നോർത്ത് അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ആത്മീയവസന്തം സമ്മാനിച്ച ‘ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനൽ ഇനി ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലും. പരിശുദ്ധ ദൈവമാതാവിന്റെ മംഗളവാർത്താ തിരുനാളായ മാർച്ച് 25 ഇന്ത്യൻ സമയം വൈകിട്ട് 6.30ന് (അമേരിക്കൻ സമയം 9.00 AM ET), യൂറോപ്പ്യൻ സമയം 1.00 PM GMT), ഓസ്‌ട്രേലിയൻ സമയം 26ന് 12.00 AM AEDT) ‘ശാലോം വേൾഡി’ന്റെ അഞ്ചാമത്തെ ചാനൽ ‘ശാലോം വേൾഡ് ഏഷ്യ- ആഫ്രിക്ക’ പ്രേക്ഷകർക്കു മുന്നിൽ മിഴി തുറക്കും. സുപ്രധാനമായ ഈ ചുവടുവെപ്പോടെ ‘ശാലോം വേൾഡി’ന് അഞ്ച് ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമാകും.
തീർത്തും ലളിതമായായാണ് പുതിയ ചാനലിന്റെ ലോഞ്ചിംഗ് ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിൽനിന്ന് ആരംഭിച്ച ‘ശാലോം വേൾഡ്’ ചാനൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതിന്റെ ചിത്രീകരണത്തോടെയാകും ചാനലിന്റെ ആരംഭം. തുടർന്ന് ഏഷ്യയിലെയും ആഫ്രിക്കയിലെയും സഭയെ പ്രതിനിധീകരിച്ച് ആറ് സഭാധ്യക്ഷന്മാർ ആശംസകൾ നേരാനെത്തും. ചാനലിലെ പ്രധാന പ്രോഗ്രാമുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ‘ശാലോം വേൾഡ് ഏഷ്യ- ആഫ്രിക്ക’യ്ക്കായി തയാറാക്കിയ തീം സോംഗും പ്രകാശനം ചെയ്യും.
ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് സുവിശേഷത്തിന്റെ സദ്വാർത്ത പകരുന്ന ശാലോമിന്റെ ദൃശ്യമാധ്യമശുശ്രൂഷ 2014 ഏപ്രിൽ 27നാണ് ഇംഗ്ലീഷ് ജനതയ്ക്കു മുന്നിൽ സമാരംഭിച്ചത്. നോർത്ത് അമേരിക്കയ്ക്കുശേഷം ഘട്ടം ഘട്ടമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ചാനൽ വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ നാലാം ഘട്ടമാണ് ഇപ്പോൾ സാധ്യമാകുന്നത്. നിലവിൽ, ‘ശാലോം വേൾഡി’ന് അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും വെവ്വേറെ ചാനലുകളുണ്ട്. കൂടാതെ, ദിവ്യബലി ഉൾപ്പെടെയുള്ള തിരുക്കർമങ്ങൾ 24 മണിക്കൂറും തത്‌സമയം ലഭ്യമാക്കുന്ന SW PRAYER ചാനലിന് കഴിഞ്ഞ വർഷം തുടക്കം കുറിച്ചിട്ടുമുണ്ട്.
നോർത്ത് അമേരിക്കൻ, യൂറോപ്പ്, ഓസ്‌ട്രേലിയ ചാനലുകളിലേതുപോലെ ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽനിന്നുള്ള പ്രോഗ്രാമുകൾകൂടി ഉൾപ്പെടുത്തി ഐ.എസ്.ടി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) സമയക്രമത്തിലാകും ഏഷ്യ- ആഫ്രിക്ക ചാനലിന്റെയും സംപ്രേക്ഷണം. ആത്മീയവളർച്ചയ്ക്ക് സഹായകമായ വിശ്വാസപ്രബോധനങ്ങൾ, ഡോക്യുമെന്ററികൾ, ടോക് ഷോ, മ്യൂസിക് വീഡിയോസ്, കൺസേർട്സ്, സന്മാർഗമൂല്യങ്ങൾ പകരുന്ന സിനിമകൾ, കുട്ടികൾക്കുവേണ്ടിയുള്ള ആനിമേഷൻസ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പ്രോഗ്രാമുകളാകും ‘ശാലോം വേൾഡി’ന്റെ സവിശേഷത.
പാനമ ആതിഥേയത്വം വഹിച്ച ‘ലോക യുവജനസംഗമം 2019’, ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം യു.കെയിലെ തെരുവുകളിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ‘അഡോറിമസ് 2018’, അയർലൻഡ് ആതിഥേയത്വം വഹിച്ച ‘ലോക കുടുംബസംഗമം 2018’, ഫിലിപ്പൈൻസ് സഭയുടെ 500-ാം പിറന്നാൾ (500 YOC) എന്നിവ ഉൾപ്പെടെ നിരവധി സംരംഭങ്ങളുടെ മീഡിയാ പാർട്ണറാകാനും ‘ശാലോം വേൾഡി’ന്അവസരം ലഭിച്ചു. നോർത്ത് അമേരിക്കയിലെ ഏറ്റവും മികച്ച കത്തോലിക്കാ ചാനലിനുള്ള ‘ഗബ്രിയേൽ അവാർഡും’ 2020ൽ ‘ശാലോം വേൾഡി’നെ തേടിയെത്തി.
ടെക്‌സസിലെ മക്അലനിലാണ് ശാലോം മീഡിയ യു.എസ്.എയുടെ ആസ്ഥാനം. പ്രോഗ്രാമുകൾ തയാറാക്കാൻ അമേരിക്കയ്ക്കും കാനഡയ്ക്കും പുറമെ യു.കെ, അയർലൻഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും പ്രൊഡക്ഷൻ സെന്ററുകളുണ്ട്. ഫീച്ചേർഡ് പ്രോഗ്രാമുകൾക്കൊപ്പം തിങ്കൾമുതൽ വെള്ളിവരെ രാത്രി 9.00ന് ‘SW NEWS’ (ശാലോം വേൾഡ് ന്യൂസ്) ബുള്ളറ്റിനുകളും സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, അഞ്ചു മുതൽ 13വയസുവരെയുള്ള കുട്ടികൾക്കായി എല്ലാ ദിവസവും വൈകിട്ട് 4.00 മുതൽ 6.00വരെ ‘SW PALS’ എന്ന പേരിൽ പ്രോഗ്രാം സെഗ്‌മെന്റും ഒരുക്കിയിട്ടുണ്ട്.
പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: shalomworld.org വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon