്നവരേക്കാൾ ദൈവത്തിലും ദൈവം തരുന്ന സംരക്ഷണത്തിലും ആശ്രയിക്കുന്നവർ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും അവയെ മറികടക്കുന്നതിലും കൂടുതൽ മികവ് തെളിയിക്കുന്നെന്ന് ആധുനിക പഠനങ്ങൾ സൂചിപ്പിക്കുന്നു. ബാക്കിയെല്ലാവർക്കും പുറത്തുനിന്നുമാത്രം സഹായിക്കാനും പ്രോത്സാഹാഹിപ്പിക്കാനും പറ്റുമ്പോൾ, ദൈവത്തിനു മാത്രം ഉള്ളിൽ നിന്നും ശക്തി പകരാനും ബലപ്പെടുത്താനും പറ്റും. ജീവിതസമ്മർദ്ദങ്ങൾക്കടിപ്പെടുമ്പോൾ, ഭയപ്പെടേണ്ട, ഞാൻ നിന്റെ കൂടെയുണ്ട് (ഏശയ്യാ 41: 10) എന്ന ദൈവസ്വരം സമാധാനം നിറഞ്ഞ മനസ്സോടെ മുൻപോട്ടു പോകാൻ ശക്തിപ്പെടുത്തട്ടെ. ദൈവത്തിന്റെ കരം പിടിച്ചു നടന്നാൽ ഏതു പ്രശ്നത്തിനും പരിഹാരമുണ്ട് എന്ന ബോധ്യം മനസ്സിൽ നിറയട്ടെ. 

മരണം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നോ ഈ കടങ്ങളിൽനിന്നൊക്കെ ഒളിച്ചോടാൻ സഹായിക്കുമെന്നോ ഒക്കെ സിദ്ധാർത്ഥ തെറ്റിദ്ധരിച്ചിരുന്നെന്നു തോന്നുന്നു. ദൈവം കൂടെയുള്ള ജീവിതങ്ങൾക്കേ ശുഭപ്രതീക്ഷയോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കു എന്നും യഥാർത്ഥ സമാധാനവും സന്തോഷവും അനുഭവിക്കാൻ കഴിയൂ എന്നും പ്രൊഫഷണൽ ലൈഫിന്റെ നേട്ടങ്ങളല്ല ജീവിതവിജയത്തിന്റെ അവസാനവാക്കെന്നും പണത്തിന്റെ സംഖ്യകൾക്കപ്പുറത്തും ജീവിതത്തിനു വിലനൽകുന്ന കാര്യങ്ങൾ മറ്റു പലതുമുണ്ടന്നും… ഇങ്ങനെ ഏറെ നമ്മോടു പറയുന്നു സിദ്ധാർത്ഥയുടെ ജീവിതപാഠം. 

വലിയ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനായില്ലങ്കിലും സ്വന്തം ജീവിതത്തിലെ ‘കൊച്ചു കാര്യങ്ങളുടെ തമ്പുരാക്കന്മാരാകാൻ’ (God of small things) ദൈവത്തിന്‍റെ കരം പിടിച്ചു സമാധാനത്തോടെ നടക്കാം, ശാന്തമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കാം. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല ആഴ്ച ആശംസിക്കുന്നു. 
ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.